ഐസാള്‍: റെയില്‍വേ ഉദ്യോഗസ്ഥരുമായി രണ്ട് കോച്ചുകളുള്ള ഒരു പ്രത്യേക ട്രെയിന്‍ സൈരാങ്ങിനടുത്ത് പുതുതായി നിര്‍മ്മിച്ച പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍, പ്രദേശവാസിയായ 85 വയസ്സുള്ള സത്വ്ന ഒരു നിമിഷം നിശ്ചലനായി നോക്കിനിന്നു. കണ്ണില്‍ ഉരുണ്ടുകൂടിയ നീര്‍ക്കണങ്ങള്‍ക്കിടെ ആ വിസമയക്കാഴ്ച നേരില്‍ കണ്ടു. വിസ്റ്റാഡോം കോച്ചിന്റെ ലോഹ പ്രതലത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചുളിവുകള്‍ വീണ കൈകള്‍ ആവേശത്താല്‍ വിറച്ചു. മിസോറാമിലെ കുന്നിന്‍ പ്രദേശങ്ങളില്‍ തന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച, അടുത്തുള്ള ഡാര്‍ലാവ്ങ് ഗ്രാമത്തില്‍ നിന്നുള്ള എണ്‍പത് വയസ്സുകാരന് ജീവിതത്തില്‍ ആദ്യമായി ഒരു ട്രെയിന്‍ നേരില്‍ കണ്ടതിന്റെ ആഹ്ലാദം വിട്ടൊഴിയുന്നില്ല.

''ഞാന്‍ ട്രെയിനുകളെക്കുറിച്ച് കേട്ടിരുന്നു, പക്ഷേ എന്റെ നാട്ടില്‍ ഒന്ന് ഉരുളുന്നത് കാണാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സ്വപ്നം സാക്ഷാത്കരിച്ചു,'' അദ്ദേഹം പ്രാദേശിക ലുഷായ് ഭാഷയില്‍ മൃദുവായി പറഞ്ഞു. സത്വ്ന മിസോറാമിന് പുറത്ത് മറ്റൊരു സ്ഥലത്തും പോയിട്ടില്ല. തന്റെ പ്രദേശത്തെ ആളുകള്‍ക്ക് ഇപ്പോള്‍ ജോലി, വിദ്യാഭ്യാസം, നൂതന ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി എളുപ്പത്തില്‍ മലയോര സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ കഴിയുമെന്ന പ്രതീക്ഷകളാണ് പിന്നെ അദ്ദേഹം പങ്കുവച്ചത്.

മഞ്ഞുമൂടിയ വായുവിലേക്ക് ഒഴുകിനടക്കുന്ന പച്ചപ്പു നിറഞ്ഞ കുന്നുകളും, ചരിവുകളില്‍ മൈലുകള്‍ ചിതറിക്കിടക്കുന്ന കെട്ടിടങ്ങളും, മുളയും വാഴക്കാടുകളും നിറഞ്ഞ മിസോറം, ഇന്ത്യയിലെ ഏറ്റവും മനോഹരവും എന്നാല്‍ വിദൂരവുമായ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലെ കുന്നിന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക്, റെയില്‍വേ കണക്റ്റിവിറ്റി എന്നത് പതിറ്റാണ്ടുകളായി സ്വപ്‌നം മാത്രമായിരുന്നു. ഇന്ന് അത് യാഥാര്‍ഥ്യമായിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ വാക്കു പാലിച്ചിരിക്കുന്നു.

2008-09 ല്‍ ബൈറാബി-സൈരാംഗ് പദ്ധതിക്ക് അനുമതി ലഭിക്കുന്നതുവരെ അസം അതിര്‍ത്തിയില്‍ നിന്ന് കൊളാസിബ് ജില്ലയിലെ ബൈറാബിയിലേക്ക് വെറും 5 കിലോമീറ്റര്‍ മീറ്റര്‍ ഗേജ് ലൈന്‍ മാത്രമേ സംസ്ഥാനത്തിനുണ്ടായിരുന്നുള്ളൂ. തലസ്ഥാന നഗരമായ ഐസ്വാളില്‍ നിന്ന് ഏകദേശം 17 കിലോമീറ്ററും ലെങ്പുയ് വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്ററും അകലെയുള്ള ബൈറാബിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റര്‍ പുതിയ പാത ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ പൂര്‍ത്തിയാക്കി, മിസോറാമിനെ ആദ്യമായി രാജ്യത്തിന്റെ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

