- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എംവിആറിന്റെ വിശ്വസ്തനായ തൃശൂരിലെ മുൻ എംഎൽഎ; നേതാവിന്റെ മരണത്തോടെ വീണ്ടും സിപിഎമ്മിലേക്ക് ചേക്കേറി; സഹകരണ സംഘത്തിന്റെ കരുത്തിൽ വീണ്ടും സംസ്ഥാന നേതാവായി; മൊയ്തീന് പിന്നാലെ മറ്റൊരു സഖാവും ഇഡി കുരുക്കിൽ; എംകെ കണ്ണൻ ചെറിയ മീനല്ല!
തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ സിപിഎം സംസ്ഥാനസമിതി അംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. അയ്യന്തോൾ സഹകരണ ബാങ്കിലെ റെയ്ഡിന് പിന്നാലെ എം.കെ.കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തി. മുൻ മന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും നാളെ ചോദ്യം ചെയ്യും. ഇതിനിടെയാണ് കണ്ണനിലേക്ക് അന്വേഷണം.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയാണ്. പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.
സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയിൽനിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് കണ്ണന്റെ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അയ്യന്തോൾ ബാങ്കിലുള്ള നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. എം.കെ.കണ്ണന്റെ അറിവോടെയാണ് സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക നീളുന്നത്.
ഇയാളുടെ അക്കൗണ്ടുകളിലക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് വിവരം. ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാൾ ബാങ്കിൽ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം.
ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിലുള്ള പല അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ. 2013 മുതൽ 2023 വരെയുള്ള കാലത്ത് നടത്തിയ ഇടപാടുകളാണ് ഇഡി പരിശോധിച്ചത്. ഒരു ദിവസം 50,000 രൂപ വച്ച് ഏറെ തവണ ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. തൃശൂർ ബാങ്കിലെ ഇടപാടുകൾക്ക് കണ്ണന്റെ അറിവുണ്ടെന്നാണ് ഇഡി നിഗമനം. എംവി രാഘവന്റെ വിശ്വസ്തനായിരുന്നു കണ്ണൻ. സിഎംപിയിൽ നിന്നും കുറച്ചു കാലം മുമ്പാണ് കണ്ണൻ സിപിഎമ്മിൽ തിരിച്ചെത്തിയത്.
1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന കണ്ണൻ 1986ലാണ് സി.എംപിയിൽ ചേരുന്നത്. 1998ൽ തൃശൂർ എംഎൽഎയായി. തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ അർബൻ ഡവലപ്പ്മെന്റ് അഥോറിറ്റി ചെയർമാൻ, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ, തൃശൂർ ജില്ലാ സഹകരണ ആയുർവേദ ആശുപത്രി പ്രസിഡന്റ്, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെൻട്രൽ കൗൺസിൽ അംഗം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
കെ. ആർ. അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടർന്നാണ് സി.എംപി ജനറൽ സെക്രട്ടറിയായത്. സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്ന കണ്ണൻ സംഘടനയെ സിപിഎമ്മിൽ ലയിപ്പിക്കാനുള്ള ചർച്ചയിലും സജീവമായിരുന്നു. ഇതിനിടെയാണ് കോടതിവിലക്ക് നിലനിൽക്കെ, സി.എംപി കണ്ണൻ വിഭാഗം സിപിഎമ്മിൽ ലയിച്ചത്. ഇതോടെ വീണ്ടും കണ്ണൻ സിപിഎമ്മിന്റെ മുഖമായി. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് കണ്ണൻ.
നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കരുവന്നൂരിൽ ഇടനിലനിന്ന് കിരൺ 30 കോടി രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ പണം എവിടെയെന്നത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിരുന്നില്ല. നിലവിൽ ഇ.ഡി. കൊച്ചിയിലെ ബിസിനസുകാരനായ ദീപക് എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നുണ്ട്. വിവിധ ഷെൽ കമ്പനികളുണ്ടാക്കി അഞ്ചരക്കോടി രൂപ ദീപക് വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്.
കിരണിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ദീപക് സത്യപാലൻ. അതുകൊണ്ടുതന്നെ കിരൺ തട്ടിയ 30 കോടി രൂപയിൽ അഞ്ചരക്കോടി രൂപ വെളുപ്പിച്ചത് ദീപക് വഴിയാണെന്നാണ് ഇ.ഡി. നിഗമനം. അതിനിടെ കൊടുങ്ങല്ലൂർ ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും വടക്കാഞ്ചേരി ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും കോലേരി, കാഞ്ഞാണി ഭാഗങ്ങളിലെ ഓരോ ബാങ്കിലും കള്ളപ്പണ ഇടപാടുകൾ നടന്നതായി ഇ.ഡി.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.