ഇടുക്കി: കനത്ത മഴയിലും കാറ്റിലും ദുഷ്‌കരമായ അരിക്കൊമ്പൻ ദൗത്യം ഒടുവിൽ വിജയത്തിലേക്ക്. ആനിമൽ ആംബുലൻസിൽ കയറ്റിയ അരിക്കൊമ്പനുമായി വാഹനങ്ങൾ പുറപ്പെട്ടു. ആറ് തവണ മയക്കുവെടിയേറ്റ് മയങ്ങിയിട്ടും വീറോടെ ചെറുത്തുനിന്ന കാട്ടാന അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ കുങ്കിയാനകൾ ആനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു. മയക്കുവെടിയേറ്റ് മയങ്ങിയ അരിക്കൊമ്പനെ ലോറിയിൽ കയറ്റാൻ മണിക്കൂറുകൾ നീണ്ട ശ്രമത്തിനിടെ കനത്ത മഴയും കാറ്റും കോടമഞ്ഞും വന്നതോടെ ദൗത്യം ദുഷ്‌കരമായി. എന്നാൽ നാല് കുങ്കിയാനകളിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാധ്യമാക്കുകയായിരുന്നു.

കുങ്കിയാനകൾ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അരിക്കൊമ്പൻ ലോറിയിലേക്ക് കയറാൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും അരികൊമ്പൻ ശൗര്യം കാട്ടുന്നുണ്ടായിരുന്നു. പ്രദേശത്തെ കനത്ത മഴയും ദൗത്യത്തിന് വെല്ലുവിളിയായിരുന്നു. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു.

കുങ്കിയാനകൾ അടുത്തേക്ക് എത്തുമ്പോൾ അരിക്കൊമ്പൻ നേരത്തേയും നടന്നുനീങ്ങാൻ ശ്രമിച്ചിരുന്നു. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയിൽ കയറ്റി കൊണ്ടുപോകാനാണ് നീക്കം. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

ജെസിബി ഉപയോഗിച്ച് ആന നിൽക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റേണ്ടിയിരുന്നത്. അരിക്കൊമ്പന്റെ കാലുകൾ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നിൽ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ടു മൂടി. കഴുത്തിൽ കയറിട്ടു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആണ് കാലുകൾ ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തത്.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ആദ്യ ഡോസ് മയക്കുവെടി വച്ചെങ്കിലും ആന മയങ്ങി തുടങ്ങിയിരുന്നില്ല. തുടർന്ന് രണ്ടാമത്തെ ഡോസ് മയക്കുവെടി വച്ചു. ആദ്യ മയക്കുവെടി 11.55നും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് 12.40നുമാണ് നൽകിയത്. എന്നിട്ടും ആന മയങ്ങി തുടങ്ങാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും മയക്കുവെടിവച്ചു.

ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം ലക്ഷ്യത്തിലെത്തിയത്. നാല് കുംങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതിയ അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്. മൂന്ന് തവണ അരിക്കൊമ്പൻ കുതറിമാറി. ഇതിനിടെ കുംങ്കി ആനകൾ അരിക്കൊമ്പനെ ചാർജ് ചെയ്ത് ആനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്ചയെ മറച്ച് കോട മഞ്ഞുമെത്തിയത്.

അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. അരിക്കൊമ്പൻ കുങ്കിയാനകളെ ശക്തമായി പ്രതിരോധിക്കാൻ ശ്രമിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നേരത്തേ ആറ് ഡോസ് മയക്കുവെടി വച്ചാണ് ആനയെ മയക്കിനിർത്തിയത്. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കം വിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയവുമുണ്ട്. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

അതിനിടെ, മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേക്ക് ചക്കക്കൊമ്പൻ എത്തിയത് ആശങ്കയുണ്ടാക്കി. രാവിലെയും അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനെയും കണ്ടിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാൻ ചക്കക്കൊമ്പനെയും പ്രത്യേക സംഘം നിരീക്ഷിച്ചിരുന്നു.

അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്. സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്.