കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണന്റെ ഭാര്യയുടെ ജയില്‍ ജീവിതം നിരാശയുടെ പടുകുഴിയില്‍. ആരോടും ജയിലില്‍ അവര്‍ സംസാരിക്കുന്നില്ല. ആഹാരമെല്ലാം കഴിക്കുന്നുമുണ്ട്. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുമത്തിയാണ് ബിജെപി പ്രവര്‍ത്തക കൂടിയായ മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് മിനി. മിനിയുടെ അറിവും സമ്മതവും കൊലയ്ക്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എന്‍.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിന്നില്‍ നിര്‍മാണത്തിലുള്ള വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. സന്തോഷിന് രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ രാധാകൃഷ്ണന്‍ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊലപാതകം നടത്താന്‍ കാരണമെന്നുമാണ് സന്തോഷ് പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് അടക്കം സന്തോഷിനെ മിനി അറിയിച്ചിരുന്നു. മിനിയുടെ പകയാണ് രാധാകൃഷ്ണനെ കൊന്ന് സന്തോഷ് തീര്‍ത്തതെന്നാണ് സൂചന. സന്തോഷ് പിടിയിലായാല്‍ താനും കുടുങ്ങുമെന്ന് മിനി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സിലൂടെ അറിയപ്പെടുന്ന ആളാണ് മിനി. സിനിമാരംഗങ്ങളും ഭര്‍ത്താവിനോടുള്ള പ്രണയവും എല്ലാം റീല്‍സിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു മിനി. ഇതിനിടെയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പില്‍ സന്തോഷ് കമന്റ് ചെയ്തു. ഇത് മിനി ലൈക്ക് ചെയ്തു. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭര്‍ത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വീട് നിര്‍മിക്കാനുള്ള ചുമതലയും സന്തോഷിനു നല്‍കി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായി. ചതി രാധാകൃഷ്ണന് മനസ്സിലായി. മിനിയുമായി വാക്കുതര്‍ക്കം ഉണ്ടായി. പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടില്‍ താമസമാക്കി. ഈ വീട്ടില്‍ പലപ്പോഴും സന്തോഷ് എത്തി. വീണ്ടും വീണ്ടും രാധാകൃഷ്ണന്‍ താക്കീത് നല്‍കി. പക്ഷേ അത് പ്രതികാരം കൂട്ടുകയാണ് ചെയ്തത്.

കുറഞ്ഞ കാലയളവിനിടയില്‍ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോണ്‍കോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണന്‍ വിലക്കിയിരുന്നു. ഭര്‍ത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാന്‍ മിനി മുതിര്‍ന്നില്ലെന്നാണ് കണ്ടെത്തല്‍. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്. മാര്‍ച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടില്‍ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്. അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണില്‍ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷന്‍ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട് മിനി. ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ മിനി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുന്നതും നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നതും എല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ട്.