മണ്ണിടിച്ചില്‍ സാധ്യതയുള്ള ദുര്‍ഘടമായ ഭൂപ്രദേശം, പ്രതികൂല കാലാവസ്ഥ, നിര്‍മ്മാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും അഭാവം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ കാരണം പദ്ധതിക്ക് കാലതാമസം നേരിട്ടു. വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, കൂടുതല്‍ തുരങ്കങ്ങളും ഉയര്‍ന്ന വയഡക്റ്റുകളും നിര്‍മ്മിച്ച് പരിസ്ഥിതി സൗഹൃദ സമീപനത്തിലൂടെ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കി. 2014 ല്‍ തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ റെയില്‍വേ ലൈനിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. അധികാരത്തിലേറി പതിനൊന്നു വര്‍ഷത്തിനുള്ളില്‍ ആ സ്വപ്‌നം മോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. തലസ്ഥാനം ദേശീയ റെയില്‍വേ ഗ്രിഡുമായി ബന്ധിപ്പിച്ച നാലാമത്തെ വടക്കുകിഴക്കന്‍ സംസ്ഥാനമായി മാറുകയാണ് മിസോറാം.

എഞ്ചിനീയറിംഗ് വിസ്മയം

ഏകദേശം 8,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റെയില്‍വേ ലൈന്‍ ചരിത്രപരം മാത്രമല്ല, കശ്മീര്‍ താഴ്വരയിലെ ചെനാബ് റെയില്‍ സെക്ഷനും തമിഴ്നാട്ടിലെ പാമ്പന്‍ പാലത്തിനും ശേഷം ഒരു എഞ്ചിനീയറിംഗ് അത്ഭുതം കൂടിയാണ്. ഏകദേശം 12.85 കിലോമീറ്റര്‍ നീളമുള്ള 45 തുരങ്കങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത, 55 പ്രധാന പാലങ്ങള്‍, 87 ചെറിയ പാലങ്ങള്‍, അഞ്ച് റോഡ് ഓവര്‍ബ്രിഡ്ജുകള്‍, ആറ് റോഡ് അണ്ടര്‍ബ്രിഡ്ജുകള്‍ എന്നിവയ്ക്ക് പുറമേ, വടക്കുകിഴക്കന്‍ മേഖലയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൊന്നില്‍ പൂര്‍ത്തീകരിച്ച എഞ്ചിനീയറിങ് വിസ്മയം കൂടിയാണ്.

ഏറ്റവും പ്രശസ്തമായ ഘടനകളില്‍ ഒന്നാണ് 114 മീറ്റര്‍ ഉയരമുള്ള, ഡല്‍ഹിയിലെ ഐക്കണിക് കുത്തബ് മിനാറിനേക്കാള്‍ 42 മീറ്റര്‍ ഉയരമുള്ള 196-ാം നമ്പര്‍ പാലം. സായ്രംഗ് സ്റ്റേഷന് സമീപമുള്ള ആഴത്തിലുള്ള പച്ച താഴ്വരകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇത് ഇപ്പോള്‍ പദ്ധതിയുടെ ഒരു സിഗ്‌നേച്ചര്‍ ചിഹ്നമാണ്. ഏറ്റവും നീളമേറിയ തുരങ്കം (നമ്പര്‍ 40) 1.37 കിലോമീറ്ററിലധികം നീളുന്നു.




