തിരുവനന്തപുരം: കോഴിക്കോട് പന്തീരാകാവിൽ നവ വരൻ കേസിൽ കുടുങ്ങി. നവ വധുവിനെ ആഴ്ചകൾക്കുള്ളിൽ കൊല്ലാൻ ശ്രമിച്ച ഏറോനോട്ടിക്കൽ എഞ്ചിനിയർ. ഇതിനൊപ്പം തിരുവനന്തപുരത്തും മറ്റൊരു കബളിപ്പിക്കൽ വിവാഗം. കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നൽകി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാൽ, വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോൾ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തർക്കം ഉടലെടുക്കുകയും നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടരന്വേഷണത്തിലാണ് തട്ടിപ്പ് നവ വധു തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധുക്കളും എത്തി. ഏതായാലും ആദ്യ ദിവസം തന്നെ തർക്കം അറിഞ്ഞതു കൊണ്ട് തല്ലും മർദ്ദനവും ഒന്നും സംഭവിച്ചില്ല.

മിഥുന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോൾ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വർണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ ആരോപിച്ചു.

സംഭവത്തിൽ നവവധുവിന്റെ പരാതിയിൽ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദമുണ്ടായ ശേഷമാണ് നാട്ടുകാർ ഇതെല്ലാം വധുവിന്റെ ബന്ധുക്കളെ അറിയിച്ചത്.