കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യക്ക് കാരണം റാഗിങ് അല്ലെന്ന് പോലീസ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് അച്ഛന്റെ പരാതിയിലെ ആരോപണങ്ങളിലേക്ക്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് നേരത്തെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാവ് റാഗിങ് ആരോപണം ഉന്നയിച്ചുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടത്. അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂളില്‍ നിന്നെത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പിതാവ് മലപ്പുറം തിരൂര്‍ താനാളൂര്‍ മാടമ്പാട്ട് ഷഫീഖ് ആവശ്യപ്പെട്ടിരുന്നു. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അത് എന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു എന്ന് അറിയണമെന്നും ഷഫീഖ് പറയുന്നു. ഷഫീഖ് പരാതി നല്‍കിയ ശേഷമാണ് മിഹിറിന്റെ മരണത്തില്‍ സ്‌കൂളിനെതിരേയും സഹപാഠികള്‍ക്കെതിരേയും പരാതിയുമായി അമ്മ രംഗത്ത് വരുന്നതെന്ന വിലയിരുത്തലും സജീവമാണ്. മിഹിറിന്റെ അച്ഛന്‍ ഉയര്‍ത്തുന്ന സംശയങ്ങളോട് അമ്മ പ്രതികരിച്ചിട്ടുമില്ല. മിഹിറുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പിതാവ് പുറത്തുവിട്ടിരുന്നു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് മിഹിര്‍ ചാറ്റില്‍ പറയുന്നുണ്ട്.

മകന്‍ വിഷാദിത്തിലായിട്ടും കൗണ്‍സിലിങ് നല്‍കിയില്ലെന്നും ജെംസ് സ്‌കൂളില്‍ നിന്ന് മിഹിറിനെ മാറ്റിയത് അവന്റെ താത്പര്യമില്ലാതെയാണെന്നും അക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു. മിഹിറിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഷഫീഖ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മിഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതില്‍ വൈരുദ്ധ്യമുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ഇതോടെ കേസ് പുതിയ തലത്തിലേക്ക് എത്തിയിരുന്നു. ഞെട്ടിക്കുന്ന സൂചനകളാണ് മിഹിറിന്റെ അച്ഛന്‍ പുറത്തു വിട്ട ചാറ്റുകളിലുണ്ടായിരുന്നത്. ഇത് വിവാദത്തിനെ പുതിയ തലത്തിലേക്ക് എത്തിച്ചു. മിഹിറിന്റെ ആത്മഹത്യയില്‍ വന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്നാണ് പുറത്തേക്ക് വരുന്ന സൂചന. ആദ്യം മിഹിറിന്റെ ആത്മഹത്യയില്‍ പരാതി നല്‍കിയത് അച്ഛനാണ്. എന്തുകൊണ്ട് അച്ഛന്റെ പരാതിയില്‍ അന്വേഷണം നടന്നില്ലെന്നതും ചോദ്യമായി ഉയര്‍ന്നു. ഈ കേസില്‍ ഇപ്പോഴും നടപടികളൊന്നും ആകുന്നില്ല. ഇതിനിടെയാണ് റാഗിംഗിനെ കുറിച്ച് അന്വേഷിച്ച പുത്തന്‍കുരിശ് പോലീസിന്റെ റിപ്പോര്‍ട്ടും.

ഇവിടെ ആരും എന്നെ മനസ്സിലാക്കുന്നില്ല. എനിക്ക് ഖത്തറിലേക്ക് വരണമെന്ന് പറഞ്ഞ് മിഹിര്‍ അച്ഛന് മെയില്‍ അയച്ചിരുന്നു. അച്ഛന്‍ മാത്രമാണ് എന്നെ മനസ്സിലാക്കുന്നതെന്നും ദയവായി എന്നെ കൊണ്ടു പോകൂവെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇമെയില്‍ അച്ഛന് മിഹിര്‍ അയച്ചിരുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും ഞാനുണ്ട് കൂടെയെന്ന് അച്ഛനും മറുപടി നല്‍കി. എപ്പോള്‍ വേണമെങ്കിലും നിന്നെ ഖത്തറിലേക്ക് കൊണ്ടു വരാമെന്നും പാസ്പോര്‍ട്ട് ശരിയാകട്ടേ എന്നും പറഞ്ഞു. ഈ മെയില്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. അമ്മയെ കുറിച്ചും ചാറ്റുകളില്‍ പരാമര്‍ശമുണ്ട്. 2024 ഫെബ്രുവരി 28 മുതലാണ് ഈ ചാറ്റുകളെന്നും പുറത്തു വന്ന സന്ദേശത്തില്‍ വ്യക്തമാണ്. 2021ലാണ് മിഹിര്‍ അച്ഛന് ഇമെയില്‍ അയച്ചതെന്നും പുറത്തു വന്ന സ്‌ക്രീന്‍ ഷോട്ടില്‍ വ്യക്തമാണ്. ഇതിന് ശേഷം ഏറെ കാലം കഴിഞ്ഞാണ് മിഹിറിന്റെ ആത്മഹത്യ. അതുകൊണ്ട് തന്നെ ഈ ചാറ്റുകളില്‍ നിറയുന്നതിന് അപ്പുറത്തേക്കുള്ള പ്രശ്നങ്ങളും മരണത്തിന് കാരണമായേക്കാം. നിലവില്‍ കുട്ടിയ്ക്ക് പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ലെന്ന് അച്ഛന്‍ പറയുന്നുവെന്നതും ശ്രദ്ധേയമാണ്.

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മകന്‍ തന്നോട് സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി മകന്‍ പറഞ്ഞിട്ടില്ലെന്നും പിതാവ് പറയുന്നു. സന്തോഷവാനായി വീട്ടിലെത്തിയ മകന്‍ ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന് കണ്ടെത്തണമെന്നും തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിന് നല്‍കിയ പരാതിയില്‍ പിതാവ് ഷഫീഖ് മാടമ്പാട്ട് പറയുന്നു. തൃപ്പൂണിത്തുറ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പോലീസും അന്വേഷണം നടത്തി. ജനുവരി 15-നായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 26-ാം നിലയില്‍നിന്ന് ചാടി മരിച്ചത്. റാഗ് ചെയ്തതിന് തെളിവുകളില്ലെന്നും ആത്മഹത്യയുടെ കാരണം റാഗിങ് അല്ലെന്നും കുടുംബ പ്രശ്നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുത്തന്‍കുരിശ് പോലീസ് ആലുവ റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ സ്‌കൂളിലേക്കും പ്രിന്‍സിപ്പലിനെതിരേയും വലിയ പ്രതിഷേധങ്ങളുണ്ടായി. മരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിക്കുകയും റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മരണകാരണം റാഗിങ് അല്ലെന്ന് വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും റാഗിങ് ആരോപണത്തിന് തെളിവുകളില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.