തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്ച രാജ്ഭവനിൽ നടക്കുന്ന വിരുന്നിനുള്ള ക്ഷണം നിരസിക്കാനാണ് സർക്കാർ തീരുമാനം. വിരുന്നിൽ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല. തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നിൽ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.

സർക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനം. നിയമസഭാ സമ്മേളനം പൂർത്തിയാക്കിയ ശേഷം ഡൽഹിക്ക് പോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിരുന്നിൽ പങ്കെടുക്കില്ല. സർവകലാശാല അടക്കമുള്ള വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഗവർണർ വിരുന്നിന് ക്ഷണിച്ചത്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭ നാളെ പരിഗണിക്കാനിരിക്കുകയാണ്.

സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. തുടർന്ന് ആദിവാസികൾക്കൊപ്പമാണ് ഗവർണർ ഓണം ആഘോഷിച്ചത്. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും അന്വേഷിച്ചപ്പോൾ ഇത്തവണ ആഘോഷപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ഏതായാലും ഗവർണറുടെ ഓണാഘോഷം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഒപ്പമായിരുന്നു. സർക്കാർ തന്നോട് പിണങ്ങിയാലും തനിക്ക് പിണക്കമില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യ നിലപാട്. അതുകൊണ്ട് രാജ്ഭവന്റെ നേതൃത്വത്തിൽ ഇത്തവണ ക്രിസ്മസ് പൊടിപൊടിക്കാനാണ് തീരുമാനം.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം നടത്താനാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിക്കാനായരുന്നു പരിപാടി. 14ന് വൈകിട്ട് നാലിന് രാജ്ഭവനിലാണ് ആദ്യ പരിപാടി. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കും. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കും. രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എംപിമാർ, എംഎൽഎമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിച്ചിരുന്നു.

അതിഥികൾക്ക് സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമൊരുക്കും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കും. എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കാനായിരുന്നു നീക്കം. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് ഏതാനും ക്രിസ്ത്യൻ പുരോഹിതരെത്തിയിരുന്നു.രാജ്ഭവനിലെ പരിപാടിയിൽ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികൾ ആലോചനയിലുണ്ട്.