- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലിന് വീണ്ടും വില കൂട്ടി മിൽമ; പച്ച, മഞ്ഞ കവർ പാലിന് വില കൂടും; 29 രൂപയായിരുന്ന മിൽമ റിച്ചിന് ഇനി 31 രൂപ; 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയും; വില വർധന അറിയിച്ചില്ല, മിൽമയിൽനിന്ന് വിശദീകരണം തേടുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂട്ടാൻ അധികൃതർ തീരുമാനിച്ചത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് വില കൂടില്ല. രണ്ടു മാസം മുൻപ് നീല കവർ പാലിന് വില കൂട്ടിയിരുന്നു. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചെലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു.
വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്.
എന്നാൽ മിൽമ പാൽ വില വർധിപ്പിച്ചത് അറിയിച്ചിട്ടില്ലെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പ്രതികരിച്ചു. വില വർധനവിനെക്കുറിച്ച് മിൽമ അറിയിച്ചിട്ടില്ലെന്നും ഒരു വിവരവും അറിയിക്കാതെ പെട്ടെന്നാണ് വില വർധിപ്പിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. വില വർധിപ്പിച്ചതിനെക്കുറിച്ച് മിൽമയിൽനിന്ന് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരമാവധി പാലുൽപാദനം വർധിപ്പിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
റിപൊസിഷനിങ് മിൽമ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ വില കൂടുന്നത്. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാൽ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
എന്നും മിൽമ .പാൽ, തൈര്, നെയ്യ്, ഫ്‌ളേവേഡ് മിൽക് എന്നീ ഉൽപന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചിരുന്നു. നിലവിൽ മൂന്നു മേഖല യൂണിയനുകൾ പുറത്തിറക്കുന്ന പാൽ ഒഴിച്ചുള്ള ഉൽപന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷം മുൻപാണ് മിൽമ ആരംഭിച്ചത്. രാജ്യാന്തര വിപണിയിലടക്കം മത്സരാഥിഷ്ഠിതമായി സാന്നിധ്യം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണു പദ്ധതി.
മറുനാടന് മലയാളി ബ്യൂറോ