റെയില്‍വേ എഞ്ചിനീയര്‍മാരെ സംബന്ധിച്ചിടത്തോളം, നിര്‍മ്മാണ കാലയളവ് മുഴുവന്‍ പ്രകൃതിയുമായുള്ള ഒരു യുദ്ധമായിരുന്നു. 51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ റെയില്‍വേ ലൈനിനായി നിര്‍മ്മാണ സാമഗ്രികള്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി റെയില്‍വേ 200 കിലോമീറ്ററിലധികം റോഡ് നിര്‍മ്മിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതില്‍ നിര്‍മ്മാണ സംഘം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. 2023 ല്‍ 26 തൊഴിലാളികളുടെ മരണത്തിന് കാരണമായ ദാരുണമായ പാലം തകര്‍ച്ചയും ആവേശം കെടുത്തിയില്ല.

''ആളുകളും വസ്തുക്കളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിച്ചത്. അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് പൊടിച്ച കല്ലുകള്‍ കൊണ്ടുവന്നപ്പോള്‍, അസമില്‍ നിന്നാണ് മണല്‍ വാങ്ങിയത്. കൊല്‍ക്കത്തയില്‍ നിന്ന് ബലപ്പെടുത്തല്‍ കമ്പുകളും ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് സ്റ്റീല്‍ ഗര്‍ഡറുകളും കൊണ്ടുവന്നു. പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു നിര്‍മാണത്തിനായി എത്തിയത്'' പ്രിന്‍സിപ്പല്‍ ചീഫ് എഞ്ചിനീയര്‍ വിനോദ് കുമാര്‍ പറയുന്നു.

നിര്‍മ്മാണ സ്ഥലത്തേക്ക് ഗര്‍ഡറുകള്‍ കൊണ്ടുപോകുന്നത് വളരെ വലിയ ഒരു ലോജിസ്റ്റിക് വെല്ലുവിളിയായിരുന്നു, അതിനാല്‍ റെയില്‍ ശൃംഖല ഉപയോഗിച്ച് ബൈറാബിയിലേക്കും പിന്നീട് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ നടത്തി വ്യത്യസ്ത സ്ഥലങ്ങളിലേക്കും കൊണ്ടുപോകേണ്ടി വന്നതായി കുമാര്‍ പറഞ്ഞു. ''ചിലപ്പോള്‍ ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ കാരണം ഒരു ദിവസത്തെ ജോലി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തിലധികം സമയമെടുത്തു,'' അദ്ദേഹം പറഞ്ഞു.

പത്തു വര്‍ഷം നീണ്ട ശ്രമത്തിനൊടുവിലാണ് ബൈറാബി-സൈരാങ് റെയില്‍പ്പാത പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ എന്‍ജിനിയറിങ് വിസ്മയമായി മാറിയ പാതയുടെ പകുതി ദൂരത്തിലേറെയും പാലങ്ങളും തുരങ്കങ്ങളുമാണ്. ഒറ്റപ്പെട്ട മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുകൂടി ട്രെയിനുകളെത്തിക്കാനുള്ള പദ്ധതിക്ക് ഊര്‍ജ്ജംപകരുന്നതാണ് ബൈറാബി-സൈരാങ് പാതയുടെ നിര്‍മാണം. ഈ പാത നിര്‍മിക്കാനായി റെയില്‍വേക്ക് 200 കിലോമീറ്റര്‍ റോഡ് നിര്‍മിക്കേണ്ടിവന്നു. കാടിനുള്ളിലെ പാതയ്ക്കായി തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കാനുള്ള യന്ത്രസാമഗ്രികള്‍ എത്തിക്കാനാണ് ഇത്രയും റോഡുകള്‍ നിര്‍മിച്ചത്.

റെയില്‍പ്പാതയുടെ അലൈന്‍മെന്റ് കടന്നുപോകുന്ന ഭൂരിഭാഗം സ്ഥലങ്ങളിലേക്കും റോഡ് ബന്ധമില്ലായിരുന്നു. നിര്‍മാണസ്ഥലത്തേക്ക് പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കാനുള്ള അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടര്‍ന്ന് പുതിയ റോഡുകള്‍ നിര്‍മിച്ച് നദിക്കരകളിലേക്കും കുന്നിന്‍മുകളിലേക്കും യന്ത്രങ്ങളെത്തിച്ചു. യാതൊരു സൗകര്യവുമില്ലാത്ത കാടുകളിലേക്ക് ജോലിക്കെത്താന്‍ ആദ്യഘട്ടത്തില്‍ തൊഴിലാളികളും മടിച്ചു.




