തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസമായി റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യമാണുള്ളത്. ആലപ്പുഴയില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ച അപകടത്തിന് പിന്നാലെ മണ്ണാര്‍ക്കാടും പത്തനംതിട്ടയിലും അപകടങ്ങളുണ്ടായി. ഇങ്ങനെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത വകുപ്പും ഇടപെടലിന് ഒരുങ്ങുകയാണ്. സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന്‍ പൊലിയുന്നവരുട എണ്ണം കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നത തല യോഗം വിളിച്ചിരിക്കുന്നത്.

അപകടമേഖലയില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റ് വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേരാണ് ഇന്ന് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ നിഖില്‍, അനു, ബിജു പി ജോര്‍ജ്, മത്തായി ഈപ്പന്‍ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ നവംബര്‍ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാന്‍ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതായിരുന്നു ബിജു ജോര്‍ജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പന്‍. അനുവിന്റെ പിതാവാണ് ബിജു ജോര്‍ജ്. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

അതേസമയം പത്തനംതിട്ട മുറിഞ്ഞകല്ലില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം നാലുപേര്‍ മരിച്ച സംഭവം ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. റോഡിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.ഗതാഗത നിയമലംഘനകള്‍ വര്‍ധിച്ചുവരികയാണ്. ഫൈനുകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. റോഡുപയോഗിക്കുന്നവരെല്ലാം ശ്രദ്ധാലുക്കളാകുക എന്നതുമാത്രമേ ചെയ്യാനുള്ളൂ എന്നും അദ്ദേഹം ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഒരപകടത്തില്‍ ഒരു മരണം എന്നത് ഒരു കുടുംബത്തിന്റെ അവസ്ഥയിലുണ്ടാവുന്ന ദുഃഖകരമായ മാറിമറിയല്‍ ആണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ റോഡപകടങ്ങളും മരണങ്ങളും കുറയേണ്ടത് നമ്മല്‍ ഓരോരുത്തരുടേയും ആവശ്യമാണ്. ഇതിനൊരു പരിഹാരം കാണണമെന്ന് എല്ലാവരും തീരുമാനമെടുക്കണം. വാഹനമോടിക്കുന്നവരും അല്ലാത്തവരും റോഡുപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.

'1999-ല്‍ സ്ഥലമേറ്റെടുത്തിട്ടതാണ് ഇപ്പോള്‍ അപകടമുണ്ടായ ഈ റോഡ്. ലോക ബാങ്ക് ഉപേക്ഷിച്ച റോഡായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ജി.സുധാകരനുമേല്‍ വളരെയധികം സമ്മര്‍ദം ചെലുത്തി ഈ റോഡ് കൊണ്ടുവരാന്‍ ശ്രമിച്ചു. ഞാനാണ് അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. പത്തനാപുരത്തുനിന്നാണ് റോഡിന്റെ ഉദ്ഘാടനംപോലും നടന്നത്. വളരെയധികം ഇടപെടല്‍ നടത്തിയ ശേഷമാണ് ലോകബാങ്കിനെ ഇതിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതുപോലെ ഈ റോഡില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്ല. വീതി കൂടിയ, നേരെ പോകുന്ന ഒരുപാട് ഭാഗങ്ങളുണ്ട്. വിദഗ്ധരാണെന്ന് സ്വയം കരുതുന്ന ഡ്രൈവര്‍ വളരെ വേഗത്തിലാണ് വാഹനമോടിക്കുക, അതില്‍ വേറൊന്നും ചെയ്യാനില്ല.

നമ്മള്‍ വണ്ടിയോടിക്കുമ്പോള്‍ ഒരു നായയോ പൂച്ചയെ കുറുകെ ചാടിയാല്‍ നല്ല രീതിയില്‍ നിര്‍ത്താന്‍ പറ്റുമോയെന്ന് ചിന്തിക്കുക. ആ ചിന്ത ഇല്ലാതെയാണ് നമ്മള്‍ വണ്ടിയോടിക്കുന്നത്. നമ്മള്‍ സ്വന്തം കാര്യം മാത്രമേ നോക്കാറുള്ളൂ. ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ വാഹനത്തിന്റെ നിയന്ത്രണം പെട്ടന്ന് നഷ്ടപ്പെടും. ഏതെങ്കിലും ഒരു ഭാഗത്തേക്ക് തിരിഞ്ഞാല്‍ ഇടിക്കുന്നത് വളരെ ശക്തമായിട്ടായിരിക്കും. നല്ല റോഡുകള്‍ ഉണ്ടാകുമ്പോള്‍ അപകടമുണ്ടാവും. ഇക്കാരണംകൊണ്ട് നല്ല റോഡുകള്‍ ഉണ്ടാക്കാതിരിക്കാന്‍ പറ്റുമോ

എല്ലാ ജംഗ്ഷനിലും ഹംപ് വെയ്ക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തും. ഡ്രൈവിങ്ങില്‍ സ്വയം അച്ചടക്കം പുലര്‍ത്തുകയല്ലാതെ ഇതിന് അടിസ്ഥാനപരമായി ഒരു മോചനമില്ല. ഗതാഗത നിയമലംഘനത്തിന് പിഴയീടാക്കുന്നുണ്ട്. പക്ഷേ ചിലയാളുകള്‍ ഇതുവല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ട്. അമിതവേഗത്തില്‍ വാഹനമോടിച്ച് വരികയും ക്യാമറ കണ്ടാല്‍ ഉടന്‍ ചവിട്ടി, ഇതിന്റെ പരിധിക്ക് അപ്പുറം കടന്നാല്‍ വീണ്ടും വേഗത കൂട്ടുകയും ചെയ്യും. മൂവിങ് ക്യാമറ ഉപയോഗിച്ച് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ വാഹനം പരിശോധിക്കുന്ന സംവിധാനം ആലോചിക്കുന്നുണ്ട്.' മന്ത്രി പറഞ്ഞു.