- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോഡോ യാത്രയ്ക്കിടെ നടന്ന് വൈറലായ പെൺകുട്ടി; ഇന്ധന സെസിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാൻ എത്തിയപ്പോൾ സിഐ കുത്തി പിടിച്ചത് കോളറിന്; പിന്നെ വലിച്ചിഴക്കൽ; കാക്കിയിട്ട ക്രിമിനലെന്ന് ഉമാ തോമസ്; ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കുമെന്ന് ഷിയാസും; മിവാ ജോളിയോട് കാട്ടിയത് ശരിയോ?
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം വീണ്ടും. ഇന്ധന സെസിലെ പ്രതിഷേധമാണ് കരിങ്കൊടി കാട്ടലിന് കാരണം. ഇതിനെ അതിശക്തമായി നേരിടാനാണ് പൊലീസ് ശ്രമം. അതിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പുരുഷ പൊലീസിന്റെ അതിക്രമം നേരിടേണ്ടിയും വന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് ഇരയായത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്‌ഐ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപ്പെട്ടു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രതിഷേധം ഇനിയും ആളിക്കത്തും. മുഖ്യമന്ത്രിയുടെ പരിപാടികളിൽ എല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണഅ കെ എസ് യു-യൂത്ത് കോൺഗ്രസ് തീരുമാനം.
കളമശേരി സിഐയുടെ നേതൃത്വത്തിൽ ഒരുപറ്റം പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ കയറിപ്പിടിച്ചെന്നും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്നുമാണ് പരാതി. ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും. കളി കോൺഗ്രസിനോട് വേണ്ട'' രൂക്ഷ ഭീഷണിയുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റും പിന്നീട് വന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റിനായി അങ്കമാലിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇന്ധന സെസ് വർധനവിനെതിരെ സംസ്ഥാനത്താകമാനം കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് അങ്കമാലിയിലെ കരിങ്കൊടി കാണിക്കൽ.
പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ആരോപണം. ക്രൂരമായാണ് പെരുമാറിയതെന്ന് മിവാ ജോളിയും പറയുന്നു. ദേഹത്ത് പിടിച്ച് വലിച്ചത് പുരുഷ പൊലീസാണ്. പിടിച്ചും തലയ്ക്കടിച്ചുമാണ് പൊലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും മിവാ ജോളിയും പറയുന്നു. ഡിജിപിക്കും പരാതി കൊടുത്തിട്ടുണ്ട്. മിവയെ ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധന സെസിനൊപ്പം ഈ വിഷയവും കോൺഗ്രസ് ശക്തമായി പ്രതിഷേധമായി ഉയർത്തും.
കൊച്ചിയിൽ മുഖ്യമന്ത്രിക്കുനേരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. അങ്കമാലിയിൽ പ്രഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. വഴിയരികിൽ കാത്തുനിന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ നീങ്ങി. ഉച്ചകഴിഞ്ഞ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ കളമശ്ശേരിയിലും പ്രതിഷേധമുണ്ടായി. മുദ്രാവാക്യവുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു നിർത്തിയാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്.
കളമശേരിയിൽ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പ്രതിഷേധം. കണ്ടെയ്നർ റോഡിലെ ഡെക്കാത്ത്‌ലൺ പാർക്കിങ് ഏരിയയിൽ കാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിക്കയറി കരിങ്കൊടി വീശുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌ക്കർ പനയപ്പിള്ളി, ബ്ലോക്ക് പ്രസിഡന്റ് അൻവർ കരിം, ജില്ലാ സെക്രട്ടറി അൻസാർ തോംരാത്ത്, മണ്ഡലം സെക്രട്ടറി റഷീദ് അടമ്പയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളി എന്നിവരെ അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്യാൻ വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ വാഹനവ്യൂഹം കടന്നു പോകുന്നതു വരെ മിവ ജോളി പ്രതിഷേധം തുടർന്നു.
മിവാ ജോളിയെ പുരുഷ പൊലീസ് കോളറിൽ പിടിച്ച് വലിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംഎൽഎ. ഉമ തോമസും രംഗത്തു വന്നു. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉമ തോമസ് പറഞ്ഞു. ജനാധിപത്യ മാർഗത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പെൺകുട്ടിയെ പിണറായി പൊലീസ് തെരുവിൽ വലിച്ചിഴയ്ക്കുന്ന ചിത്രമാണിത്. ഈ കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. അഭിവാദ്യങ്ങൾ മിവാ ജോളി,-ഉമ തോമസ് കുറിച്ചു.
പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാക്കളെല്ലാം രൂക്ഷവിർശനവുമായി രംഗത്തെത്തിയിരുന്നു. ഒരു ചെറിയ പെൺകുട്ടിയെ കോളറിൽ പിടിച്ചു വലിക്കുന്നതാണ് പിണറായി സർക്കാരിന്റെ പുതിയ സ്ത്രീ സുരക്ഷ, സ്ത്രീ സമത്വത്തിന്റെ നേർ ചിത്രം. സ്വന്തം മകളുടെ പ്രായമുള്ള ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാനുള്ള മാനസികാവസ്ഥയിലേക്ക് കേരള പൊലീസ് കൂപ്പുകുത്തിയെന്നാണ് കോൺഗ്രസ് നേതാവ് വീണ എസ്. നായർ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കേരളത്തിലെ യാത്രയ്ക്കിടെ ഇത്തരത്തിൽ രാഹുൽ ഗാന്ധി ക്കൊപ്പം നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചു. 'പാക്കിസ്ഥാൻ സിന്താബാദ്' മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ എന്ന പെൺകുട്ടിയാണിതെന്ന് പ്രചരണമെത്തി. എന്നാൽ അത് മിവ ജോളിയായിരുന്നു.
രാഹുലിന്റെ സ്‌നേഹം ഏറ്റുവാങ്ങിയ ഈ പെൺകുട്ടിയ്‌ക്കെതിരെയായിരുന്നു പൊലീസിന്റെ അതിക്രമം. ആലുവ സ്വദേശിയാണ്. ഭാരത് ജോഡോ യാത്ര എറണാകുളത്തെ പാലാരിവട്ടം എത്തിയപ്പോഴാണ് മിവയ്ക്ക് രാഹുൽ ഗാന്ധിയുടെ അടുത്ത് എത്താനും ഒരുമിച്ച് നടക്കാനും സാധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