തുരങ്കങ്ങളുടെ പാത, പാലങ്ങളുടെയും

മലകളെയും താഴ്വാരങ്ങളെയും ബന്ധിപ്പിക്കുകയെന്ന വെല്ലുവിളി തുരങ്കങ്ങളും സമാന്തരമായി പാലങ്ങളും തീര്‍ത്താണ് മറികടന്നത്. 2014-ലാണ് പദ്ധതി ആരംഭിച്ചത്. ഓരോ വര്‍ഷവും നാലു മാസം മാത്രമാണ് പണി നടന്നതെന്ന് വടക്കുകിഴക്കന്‍ ഫ്രണ്ടിയര്‍ റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മഴയും മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയുമായിരുന്നു തടസ്സം. പാതയുടെ 12.83 കിലോമീറ്റര്‍ ദൂരം മലകള്‍ക്കകത്തുകൂടിയുള്ള തുരങ്കങ്ങളാണ്. 48 തുരങ്കങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും വലിയ തുരങ്കത്തിന് 1.37 കിലോമീറ്റര്‍ ദൂരമുണ്ട്. സൈരാങ് റെയില്‍വേസ്റ്റേഷനു സമീപം നിര്‍മ്മിച്ച ക്രങ് പാലത്തിന് 114 മീറ്റര്‍ ഉയരമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പാലമാണിത്. 55 വലിയ പാലങ്ങളും 87 ചെറുപാലങ്ങളുമാണ് നിര്‍മിച്ചിട്ടുള്ളത്. റോഡുകള്‍ മുറിച്ചുകടക്കുന്ന അഞ്ച് മേല്‍പ്പാലങ്ങളും ആറ് അടിപ്പാലങ്ങളുമുണ്ട്. ഹോര്‍തോകി, കാന്‍പൂയി, മാല്‍ഖാങ്, സായിരങ് എന്നിവയാണ് പുതിയ പാതയിലെ നാല് റെയില്‍വേ സ്റ്റേഷനുകള്‍.

ഒരു കിലോമീറ്ററിന് 100 കോടി രൂപ

5021.45 കോടി രൂപയാണ് റെയില്‍പ്പാതയുടെ നിര്‍മാണച്ചെലവ്. അതായത്, ഒരു കിലോമീറ്ററിന് 100 കോടിയോളം രൂപ. നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി തൊഴിലാളികളുടെ ജീവന്‍ നഷ്ടമായിരുന്നു. ഭാവിയില്‍ മണ്ണിടിച്ചില്‍ പരമാവധി ഒഴിവാക്കുന്ന തരത്തിലാണ് നിര്‍മാണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.




മിസോറമിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് റെയില്‍വേ വഴിയുള്ള ബന്ധിപ്പിക്കല്‍. അസമിലെ സില്‍ച്ചാറില്‍നിന്നാണ് മിസോറമിലേക്ക് നിത്യോപയോഗസാധനങ്ങള്‍ അടക്കമുള്ളവ എത്തുന്നത്. സില്‍ച്ചാറില്‍നിന്ന് റോഡ് മാര്‍ഗം ഐസ്വാളിലെത്താന്‍ പത്ത് മണിക്കൂറോളം വേണം. എന്നാല്‍, ട്രെയിനില്‍ മൂന്നു മണിക്കൂര്‍ മതി. ഗുവാഹാട്ടിയില്‍നിന്ന് 13 മണിക്കൂറും. റോഡ് മാര്‍ഗം ഗുവാഹാട്ടിയില്‍നിന്ന് 24 മണിക്കൂറാണ് യാത്രാദൂരം.

റെയില്‍വേ വരുന്നതോടെ ചരക്കുനീക്കം കൂടുതല്‍ സുഗമമാവുകയും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍പ്പാത രാജ്യത്തിനു സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നാഗാലന്‍ഡ്, മണിപ്പുര്‍, മേഘാലയ, സിക്കിം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.