- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റിസോര്‍ട്ട് പാതയിലൂടെ സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ; വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്ത്; കാണാതായ അന്ന് പുലര്‍ച്ചെ വരെ പാര്‍ട്ടിയില്‍; പ്രധാന സാക്ഷി മൂന്ന് തവണ മൊഴി മാറ്റിയതില്‍ ദുരൂഹത; തട്ടിക്കൊണ്ടുപോയതെന്ന വാദത്തില്‍ കുടുംബം; തിരച്ചില്‍ തുടരുന്നു
സുദിക്ഷയെ കാണാതാകുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡൊമിനിക്കന്‍ വാര്‍ത്താ ഏജന്‍സിയായ നോട്ടിസിയാസ് സിന്‍. കാണാതാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ട് പാതയിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വീഡിയോയിലെ ടൈംസ്റ്റാമ്പില്‍ വ്യാഴാഴ്ച 5:16 എന്നാണ് കാണിക്കുന്നത്. എന്നാല്‍ രാവിലെയോ വൈകുന്നേരമോ എന്നത് വ്യക്തമല്ല.
സുഹൃത്തുക്കളുടെ തോളില്‍ കയ്യിട്ട് സുദിക്ഷ നടക്കുന്നത് ക്ലിപ്പില്‍ കാണാം. വെളുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് വേഷം. അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ഥിയെ കാണാതായി. കാണാതായ അന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ സംഘം റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നുവെന്നാണ് വിവരം. സുദിക്ഷയെ 24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവന്‍ റൈബിനൊപ്പമാക്കി സുഹൃത്തുക്കള്‍ മടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്.
എന്നാല്‍, ഇപ്പോള്‍ പ്രധാന സാക്ഷിയായ റൈബ് മൂന്ന് തവണ തന്റെ മൊഴി മാറ്റിയത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. 20 വയസ്സുകാരിക്കായുള്ള തിരച്ചില്‍ ഒരാഴ്ചയാകുമ്പോള്‍ അവള്‍ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴിനല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഇയാളെ പ്രതിചേര്‍ക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നായിരുന്നു പൊലീസ് പ്രതികരിച്ചത്.
കാണാതാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കള്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യം ഡൊമനിക്കന്‍ ദേശീയ പോലീസിന് ലഭിച്ചിരുന്നു. 4.15-ഓടെയാണ് ഇവര്‍ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കള്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, സുദിക്ഷയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡൊമനിക്കന്‍ റിപ്പബ്ലിക് ദേശീയ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്യ്തുവരികയാണ്. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പോലീസ് വ്യക്തമാക്കി. അതേസമയം, തട്ടിക്കൊണ്ടുപോകല്‍ സാധ്യതയടക്കം അന്വേഷിക്കണമെന്ന് സുദിക്ഷയുടെ പിതാവ് സുബ്ബറായ്ഡു കൊണങ്കി ആവശ്യപ്പെട്ടു.