ഡബ്ലിന്‍: ഇന്നലെ പകല്‍ മുഴുവന്‍ ആശങ്കകളുടെ മണിക്കൂറുകള്‍ സമ്മാനിച്ച സാന്റ മരിയ എന്ന യുവതിയുടെ തിരോധാനവും ഒടുവില്‍ വീടിനു അധികം അകലെ അല്ലാതെ കണ്ടെത്താനായതും സൃഷ്ടിച്ച വാര്‍ത്ത ലോകമെങ്ങും പ്രവാസി മലയാളികളെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരവേ തന്നെ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്ന വെളിപ്പെടുത്തലുകളും എത്തുന്നു. സാന്റയെ കണ്ടെത്തുന്നതിന് അല്‍പം മുന്‍പായി സുഹൃത്തായ യുവതിയുടെ ഫോണിലേക്ക് വന്ന കോള്‍ സാന്റാ താമസിച്ചിരുന്ന പ്രദേശത്തിന് അല്‍പം അകലെ ഒരു യുവതിയുടെ മൃതദേഹം പാറക്കെട്ടുകള്‍ക്ക് സമീപം കണ്ടെത്തി എന്നതായിരുന്നു അജ്ഞാതന്‍ കൈമാറിയ സന്ദേശം. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും മറ്റും അജ്ഞാതന്‍ നല്‍കിയ പ്രദേശത്തു തിരച്ചില്‍ നടത്താന്‍ ഓടിയെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു പോളിഷ് വംശജന്‍ നല്‍കിയ സന്ദേശം അനുസരിച്ചു സാന്റയെ വീടിന് അധികം അകലെ അല്ലാതെ വഴിയരികില്‍ കണ്ടെത്തുന്നത്.

വീഴ്ചയില്‍ സംഭവിച്ചു എന്ന് കരുതപ്പെടുന്ന ചെറിയ മുറിവുകളും സാന്റായ്ക്ക് ഏറ്റിട്ടുണ്ട്. യുവതി ഇപ്പോള്‍ ആശുപത്രി പരിചരണത്തിലാണ്. കാണാതായ മണിക്കൂറുകളില്‍ എന്ത് സംഭവിച്ചു എന്ന് സാന്റാ വെളിപ്പെടുത്തും വരെ ദുരൂഹതകള്‍ പ്രചരിപ്പിക്കരുത് എന്ന് പ്രദേശത്തെ മലയാളികള്‍ സമൂഹ മാധ്യമ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ സാന്റയെ പ്രദേശത്തെ മലയാളികളും ഐറിഷ് വംശജരും പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും ഒക്കെ സഹായത്തോടെ തിരച്ചില്‍ നടത്തുമ്പോള്‍ അവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണോ അജ്ഞാതന്‍ ഫോണിലൂടെ തെറ്റായ സന്ദേശം കൈമാറിയത് എന്ന് സംശയിക്കപ്പെടുന്നു.

ഇക്കാര്യം പ്രദേശത്തെ പൊലീസിന് കൈമാറിയതോടെ അജ്ഞാതന്‍ വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിളിച്ചയാള്‍ക്ക് സാന്റയെയും സുഹൃത്തിനെയും നേരിട്ടറിയാം എന്നതിനാലാകണം സുഹൃത്തിന്റെ ഫോണിലേക്ക് വിളിച്ചത് എന്നും സംശയിക്കപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് ഇയാള്‍ വിവരം കൈമാറിയത് എന്നും പറയപ്പെടുന്നു. സാന്റ താമസിക്കുന്ന വാട്ടര്‍ഫോര്‍ഡില്‍ നിന്നും അകലെയായി ട്രിമോറിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത് എന്ന തെറ്റായ വിവരമാണ് ഫോണ്‍ വിളിച്ചയാള്‍ കൈമാറിയത്. ഇതോടെ സാന്റയെ തട്ടിയെടുത്തു കൊണ്ടുപോയി അബോധാവസ്ഥയിലോ മറ്റോ പ്രദേശത്തു തിരികെ ഉപേക്ഷിക്കാനായി ഏവരുടെയും ശ്രദ്ധ തിരിക്കുക ആയിരുന്നോ വിളിച്ചയാളുടെ ഉദ്ദേശം എന്നും ഇപ്പോള്‍ സംശയിക്കപ്പെടുന്നു.

ചെറുപ്പത്തില്‍ കരാട്ടെയും മറ്റും പഠിച്ചിട്ടുള്ളതിനാല്‍ സാന്റയെ അപായപ്പെടുത്താന്‍ അത്ര എളുപ്പം അല്ലെന്നു കുടുംബം അടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. വീട് വിട്ടു പോകാന്‍ പ്രത്യേക കാരണം ഒന്നും സാന്റയുടെ ജീവിതത്തില്‍ ഇല്ലായിരുന്നു എന്നും അടുത്തറിയുന്നവര്‍ പറയുന്നു. സാധാരണ പോലെ നടക്കാന്‍ ഇറങ്ങിയ സാന്റ ഫോണ്‍ ചെരുപ്പ് വയ്ക്കുന്ന റാകില്‍ മറന്നു വച്ചതോടെയാണ് തിരികെ എത്തേണ്ട സമയമായിട്ടും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ അന്വേഷിക്കുന്നത്. അടുത്ത ആഴ്ച നടക്കേണ്ട ഓണപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസവും ഡാന്‍സ് പരിശീലനം നടത്തിയ യുവതി തികച്ചും സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്. സാന്റയെ കാണാതായത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മെസേജുകള്‍ ഏവരും പിന്‍വലിക്കണമെന്നും പ്രദേശിക മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

യുവതിയെ കണ്ടെത്തിയ വാര്‍ത്ത ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രദേശവാസികള്‍ തിരച്ചിലിന് ഇറങ്ങിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. അടുത്തകാലത്ത് മലയാളികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട അയര്‍ലണ്ടില്‍ നിന്നും പ്രദേശവാസികളുടെ നന്മയുടെ മുഖമുള്ള മറ്റൊരു കാഴ്ചയാണ് ഇന്നലെ സാന്റയെ തേടിയുള്ള അന്വേഷണത്തില്‍ നിഴലിച്ചത്.