തിരുവനന്തപുരം: സ്വാകാര്യ ബസ് സമരത്തെ തള്ളി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സര്‍ക്കാര്‍ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഒഴിവാക്കാന്‍ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല. കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം മറ്റ് ചില സൂചനകളും നല്‍കി. സാമൂഹ്യവിരുദ്ധരും മയക്കുമരുന്ന് കടത്തല്‍ കേസുകളിലുമൊക്കെ ശിക്ഷിക്കപ്പെട്ടവരെ ബസില്‍ കണ്ടക്ടറായും ഡ്രൈവറായും നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍. ഇത്തരത്തിലുള്ള കേസുകളില്‍ പെട്ടിട്ടില്ലെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രശ്‌നം തീരുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ കയറുന്നുണ്ടെന്നാണ് പറയുന്നത്. കണക്കെടുത്തപ്പോള്‍ ഒന്നരലക്ഷമാണെന്ന് കണ്ടെത്തി. കുട്ടികളുടെ ചാര്‍ജ് വര്‍ധനവ് അവരുടെ കൂടി സംഘടനകളോട് ചോദിച്ചിട്ടെ തീരുമാനത്തിലെത്താനാകു. സംഘടനകളുമായി സംസാരിക്കും. അവരോട് സംസാരിച്ച് സമവായത്തിലെത്തും.അല്ലെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് പോകും. കുട്ടികളെ റോഡിലിറക്കി വിടാന്‍ ആഗ്രഹിക്കുന്നില്ല. സ്റ്റുഡന്റ് പാസ് എന്ന പേരില്‍ വിദ്യാര്‍ഥികളല്ലാത്തവരും പലയിടത്തും വണ്ടിയില്‍ കയറുന്നുണ്ടെന്ന ആരോപണം ശരിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

കെഎസ്ആര്‍ടിസിയിലെ പോലെ എംവിഡിയുടെ ആപ്പ് വരുന്നുണ്ട്. 'എംവിഡി ലീഡ്‌സ്' എന്ന പേരില്‍. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ വഴി പാസ് നല്‍കും. ഇതുവച്ച് ബസില്‍ കയറിയാല്‍ ചെറിയ തുക നല്‍കണം. അങ്ങനെയാകുമ്പോള്‍ കൃത്യമായി എത്ര വിദ്യാര്‍ഥികള്‍ വണ്ടിയില്‍ കയറുന്നുണ്ടെന്ന് മനസിലാക്കാനാകും. സ്പീഡ് ഗവര്‍ണര്‍ ഊരിവെക്കണമെന്നാണ് അവര്‍ പറയുന്നത്. എല്ലാ സ്ഥലത്തും പെര്‍മിറ്റ് നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യമുയര്‍ത്തുന്നു ഇത് അംഗീകരിക്കാനാകില്ലെന്ന് ഗണേഷ്‌കുമാര്‍ വിശദീകരിച്ചു. ജിപിഎസും സ്വകാര്യബസുകള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി പറയുന്നു.

സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ സമരം ചെയ്യട്ടെ. നഷ്ടത്തില്‍ ഓടുന്ന വണ്ടികള്‍ ഒതുക്കിയിടാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച് ആര്‍ക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസിയെ ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സമര നോട്ടിസ് ആരും നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്തുഷ്ടരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത് യൂണിയനുകള്‍ നിഷേധിച്ചിട്ടുണ്ട്.

വ്‌ലോഗര്‍ ജ്യോതി മലഹോത്രയുടെ ക്ഷണത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചുവെന്നത് കൊണ്ട് മുഹമ്മദ് റിയാസിനെ ക്രൂശിക്കേണ്ടതില്ല. ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ല. വ്‌ലോഗര്‍ എന്ന നിലയിലാണ് ക്ഷണിച്ചത്. 41 വ്‌ലോഗര്‍മാരെ ക്ഷണിച്ചു. പാക് ചാരയെന്ന് അറിഞ്ഞിട്ടല്ല അവരെ വിളിച്ചത്. ഇതൊക്കെ കേള്‍ക്കുന്നവര്‍ പൊട്ടന്‍മാര്‍ അല്ലല്ലോ. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ടൂറിസം വകുപ്പ് പരസ്യം നല്‍കാറുണ്ട്. മാധ്യമങ്ങള്‍ ചെയ്യുന്നതിനൊക്കെ ടൂറിസം വകുപ്പ് ഉത്തരവാദി എന്ന് പറയാനാകുമോയെന്നും മന്ത്രി വിമര്‍ശിച്ചു.