- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമ്മാർജനം ചെയ്യാൻ കഴിയും; ഇതിലൂടെ മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാം; തെരുവുനായ്ക്കളുടെ കാര്യത്തിൽ ഗോവൻ മാതൃക കേരളം പിന്തുടരും; 'മിഷൻ റാബീസ്' ചർച്ചകളിൽ
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കാര്യത്തിൽ ഗോവൻ മാതൃക കേരളം പിന്തുടരും. പേവിഷ നിർമ്മാർജനത്തിനുള്ള നടപടികളുടെ രാജ്യാന്തര മൃഗക്ഷേമ സംഘടനയും എൻജിഒയുമായ 'മിഷൻ റാബീസി'നെ നോളജ് പാർട്‌നറാക്കാനുള്ള നിർദേശമാണ് മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്. മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പിനുള്ള പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കേരളത്തിൽ ഈ വർഷം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇന്ത്യയിൽ നടക്കുന്ന ആകെ മരണത്തിന്റെ 33 ശതമാനവും ഉത്തർപ്രദേശിലാണ്. പ്രതിവർഷം നാലായിരത്തിലധികം പേരാണ് അവിടെ മരിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തിലധികമായി 2009 മുതൽ നടപ്പാക്കിയ സമ്പൂർണ സൗജന്യ റാബിസ് വാക്സിനേഷൻ 2012-13 കാലഘട്ടത്തിൽ പേവിഷം കൊണ്ട് ആരും മരിക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയിരുന്നു. പക്ഷേ ഗോവയെപ്പോലെ പേവിഷക്കേസുകൾ ഇല്ലാത്ത സംസ്ഥാനമായി തുടരാൻ കേരളത്തിന് ആയില്ല എന്നതാണ് വസ്തുത.
2021 ജൂൺ മാസമാണ് ഗോവ പേവിഷ വിമുക്തമായെന്ന അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പിന്നിട്ട മൂന്ന് വർഷങ്ങളിലായി ഒരൊറ്റ പേവിഷബാധ കേസ് പോലും മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പേവിഷബാധയെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനം ഗോവ നടത്തിയത്. രാജ്യത്തെ ഈ നേട്ടം കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് ഗോവ. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് എന്ന പേരിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന 2014ൽ ഗോവയിൽ തുടക്കമിട്ട മിഷൻ റാബീസ് എന്ന പദ്ധതിയായാണ് പേവിഷമുക്തനാട് എന്ന നേട്ടത്തിൽ ഗോവയെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർലോഭമായ പിന്തുണ ലഭിച്ചു.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ് ഉൾപ്പെടെ ഇന്ത്യയിലെ പത്തിലധികം സംസ്ഥാനങ്ങളിൽ വേൾഡ് വൈഡ് വെറ്ററിനറി സർവ്വീസസ് ഇപ്പോൾ അവരുടെ സന്നദ്ധ സേവനം ലഭ്യമാക്കുന്നുണ്ട്. വേൾഡ് വൈഡ് വെറ്ററിനറി സർവീസസ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തമിഴ്‌നാട്ടിലെ നീലഗിരി മേഖലയും ഇപ്പോൾ പേവിഷ വിമുക്ത നാടാണ്. തെരുവ് നായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സീൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമ്മാർജനം ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയുമെന്നും പഠനങ്ങൾ വിലയിരുത്തപ്പെടുന്നു. ഈ ഒരു ആശയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഗോവയിൽ നടന്നത്.
2014 മുതൽ പ്രതിവർഷം ഒരുലക്ഷത്തിലധികം നായ്ക്കൾക്കാണ് മുടക്കമില്ലാതെ വാക്‌സിൻ നൽകുന്നത്. വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല തെരുവ് നായ്ക്കളെ ശാസ്ത്രീയമായി പിടികൂടി അവയ്ക്കും വാക്‌സിൻ നൽകി വരുന്നു. ജിപിഎസ് സംവിധാനം, മൊബൈൽ ആപ്പ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി സാങ്കേതികവിദ്യയുടെ സഹായത്തോട് കൂടിയ പേവിഷ പ്രതിരോധയജ്ഞമാണ് ഗോവയിൽ നടക്കുന്നത്. 2019- 2020 ൽ കോവിഡ് പ്രതിസന്ധിയുണ്ടായിട്ട് പോലും ഒരു ലക്ഷത്തോളം നായ്ക്കൾക്ക് റാബീസ് വാക്‌സിൻ നൽകാൻ കഴിഞ്ഞു.
തെരുവ് നായ്ക്കളുടെ പ്രജനനനിയന്ത്രണത്തിനായി വന്ധ്യംകരണം, പൊതുജനങ്ങൾക്കുള്ള ബോധവൽകരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഒപ്പം നടന്നുവരുന്നു. അഞ്ചര ലക്ഷം കുട്ടികൾക്കും, കാൽ ലക്ഷത്തോളം അദ്ധ്യാപകർക്കും റാബീസ് പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ ഇക്കാലയളവിൽ നൽകി. യുപി, ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ പേവിഷബാധയുടെ പ്രതിരോധം പഠനവിഷയമായി ഉൾപ്പെടുത്തുകയും ചെയ്തു. പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ദ്രുതകർമ്മ സേനയെ വരെ ഗോവ തയാറാക്കിയിരുന്നു. ഗോവൻ പേവിഷ പ്രതിരോധ മാതൃകയിൽ നിന്നും ഇന്നും പേവിഷ മരണങ്ങൾ തുടരുന്ന നമ്മുടെ നാടിന് പകർത്താവുന്നതും ഏറ്റെടുക്കാവുന്നതുമായ പാഠങ്ങൾ ഏറെയുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ പദ്ധതി നടപ്പാക്കാൻ മിഷൻ റാബീസിനെ കൂടി പങ്കാളിയാക്കാനാണു നീക്കം. കുത്തിവയ്പിനാവശ്യമായ സാങ്കേതിക സഹായം നൽകാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ(കേരള ചാപ്റ്റർ)സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മിഷൻ റാബീസും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (കേരള ചാപ്റ്റർ)പ്രതിനിധികളും തമ്മിൽ വ്യാഴാഴ്ച ഓൺലൈൻ ചർച്ച നടത്തി. ഇതേ തുടർന്നാണ് സംസ്ഥാന മൃഗക്ഷേമ ബോർഡ് അന്തിമ തീരുമാനമെടുക്കട്ടെ എന്നു തീരുമാനിച്ചത്.
പദ്ധതി നടപ്പാക്കിയാൽ 5 വർഷത്തിന് അകം കേരളത്തെ പേവിഷ മുക്ത സംസ്ഥാനമാക്കാൻ കഴിയുമെന്നാണു ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വിലയിരുത്തൽ. ആനിമൽ ബർത്ത് കൺട്രോൾ(എബിസി)പദ്ധതി പ്രകാരമാണ് തെരുവുനായ്ക്കൾക്ക് കുത്തിവയ്പു നൽകാൻ മിഷൻ റാബീസ് സഹായം നൽകുക.
മറുനാടന് മലയാളി ബ്യൂറോ