കൊച്ചി: മറ്റൊരു നിർണായക നേട്ടത്തിന്റെ നെറുകയിൽ ഇന്ത്യൻ നാവികസേന. രാജ്യം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരമായി. റഷ്യൻ നിർമ്മിത മിഗ് 29 കെ വിമാനമാണു വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലാണിതെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും നാവികസേനയും ട്വീറ്റിലൂടെ അറിയിച്ചു.

വിമാന വാഹിനികളുടെ റൺവേയിൽ രാത്രി യുദ്ധവിമാനങ്ങൾ ഇറക്കുന്നത് അതീവ ദുഷ്‌കരമാണ്. കപ്പലിലെ നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവുമാണു രാത്രി ലാൻഡിങ് വിജയമാക്കിയതെന്നു നാവികസേന അറിയിച്ചു.

ഫെബ്രുവരിയിലാണു വിക്രാന്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. മിഗ് 29 വിമാനത്തിനു പുറമെ, തദ്ദേശ നിർമ്മിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റും (എൽസിഎനാവികസേനാ പതിപ്പ്) അന്നു റൺവേയിൽ ഇറക്കിയിരുന്നു. ഇവ പറന്നുയർന്നുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. ഗോവയ്ക്കും കർണാടകത്തിലെ കാർവാറിനും ഇടയിൽ അറബിക്കടലിൽ ഊർജിത പരീക്ഷണങ്ങളുമായി തുടരുകയാണ് ഐഎൻഎസ് വിക്രാന്ത്.

കാർവാർ നാവികത്താവളത്തിൽ സീ ബേഡ് പദ്ധതിയുടെ ഭാഗമായി വിമാന വാഹിനികൾക്കായി പ്രത്യേകം നിർമ്മിച്ച കൂറ്റൻ ബെർത്തിലും ഒരാഴ്ച മുൻപു വിക്രാന്ത് ആദ്യമായി നങ്കൂരമിട്ടിരുന്നു. ഇതിനുശേഷമാണു കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായി ആഴക്കടലിലേക്കു പോയത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെയ്ക്ക് 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും.

നേരത്തെ ഐഎൻഎസ് വിക്രാന്തിൽ നിന്ന് മിഗ് 29 കെ വിമാനം ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ചേതക്, സീ കിങ് ഹെലികോപ്ടർ പോലുള്ളവ ഉപയോഗിച്ചായിരുന്നു വിക്രാന്തിന്റെ കടലിലുള്ള വൈമാനിക പരിശോധനകൾ നടത്തിയത്.

76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് കപ്പലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടി നീളമാണ് ഐഎൻഎസ് വിക്രാന്തിനുള്ളത്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്ത്രിന് 3500 കോടി രൂപയാണ് നിർമ്മാണചെലവ്.

ത്രീഡി വിർച്വൽ റിയാലിറ്റി, ആധുനിക സോഫ്‌റ്റ്‌വെയറുകൾ എന്നിവയും ഉപയോഗിച്ചു. 2021 ആഗസ്തിൽ ആദ്യ കടൽപരീക്ഷണം നടത്തി. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുള്ള വിക്രാന്തിന്റെ മുകൾ ഡെക്കിൽ 10 യുദ്ധവിമാനങ്ങളും കീഴ് ഡെക്കിൽ 20 വിമാനങ്ങളും വിന്യസിക്കാം. 88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടർബൈൻ എൻജിനുകളുണ്ട്. 28 മൈൽ വേഗവും 18 മൈൽ ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയിൽ 7500 നോട്ടിക്കൽ മൈൽ ദൂരംവരെ സഞ്ചരിക്കാം.

2300 കിലോമീറ്റർ നീളത്തിൽ കേബിളുകളും 120 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും ഉപയോഗിച്ചു. 2300 കംപാർട്ട്‌മെന്റുകളുള്ള കപ്പലിൽ 1700 പേർക്ക് താമസിക്കാം. 40,000 ടണ്ണാണ് ഭാരം. 21,500 ടൺ സ്റ്റീൽ ഉപയോഗിച്ചു. 12 വർഷത്തോളം നീണ്ട നിർമ്മാണത്തിനിടെ രാഷ്ട്രപതി, പ്രതിരോധമന്ത്രി, നാവികസേനാ മേധാവി, കേന്ദ്ര ഷിപ്പിങ് മന്ത്രി തുടങ്ങി നിരവധി വിവിഐപികൾ വിക്രാന്ത് കാണാനായി എത്തിയിരുന്നു.