ദോഹ: ദോഹ വിമാനത്താവളത്തിൽ ഇന്ത്യൻ കറൻസി ഉപയോഗിച്ച് ഷോപ്പിങ് നടത്താൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയർപ്പിച്ച് പ്രശസ്ത ഗായകൻ മിക സിങ്. വിമാനത്താവളത്തിൽ ഇന്ത്യൻ രൂപ വിനിമയം ചെയ്യാൻ സാഹചര്യം സൃഷ്ടിച്ചതിന് മോദിക്ക് സല്യൂട്ട് എന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേഹം പറഞ്ഞു.

''ദോഹ വിമാനത്താവളത്തിലെ സ്റ്റോറിൽ ഷോപ്പിങ്ങിനായി ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ സാധിച്ചു. ഇവിടെ എല്ലാ റസ്റ്ററന്റിലും നിങ്ങൾക്ക് ഇന്ത്യൻ രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളർ പോലെ നമ്മുടെ പണവും ഉപയോഗിക്കാൻ അവസരമുണ്ടാക്കിത്തന്ന നരേന്ദ്ര മോദി സാബിന് ബിഗ് സല്യൂട്ട്'' മിക സിങ് ട്വീറ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തത വീഡിയോ ഇതിനോടകം വൈറലാണ്.

നിരവധി പേർ മീകയുടെ ട്വീറ്റിനോട് പ്രതികരിച്ചു. ഇന്ത്യൻ രൂപ കൂടുതൽ ശക്തമാകുന്നുവെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് റിപ്ലൈ ചെയ്തു. നവീന ഇന്ത്യയുടെ കരുത്ത് എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഖത്തർ കൂടാതെ ദുബായ് ഡ്യൂട്ടി ഫ്രീയും ഇന്ത്യൻ രൂപ പണമിടപാടുകൾക്ക് സ്വീകരിക്കാറുണ്ട്. 2019 ജൂലായ് ഒന്ന് മുതൽ തന്നെ ദുബായ് ഇന്റർനാഷണലിന്റെ 1,2,3 ടെർമിനലുകളിലും അൽ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യൻ കറൻസി സ്വീകരിച്ചുവരുന്നതായി ദ നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ബാക്കിയായി രൂപയ്ക്ക് പകരം ദിർഹമാണ് ലഭിക്കുന്നതെന്നുമാത്രം.

2022 ൽ ബിസിനസ് ഇൻസൈഡർ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മാലദ്വീപ്, സിംബാബ് വേ എന്നീ രാജ്യങ്ങൾ ഇന്ത്യൻ രൂപ സ്വീകരിക്കുന്നുണ്ട്. പക്ഷെ ഈ രാജ്യങ്ങൾ ഇതുസംബന്ധിച്ച് പ്രത്യേക നിബന്ധനകൾ പുലർത്തുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ തായ്ലൻഡും സിങ്കപ്പുരും ഫെബ്രുവരിയിൽ അംഗീകരിച്ചിട്ടുണ്ട്. ജി-20 രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് യുപിഐ വഴി പണമിടപാട് നടത്താനുള്ള അനുമതിയും ആർബിഐ നൽകിക്കഴിഞ്ഞു. ഏപ്രിൽ 30 മുതൽ പത്ത് രാജ്യങ്ങളിൽ ഇന്ത്യാക്കാർക്ക് യുപിഐ വഴി പണമിടപാട് സാധ്യമാകുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞമാസം അറിയിച്ചിരുന്നു.

അടുത്തിടെ റഷ്യയിൽനിന്ന് ഇന്ത്യ വൻതോതിൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തതും രൂപയിലാണ് വിനിമയം നടത്തിയത്. റഷ്യ-യുക്രെയൻ യുദ്ധത്തെ തുടർന്ന് യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രൂപ-റൂബിൾ ഇടപാടിന് ഇരു രാജ്യങ്ങളും തുടക്കമിട്ടത്. ഡോളറിന്റെ ഡിമാന്റ് കുറച്ച് വ്യാപാര കമ്മി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കറന്റ് അക്കൗണ്ട് കമ്മി റെക്കോഡ് നിലവാരത്തിലെത്തിയതിനെ തുടർന്നായിരുന്നു ഈ ശ്രമം നടത്തിയത്.

വൻവിലക്കിഴിവിൽ റഷ്യ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്തതും ഇന്ത്യയെ ഇതിന് പ്രേരിപ്പിച്ചു. അതേസമയം ഇതിനിടെ ഇറക്കുമതി-കയറ്റുമതി അന്തരം വർധിച്ചത് രൂപയെ സമ്മർദത്തിലാക്കുമെന്നാണ് വിലയിരുത്തൽ. രൂപയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിലാണ് റിസർവ് ബാങ്ക് പ്രാദേശിക കറൻസികളിലുള്ള ഇടപാടിന് തുടക്കമിട്ടത്.