ആലപ്പുഴ: കണ്‍മുന്നില്‍ എംഎല്‍എ ഉമാ തോമസ് താഴേക്ക് പതിച്ച് പിടയുന്നത് കണ്ടിട്ടും കുലുക്കമില്ലാതെ ആ ഗിന്നസ് റിക്കോര്‍ഡ് വേദിയില്‍ ഇരുന്ന മന്ത്രിയാണ് സംസ്‌കാരികത്തിന്റെ ചുമതലയുള്ള സജി ചെറിയാന്‍. ദിവ്യാ ഉണ്ണിയുടെ പരിപാടി കഴിയും വരെ അവിടെ ഇരുന്നു. ഉമാ തോമസിന്റെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ട സമയത്ത് ഗാനമേളയും ആസ്വദിച്ചു. അതിന് ശേഷം ആ പരിപാടിയുടെ സംഘാടകരേയും പുകഴ്ത്തി. കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയലത്തിലെ വീഡിയോ പുറത്തുവന്നപ്പോള്‍ എംഎല്‍എ വീണത് കണ്ടിട്ടും ആ പരിപാടിയില്‍ മന്ത്രി തുടര്‍ന്നതിന്റെ അസ്വാഭാവികത ചര്‍ച്ചയായി. അതേ ദിവസം മറ്റൊരു എംഎല്‍എയുടെ വേദനയില്‍ വിങ്ങി പൊട്ടുകയാണ് മന്ത്രി സജി ചെറിയാന്‍. യു പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസാണ് വേദനയ്ക്ക് കാരണം.

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതില്‍ എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തേു വരുമ്പോള്‍ പുതിയ പ്രതിഷേധം. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു. അതായത് മന്ത്രിയുടേത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരമാര്‍ശമെന്നാണ് വിലയിരുത്തല്‍.

'പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പഠിച്ചതാ. എം ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്', എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. യു പ്രിഭയെ സിപിഎം ജില്ലാ രാഷ്ട്രീയം അനുകൂലമാക്കാന്‍ തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനുള്ള നീക്കമാണ് മന്ത്രിയുടേതെന്നാണ് വിലയിരുത്തല്‍.

പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു. ഉമാ തോമസിന്റെ അപകടമുണ്ടാക്കിയ സംഘാടകരെ രക്ഷിക്കാന്‍ സജി ചെറിയാന്‍ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞു. ഇവിടേയും കള്ളം പറച്ചില്‍ തുടരുന്നു. എക്‌സൈസ് എഫ് ഐ ആറിനെ കുറിച്ച് പച്ചക്കള്ളം പറയുകയാണ് സജി ചെറിയാന്‍.

പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസില്‍ എം എല്‍ എയുടെ വാദങ്ങള്‍ തള്ളി എഫ് ഐ ആര്‍ പകര്‍പ്പ് പുറത്ത് വന്നിരുന്നു . കേസില്‍ ഒന്‍പതാം പ്രതിയാണ് യു പ്രതിഭയുടെ മകന്‍ കനിവ് . കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ് ഐ ആറില്‍ പറയുന്നു. കഞ്ചാവ് കേസിനെയാണ് എംടിയുടെ ബിഡി വലിയുമായി മന്ത്രി താരതമ്യം ചെയ്ത് ചെറുതാക്കാന്‍ ശ്രമിച്ചത്. എക്‌സൈസ് ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ യു പ്രതിഭ എം എല്‍ എയുടെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു. എക്‌സൈസ് സംഘം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കഞ്ചാവ് പിടി കൂടിയിട്ടില്ലെന്നുമാണ് എം എല്‍ എയും മകനും ആവര്‍ത്തിച്ചിരുന്നത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എം എല്‍ എയുടെ മകന്‍ കനിവ് . സംഘത്തില്‍ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന 500 മില്ലീ ലിറ്റര്‍ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്‌സൈസ് റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഇത്തരമൊരു കേസിനെയാണ് സജി ചെറിയാന്‍ വളച്ചൊടിക്കുന്നത്.

എന്‍ഡിപിഎസ് ആക്ട് 27-ാം വകുപ്പ് പ്രകാരമാണ് കേസ്. 28ന് ഇന്നലെ ഉച്ചയ്ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം എല്‍ എയുടെ മകന്‍ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്‌സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കണ്ടെത്തിയ കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. അതായത് ജാമ്യമുള്ള കേസാണ് എടുത്തത്. ഇതിനേയും ജാമ്യമില്ലാ കേസായി അവതരിപ്പിക്കുകയാണ് സജി ചെറിയാന്‍. അതായത് പച്ചക്കളളമാണ് ആ വേദിയില്‍ മന്ത്രി പറഞ്ഞത്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യു. പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. പല ചാനലുകളിലൂടെ ഈ വാദം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ നല്‍കിയത് കള്ളവാര്‍ത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ മുന്നറിയിപ്പ്. ഇതിനിടെയാണ് എഫ് ഐ ആര്‍ പുറത്തു വന്നത്.

പ്രതിഭ എംഎല്‍എയെ ബിജെപിയിലേക്ക് ക്ഷണിച്ച ബിപിന്‍ സി ബാബുവിനേയും മന്ത്രി പരിഹസിച്ചു. ഇങ്ങ് പോരൂ ചേട്ടത്തീയെന്നാണ് ഒരു മഹാന്‍ പറഞ്ഞത്. എംഎല്‍എയായശേഷം ഒരു ദിവസം പോലും അദ്ദേഹം പ്രതിഭയെ മനസമാധാനത്തോടെ കിടത്തി ഉറക്കിയിട്ടില്ല. എന്തൊരു സ്നേഹമാണെന്ന് അറിയോ. കായംകുളത്തെ എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭയെ ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. കേരളത്തിലെ എംഎല്‍എമാരില്‍ നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്ന സാമര്‍ഥ്യമുള്ള എംഎല്‍എയാണ് പ്രതിഭയെന്നും സജി ചെറിയാന്‍ പറഞ്ഞു.