- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടല്‍ ബാറില്‍ സുഹൃത്തുക്കളോട് സംസാരിച്ചിരിക്കെ സുദിക്ഷ വാ കൈകൊണ്ട് പൊത്തി എഴുന്നേറ്റ് പോയി; തിരികെ വന്ന് സന്തോഷത്തോടെ തുള്ളിച്ചാടുന്ന ദൃശ്യങ്ങള്‍; അസ്വസ്ഥനായ ആണ്‍സുഹൃത്ത്; ബാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിര്‍ണായകം; ആണ്‍സുഹൃത്തിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
സുദീക്ഷയുടെ തിരോധാനം; ആണ്‍സുഹൃത്തിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
വാഷിങ്ടണ്‍: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകള്‍. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുന്ന സുദിക്ഷ കൊനാങ്കിയെയാണ് (20) മാര്‍ച്ച് ആറ് മുതല്‍ കാണാതായത്. കടലില്‍ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയായി യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. അഞ്ച് സൃഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയ ശേഷമാണ് യുവതിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം സുദിക്ഷയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനു സമീപമുള്ള ബഞ്ചില്‍ ലഭിച്ചിരുന്നു. സുദിക്ഷയെ കാണാതാകുന്നതിന് തൊട്ടുമുന്‍പ് ഒരു ബാറില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമമായ നോട്ടിസിയ സിന്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങളിലെ സൂചനകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
ഡൊമിനിക്കന്‍ റിപബ്ലിക്കിലെ പുന്റാ കാന എന്ന നഗരത്തിലെ ബീച്ചിലാണ് 20-കാരിയായ സുദിക്ഷ കൊണങ്കിയെ മാര്‍ച്ച് 6-ന് അവസാനമായി കണ്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെയത്തിയ സുദിക്ഷ ബീച്ചില്‍ നടക്കാനിറങ്ങിയതായിരുന്നു. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഡൊമിനിക്കന്‍ റിപബ്ലിക് അവരുടെ സായുധ സേനയുടെ സേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും അടക്കം തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും ബാറിലെത്തി സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
റിയു റിപ്പബ്ലിക്ക ഹോട്ടല്‍ ബാറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുദിക്ഷയ്‌ക്കൊപ്പം ഒടുവില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. 24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് ഒപ്പമുണ്ടായിരുന്ന യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം സുദിക്ഷയ്‌ക്കൊപ്പം അവസാനം ഒപ്പമുണ്ടായിരുന്ന യുവാവിനേയും കാണാം.
നിര്‍ണായക ദൃശ്യങ്ങള്‍
ബാറില്‍ എല്ലാവരും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിനിടെ സുദിക്ഷ വാ കൈകൊണ്ട് പൊത്തി എഴുന്നേറ്റ് പോകുന്നതും പുല്‍ത്തകിടിക്കരികെ ചാഞ്ഞിരിക്കുന്നതും കാണാം. ഉടന്‍തന്നെ അവിടെ നിന്ന് തിരിഞ്ഞ് വന്ന് സന്തോഷത്തോടെ തുള്ളിച്ചാടുന്നതും സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം വെള്ള വസ്ത്രം ധരിച്ച പുരുഷന്‍ ബാറിന് പുറത്ത് അസ്വസ്ഥനായിരിക്കുന്നതും മറ്റൊരു യുവാവ് ഇയാളെ ആശ്വസിപ്പിക്കുന്നതും കാണാം. ഇത് ജോഷ്വാ സ്റ്റീവ് റൈബ് ആണെന്നാണ് സൂചന.
റിസോര്‍ട്ടിലെ ബാറില്‍ സുദിക്ഷ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുനില്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പൊലീസിന്റെ സംശയ നിഴലിലുള്ള പുരുഷ സുഹൃത്ത് ജോഷ്വാ സ്റ്റീവ് റൈബ് എന്ന അമേരിക്കന്‍ സ്വദേശിയെയും വീഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ച് ആടിക്കുഴഞ്ഞാണ് നില്‍ക്കുന്നത്.
കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്നാല്‍, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. 4.15-ഓടെയാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
നിരപരാധിയെന്ന് ഒപ്പമുണ്ടായിരുന്ന 24കാരന്‍
കാണാതാകുന്നതിന് മുമ്പ് സുദിക്ഷയും 24 കാരനായ ജോഷ്വായും റിസോര്‍ട്ടിന്റെ നടപ്പാതയിലൂടെ കൈകോര്‍ത്ത് നടക്കുന്നതിന്റെ വീഡിയോ ആദ്യം പുറത്തുവന്നിരുന്നു. അതിനു ശേഷമാണ് ബാറില്‍ അഞ്ചു സുഹൃത്തുക്കള്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബീച്ചില്‍ അപ്രത്യക്ഷയാകുന്നതിന് മുന്‍പ് സുദിക്ഷ ധരിച്ച വസ്ത്രമാണ് ഈ വീഡിയോയിലുമുള്ളത്. സുദിക്ഷ ഛര്‍ദിക്കാനായി കുനിയുന്നത് വീഡിയോയില്‍ കാണാം. അതേസമയം, യുവതി സന്തോഷത്തോടെ ചാടുന്നതും വനിതാ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സുദിക്ഷയും യുവാവും ഈ വീഡിയോയില്‍ സംസാരിക്കുന്നില്ല.
അതേസമയം, ജോഷ്വാ ബാറിന് പുറത്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയിലുണ്ട്. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് ഇടറി വീഴുന്നതും കാണാം. ബാറില്‍ നിന്ന് സംഘം നേരെ ബീച്ചിലേക്കാണ് പോയത്. അവിടെ വച്ചാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. ബിക്കിനിക്കു മുകളില്‍ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിനു സമീപത്തു നിന്ന് ലഭിച്ചത്. അതിനാല്‍ ഈ വസ്ത്രം ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.
ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാല്‍ സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുദിക്ഷയെ കാണാതായ ശേഷം ജോഷ്വാ സ്റ്റീവ് റൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം താന്‍ നിരപരാധിയാെണന്നാണ് ജോഷ്വയുടെ നിലപാട്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
അമേരിക്കയിലെ അയോവ സ്വദേശിയായ ജോഷ്വാ മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്. ജോഷ്വായും സുദിക്ഷയും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷത്തിനായി എത്തിയത്. മാര്‍ച്ച് ആറിന് കാണാതായ യുവതിക്കു വേണ്ടി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ബീച്ചിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരിയാണ് സുദിക്ഷ.