- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനാമി ഇറച്ചി മാത്രമല്ല... തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാലും കേരളത്തിലേക്ക്; പ്രമുഖ ബ്രാൻഡുകളുടെ വ്യാജനിറക്കി തട്ടിപ്പ്; വാഗമൺ കുരിശുമല മിൽക്കിനും അപരന്റെ ഭീഷണി; ശബരി മിൽക്ക് വിതരണം ചെയ്തിരുന്നത് പന്തളത്തെ ശുദ്ധമായ പാൽ എന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പാൽ; കേരളത്തിൽ സർവ്വത്ര മായം
പത്തനംതിട്ട: സുനാമി ഇറച്ചി ഹോട്ടലുകളിലൂടെ നിരവധി പേർക്ക് ഭക്ഷ്യവിഷബാധ സമ്മാനിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ വിപണിയിലേക്ക് ധാരാളമായി എത്തുന്നു. ടാങ്കറുകളിൽ കേരളത്തിൽ എത്തിച്ച് പ്രമുഖ ബ്രാൻഡുകളുടെ പേരിനോട് സാമ്യം തോന്നുന്ന വിധം ജനങ്ങൾക്കിടയിൽ കച്ചവടം നടത്തുകയാണ്. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കഴിഞ്ഞയാഴ്ച ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ പിടികൂടിയെന്ന് ക്ഷീരവികസന വകുപ്പ് അവകാശപ്പെടുമ്പോൾ അതിന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി ജനങ്ങളെ ആ പാൽ കുടിപ്പിക്കുന്ന തിരക്കിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അവിടെ പിടികൂടിയ പാൽ പന്തളം ഇടപ്പോണിലെ ഫാമിലേക്ക് കൊണ്ടു വന്നതായിരുന്നു.
ഏതാനും പശുക്കളെ പേരിന് വളർത്തിയതിന് ശേഷം തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ കൊണ്ടു വന്ന് പാക്കറ്റിലാക്കി പരിശുദ്ധമായ പാൽ എന്ന പേരിൽ വിതരണം ചെയ്യുകയാണ് ശബരി മിൽക്ക് ചെയ്തു കൊണ്ടിരുന്നത്. ആര്യങ്കാവിൽ ഇവിടേക്ക് കൊണ്ടു വന്ന പാൽ പിടികൂടിയെന്നും അതിൽ ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയിരുന്നുവെന്നും ക്ഷീരവികസന വകുപ്പ് കണ്ടെത്തിയപ്പോഴാണ് ഇടപ്പോൺ അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യ;ൂസേഴ്സ് കമ്പനിയുടെ തട്ടിപ്പ് പുറത്തായത്.
ഇവരുടെ തട്ടിപ്പ് പിടിക്കപ്പെടുന്നത് ആദ്യമായിട്ടല്ല. ശബരി മിൽക്ക് എന്ന ബ്രാൻഡ് നെയിമിന് പുറമേ മേന്മ എന്ന പേരിലും ഇവർ പാൽ പുറത്തിറക്കി. ഇത് മിൽമയ്ക്ക് തിരിച്ചടിയായതോടെ അവർ കേസിന് പോയി. അതോടെ മേന്മ വിതരണം നിർത്തി. പന്തളം ഫാമിന്റെ പേര് ഉപയോഗിക്കുന്നതിനെതിരേ കൃഷി വകുപ്പ് നേരത്തേ ഇവർക്കെതിരേ പരാതി നൽകിയിരുന്നു. കാരണം, പന്തളത്ത് കൃഷിവകുപ്പിന്റെ ഫാം ഉണ്ട്. പന്തളം ഫാമിലെ പാൽ എന്ന ടാഗ്ലൈനിൽ ശബരി മിൽക്ക് വിൽക്കുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്നുവെന്നായിരുന്നു ഇവരുടെ പരാതി. പക്ഷേ, അതിന്മേൽ നടപടിയൊന്നും ഉണ്ടായില്ല.
ഇവിടെ നിന്ന് വിതരണം ചെയ്യുന്നത് മായം കലർന്ന പാൽ ആണെന്ന് ജനം അറിഞ്ഞതോടെ വിപണനം വൻ തോതിൽ ഇടിഞ്ഞു. മിൽമ ഒരു രൂപയിൽ താഴെ മാത്രമാണ് ഒരു പാക്കറ്റിന് കമ്മിഷൻ നൽകുന്നത്. ശബരി മിൽക്ക് മൂന്നു രൂപയും നൽകുന്നു. രണ്ടിനും വില ഒന്നു തന്നെ. മായം കലർന്ന പാൽ വന്നുവെന്ന വാർത്ത വൈറൽ ആയതോടെ ശബരി മിൽക്കിന്റെ വിൽപ്പന ഇടിഞ്ഞു. ഇതോടെ വ്യാപാരി കമ്മിഷൻ നാലു രൂപയാക്കി ഉയർത്തി. എന്നിട്ടും രക്ഷയില്ല.
