തിരുവനന്തപുരം: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു വീണ്ടും മന്ത്രിയായി ചുമതലയേറ്റ സജി ചെറിയാന് ഔദ്യോഗിക വസതി ഇതുവരെയും ആയിട്ടില്ല. മന്ത്രിക്ക് ഔദ്യോഗിക വസതി അനുവദിക്കേണ്ടത് സംസ്ഥാന ടൂറിസം വകുപ്പാണ്. അതുകൊണ്ട് തന്നെ മന്ത്രിയുടെ വസതിയുടെ കാര്യത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് വിദേശത്തു നിന്നും ഫോൺവിളികളുടെയും ഇ മെയിലുകളുടെയും ബഹളമാണ്.

ഞങ്ങൾക്ക് തിരുവനന്തപുരത്ത് വീട് ഉണ്ടെന്നും അതിന്റെ മുഴുവൻ ചിത്രങ്ങളും ഇമെയിൽ വഴി അയച്ചിട്ടുണ്ടെന്നുമാണ് ഫോൺ സന്ദേശം. വീട് ടൂറിസം വകുപ്പു കണ്ടെത്തിയാൽ വാടക തീരുമാനിക്കുന്നത് പൊതുഖജനാവിൽ നിന്നാണ്. അത് കൃത്യമായി കിട്ടുകയും ചെയ്യും. മന്ത്രിക്ക് വീട് നല്കാനായാൽ നല്ല വാടക കിട്ടുകയും വീടിന്റെ അറ്റകുറ്റ പണികളും സർക്കാർ ചെലവിൽ നടക്കുകയും ചെയ്യും. ഇതൊക്കെ മുന്നിൽ കണ്ടാണ് മന്ത്രിക്ക് വീട് വാടകയ്ക്ക് നൽകാൻ വേണ്ടി ധൃതിപിടിച്ച് ആളുകൾ രംഗത്തുവരാൻ കാരണം.

വിദേശത്തുള്ള മലയാളികളാണ് കൂടുതലായി രംഗത്തു വന്നിരിക്കുന്നത്. മന്ത്രി എന്റെ വീട്ടിലാണ് താമസിക്കുന്നത് എന്ന് പൊങ്ങച്ചം പറയാനുള്ള അവസരവും കൂടിയാണ് ലഭിക്കുന്നത്. അതുകൊണ്ട് കൂടിയാണ് വിദേശ മലയാളികൾ കൂടുതലായി വീട് വാടകയ്ക്ക് കൊടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റേതായി 21 മന്ദിരങ്ങളാണ് ഇപ്പോൾ ടൂറിസം വകുപ്പിന്റെ കീഴിൽ ഓദ്യോഗിക വസതികളായി തലസ്ഥാനത്തുള്ളത്. ഇതിലെല്ലാം തന്നെ ഇപ്പോൾ താമസക്കാരുണ്ട്.

സജി ചെറിയാൻ മുമ്പ് താമസിച്ചിരുന്ന കവടിയാർ ഹൗസിൽ മന്ത്രി അബ്ദുറഹിമാനാണ് ഇപ്പോൾ താമസം. സജി ചെറിയാൻ സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വസതി മന്ത്രി വി.അബ്ദുറഹിമാനു നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ വീട് വാടകയ്ക്ക് എടുക്കുന്നത് വരെ സജി ചെറിയാൻ എംഎൽഎ ഹോസ്റ്റലിൽ തന്നെ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ എട്ടാണ്. നേരത്തെ ഉപയോഗിച്ച നമ്പരാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ആദ്യം മന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അനക്‌സ് ഒന്നിലെ നാലാം നിലയിലുള്ള മുറിയാണ് ഓഫിസായി അനുവദിച്ചിരിക്കുന്നത്. മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറഫീസ് യൂണിവേഴ്‌സിറ്റി, സാംസ്‌കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവർത്തകരുടെ ക്ഷേമ ഫണ്ട് ബോർഡ്, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകൾ തന്നെ സജി ചെറിയാന് ലഭിച്ചിരിക്കുന്നതും.

ഒരു മന്ത്രിമന്ദിരം കൂടി നിർമ്മിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും നിർമ്മാണത്തിനു സമയമെടുക്കുന്നുണ്ട്. റോസ് ഹൗസ് വളപ്പിന്റെ പിൻഭാഗത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. നിലവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതി ആണ് റോസ് ഹൗസ്. ഭീമമായ വാടകയും മറ്റു ചെലവുകളും ഒഴിവാക്കാനാണ് തീരുമാനം.

പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയെ വിമർശിച്ചതിനെ തുടർന്നാണ് സജി ചെറിയാന് രാജി വയ്‌ക്കേണ്ടിവന്നത്. 182 ദിവസത്തിനു ശേഷമാണ് അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ സജി ചെറിയാന് വേണ്ടിയുള്ള പുതിയ വീടിന്റെ കാര്യത്തിൽ ടൂറിസം വകുപ്പ് തീരുമാനമെടുക്കും.