തലശേരി: കാണാതായ തലശേരി പൊലിസ് സ്റ്റേഷനിലെ എസ്‌ഐയെ കണ്ടെത്തി. കോളയാട് പുന്നപ്പാലത്തെ സി.പി ലിനീഷിനെ (38) ആണ് മംഗളൂരുവിൽ നിന്നു അന്വേഷണസംഘം വ്യാഴാഴച്ച വൈകുന്നേരം കണ്ടെത്തിയത്. ലിനീഷുമായി സംഘം നാട്ടിലേക്കു തിരിച്ചു. സ്വിച്ച് ഓഫായിരുന്ന ഫോൺ വ്യാഴാഴ്ച രാവിലെ എസ്‌ഐ ഓൺ ചെയ്തിരുന്നു. തുടർന്ന് ലൊക്കേഷൻ പിന്തുടർന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കായി തലശേരിയിലെ ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനിൽ എത്തിയിരുന്നില്ല. കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാലുമാസം മുൻപാണ് ജൂനിയർ എസ്. ഐയായി ലിനീഷ് തലശേരി സ്റ്റേഷനിൽ ചുമതലയേറ്റത്.

പൊലിസ് ക്വാർട്ടേഴ്സിൽ മറ്റൊരു എസ്. ഐയ്ക്കൊപ്പമായിരുന്നു താമസം. തലശേരി ടൗൺ സ്റ്റേഷനിൽ താങ്ങാനാവാത്ത ജോലിഭാരമാണെന്ന് തന്നോട് ലിനീഷ് വെളിപ്പെടുത്തിയതായി സഹോദരനും ഫയർഫോഴ്സ് ജീവനക്കാരനുമായ വിജേഷ് വെളിപ്പെടുത്തിയിരുന്നു. ലിനീഷിന്റെ ഭാര്യ കോഴിക്കോട് എൽ. എൽ.ബിക്ക് പഠിക്കുകയാണ്. ഏകമകളും അവരുടെ കൂടെയാണുള്ളത്. ഭാര്യയുമായി അകന്നു ജീവിക്കുന്ന പ്രയാസവും ഇയാൾക്കുണ്ടായിരുന്നതായി പറയുന്നുണ്ട്.

എസ്. ഐയാകുന്നതിന് മുൻപ് പത്തുവർഷം ജോലി ചെയ്ത ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്ക് തിരികെ പോകാൻ ലിനീഷ് ആഗഹിച്ചിരുന്നതായും വിവരമുണ്ട്. തലശേരിയിൽ എത്തിക്കുന്ന ലിനീഷിനെ കോടതിയിൽ ഹാജരാക്കുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു.