- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ നഗരമധ്യത്തിലെ എയ്ഡഡ് സ്‌കൂളിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അദ്ധ്യാപകർ അറിഞ്ഞത് വൈകി: ചെങ്ങന്നൂർ സബ് ഡിവിഷണൽ കോൺഫറൻസിൽ പങ്കെടുത്തിരുന്ന ഉദ്യോഗസ്ഥർ ഒരുമിച്ച് തെരച്ചിലിന് ഇറങ്ങി; ഒരു മണിക്കൂറിന് ശേഷം കുട്ടികളെ കിട്ടിയത് ബുധനൂരിൽ നിന്ന്; കൂട്ടുകാരിയുടെ വീട്ടിൽ പോയതെന്ന് വിശദീകരണം
ചെങ്ങന്നൂർ: നഗരമധ്യത്തിലെ എയ്ഡഡ് സ്‌കൂളിൽ നിന്ന് മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ തിരോധാനം. പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കുട്ടികളെ കണ്ടെത്തി. കൂട്ടുകാരിയുടെ വീട്ടിൽ പോയതെന്ന് വിശദീകരണം. കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കി യഥാർഥ കാരണം കണ്ടെത്തും.
രാവിലെ സ്‌കൂളീൽ വന്നതിന് ശേഷമാണ് മൂവരും അപ്രത്യക്ഷരായത്. വിവരം അദ്ധ്യാപകർ അറിഞ്ഞത് 10.45 നാണ്. അപ്പോൾ തന്നെ വിവരം പൊലീസിന് കൈമാറി. ചെങ്ങന്നൂർ സബ്ഡിവിഷന് കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കോൺഫറൻസ് ഡിവൈ.എസ്‌പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുമ്പോഴാണ് വിവരം കിട്ടിയത്. ഇതോടെ കോൺഫറൻസ് നിർത്തി വച്ച് പൊലീസ് അലർട്ടായി. ചെങ്ങന്നൂർ ഡിവൈ.എസ്‌പിക്ക് കീഴിലുള്ള ഏഴ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോൺഫറൻസിനുണ്ടായിരുന്നത്. ഇവർ ഏഴു സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടങ്ങി.
ചെങ്ങന്നൂർ എസ്എച്ച്ഓ ജോസ് മാത്യു, എസ്ഐമാരായ അഭിലാഷ്, അനില കുമാരി, മാന്നാർ എസ്എച്ച്ഓ സുരേഷ് കുമാർ, എസ്ഐ അഭിറാം, മാവേലിക്കര എസ്ഐ നൗഷാദ്, നൂറനാട് എസ്എച്ച്ഓ പി. ശ്രീജിത്ത്, വള്ളികുന്നം എസ്എച്ചഓ അജിത്ത്, വെണ്മണി എസ്എച്ച്ഓ നസീർ, കുറത്തികാട് എസ്ഐ സുനുമോൻ എന്നിവർ ഉണർന്നു പ്രവർത്തിച്ചു.
കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലേക്കും വയർലസ് സന്ദേശം പാഞ്ഞു. ജില്ലയിലെ മുഴുവൻ പൊലീസിനെയും അലർട്ട് ചെയ്തു കൊണ്ട് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളിലും അടക്കം എല്ലായിടത്തും പരിശോധന കർശനമാക്കി. അങ്ങനെ പരിശോധന നടക്കുന്നതിനിടെയാണ് കുട്ടികളെ ബുധനൂരിൽ നിന്ന് കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് ബുധനൂരിന്റെ ഉൾപ്രദേശത്ത് നിന്നും കൂട്ടികളെ പൊലീസ് സംഘം കണ്ടെത്തിയത. ഇവിടെ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ പോയെന്നാണ് കുട്ടികൾ പറയുന്നത്. ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ബാഹ്യഇടപെടൽ ഉണ്ടോയെന്ന് അറിയാൻ കൂടുതൽ പരിശോധന നടത്തും. കുട്ടികളെ കിട്ടിയതോടെ പൊലീസിനും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.
മുൻപ് ഇതു പോലെ കോന്നിയിൽ നിന്ന് മൂന്ന് വിദ്യാർത്ഥികൾ അപ്രത്യക്ഷരായ സംഭവം ഉണ്ടായിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലെ വീഴ്ച മൂലം അവരെ യഥാസമയം കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാം ദിവസം തൃശൂരിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ആ ദുരനുഭവം മുന്നിലുള്ളതിനാൽ ആദ്യം മുതൽ പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. യഥാസമയം കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോയെങ്കിൽ അത് പൊലീസിന് മറ്റൊരു വിമർശനത്തിനുള്ള കാരണം കൂടിയാകുമായിരുന്നു. പൊലീസിന്റെ സമയോചിതമായ പ്രവർത്തനത്തിന് അദ്ധ്യാപകർ നന്ദി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്