ഇതിനിടെ ഈ പാൽ കുടിച്ചവർ വായ്ക്കുള്ളിൽ പൊട്ടലുണ്ടായി, വയറിന് അസുഖം വന്നു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. ഇവരുടെ അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിപണി ഇടിഞ്ഞു. വാഗമൺ കുരിശുമല മിൽക്കിനും അപരന്റെ ഭീഷണിയുണ്ട്. വാഗമൺ മിൽക്ക് എന്ന പേരിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദീകരിച്ച് അപരന്റെ കച്ചവടം പൊടി പൊടിക്കുന്നു. തമിഴ്‌നാട്ടിലെ പ്ലാന്റുകളിൽ നിന്നും എത്തിക്കുന്ന നിലവാരം കുറഞ്ഞ പാലാണ് വ്യാജ ലേബലിൽ വിറ്റഴിക്കുന്നത് എന്ന് പരാതി ഉയർന്നിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല രൂപതയുടെ കീഴിൽ വാഗമണ്ണിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നുമാണ് കുരിശുമല മിൽക്ക് എന്ന പേരിൽ പാക്കറ്റ് പാൽ വിപണിയിലെത്തുന്നത്. 1957 ൽ വാഗമണ്ണിൽ സഭ ആശ്രമം സ്ഥാപിച്ചതു മുതൽ മുതൽ ഇവിടെ ഫാമും പ്രവർത്തനം തുടങ്ങിയിരുന്നു. പതിറ്റാണ്ടുകളായി കുരിശുമല മിൽക്ക് എന്ന പേരിൽ പാൽ വിപണനവും ഇവിടെനിന്നും നടത്തി വന്നിരുന്നു. സന്യാസി വൈദികരുടെ മേൽനോട്ടത്തിലാണ് ഫാമിന്റെ നടത്തിപ്പ്. കൊഴുപ്പ് നീക്കാത്ത പാലായതിനാൽ കുരിശുമല പാലിന് വൻ സ്വീകാര്യതയുമുണ്ട്. ഇതു മുതലെടുത്താണ് തട്ടിപ്പ് സംഘം ആശ്രമത്തിലെ പാലിനോട് പേരിൽ സാമ്യം വരുന്ന രീതിയിൽ കവർപാലുകൾ വിൽപ്പന നടത്തുന്നത്.
ആശ്രമത്തിനോട് ചേർന്നുള്ള ഫാമിൽ 150 പശുക്കളുണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്നതും സമീപ ഗ്രാമങ്ങളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതുമായ പാലാണ് കുരിശുമല മിൽക്ക് എന്ന ബ്രാൻഡിൽ മാർക്കറ്റിൽ എത്തുന്നത്. എന്നാൽ കുരിശുമല മിൽക്കിന്റെ കവർ പാക്കറ്റിനോട് സാമ്യമുള്ള കവറിലാണ് വാഗമൺ മിൽക്കുമെത്തുന്നത്. അതിനാൽ പലരും കുരിശുമല ആശ്രമത്തിലെ പാലാണെന്നു തെറ്റിദ്ധരിച്ചാണ് വാങ്ങി വഞ്ചിതരാകുന്നത്.
കുരിശുമല ആശ്രമത്തിന് പുറമേ വാഗമണ്ണിൽ മറ്റു ഡയറി ഫാമുകൾ പ്രവർത്തിക്കുന്നില്ല.വാഗമൺ മിൽക്ക് എന്ന പേരിലെത്തുന്നതാകട്ടെ കോട്ടയം ജില്ലയിൽ നിന്നാണെന്ന് പറയുന്നു. ആശ്രമത്തിൽ നിന്നുമുള്ള പാൽ പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മാത്രമാണ് വില്പന. മറ്റേടങ്ങളിലേക്ക് വില്പനക്കുള്ള പാൽ തികയാറില്ലത്തതാണ് കാരണം.
കുരിശുമല മിൽക്ക് എന്ന പേരിലും പലപ്പോഴും തട്ടിപ്പ് സംഘം പാൽ വില്പന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശ്രമ അധികൃതർ പരാതികൾ നൽകിയിരുന്നെങ്കിലും താൽക്കാലിക ശമനം മാത്രമേയുണ്ടായിരുന്നുള്ളു. വ്യാപകമായി പരാതികളുയരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളുമുണ്ടാകാറില്ലെന്നും പറയപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്