കൊച്ചി: കരൾരോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലുള്ള പിതാവിന് കരൾനൽകാൻ പ്രത്യേകാനുമതി തേടി പ്രായപൂർത്തിയാകാത്ത മകൾ ഹൈക്കോടതിയിൽ. മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറോട് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു. തൃശ്ശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രായപൂർത്തിയാകാത്തവരുടെ അവയവദാനം നിയമംവിലക്കുന്നുണ്ട്. അല്ലെങ്കിൽ മെഡിക്കൽഡയറക്ടറുടെ പ്രത്യേക അനുമതി വേണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് പി.ജി. പ്രതീഷിന് അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഹർജിയിൽ പറഞ്ഞു. ഹർജി നവംബർ 30-നു വീണ്ടും പരിഗണിക്കും.

ഹൈക്കോടതിക്ക് മുന്നിൽ കൂടുതൽ നിയമപ്രശ്‌നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ള കേസാണിത്. അതുകൊണ്ടു കൂടിയാണ് ഗവൺമെന്റ് പ്ലീഡറോട് ഈ വിഷയത്തിൽ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത വാദത്തിന് മുമ്പ് വിശദമായ വിവരങ്ങൾ ഹാജരാക്കാനാണ് നിർദ്ദേശം. അവയവ ദാന ചട്ടപ്രകാരം ദാതാവിന്റെ വയസ് പതിനെട്ട് വയസിന് മുകളിലായിരിക്കണമെന്നുണ്ട്. പതിനേഴുകാരിയായ പരാതിക്കാരിയെ പ്രതിനിധീകരിച്ച് അമ്മയാണ് കോടതിയിൽ ഹാജരായത്.

കുട്ടിയുടെ അച്ഛൻ ഗുരുതരമായ രോഗത്തോട് മല്ലിട്ട് കൊണ്ടിരിക്കുകയാണ്. കരൾ രോഗം ഗുരുതരമായ സാഹചര്യത്തിൽ ഹർജിക്കാരിയുടെ പിതാവിന് കരൾ മാറ്റിവയ്ക്കലാണ് ഏറ്റവും നല്ല മാർഗമെന്ന് നേരത്തെ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കരൾ ദാനം ചെയ്യാൻ മകൾ തയാറായത്. കുട്ടിയുടെ ഹർജിയിൽ കരളിന്റെ ഒരു ഭാഗം പിതാവിനായി നൽകാൻ താൻ തയാറാണെന്ന് പറയുന്നുണ്ട്.

അവയങ്ങൾ ദാനം ചെയ്യുന്നതിന് ആരോഗ്യപരമായ തടസങ്ങൾ തനിക്കില്ലെന്നും കുട്ടി പറയുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങൾ ഇല്ലെന്നും കുട്ടി ചൂണ്ടിക്കാണിച്ചു. പിതാവിന് 48 വയസാണ്. കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ഹർജിയിൽ പറയുന്നു.