തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകവേ എംഎൽഎ ഹോസ്റ്റലിന്റെ പൊളിച്ചുപണി തുടങ്ങി. കാലപ്പഴക്കം കണക്കിലെടുത്താണ് അരനൂറ്റാണ്ട് പിന്നിട്ട പമ്പ പൊളിച്ച് നീക്കി പുതിയ ഫ്‌ളാറ്റ് സമുച്ചയം പണിയാൻ സർക്കാർ തീരുമാനിച്ചത്. 2021 നവംബർ 9 ന് പദ്ധതിയുടെ നിർമ്മാണ ചെലവ് ലഘൂകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. തുടർന്നാണ് 85 കോടി 38 ലക്ഷം രൂപയുടെ പദ്ധതി 73 കോടി പത്തൊമ്പത് ലക്ഷത്തിലേക്ക് ചുരുക്കിയത്. ഏകദേശം പത്ത് കോടി രൂപ കുറഞ്ഞുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.

'പമ്പ' ബ്ലോക്ക് പൊളിച്ച് നീക്കാൻ 71.61 ലക്ഷം രൂപ ചെലവ് വരും. പൊളിച്ച് നീക്കാൻ കരാർ ലഭിച്ചത് ചെന്നൈ ആസ്ഥാനമായ താരിഖ് എന്റർപ്രൈസസിനാണ്.. അവർ ഹിറ്റാച്ചിയും ജെസിബിയുമൊക്കെ ഉപയോഗിച്ച് കെട്ടിടം പൊളിക്കൽ തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസം കൊണ്ട് പൊളിക്കൽ പൂർത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഫർണിച്ചർ ഒഴികെയുള്ള എല്ലാ സാധനങ്ങളും താരിഖ് എന്റർപ്രൈസസ് നീക്കം ചെയ്യണം. ഇതിനുള്ള തുക സർക്കാരിൽ കെട്ടിവച്ച ശേഷമാണ് പൊളിക്കൽ തുടങ്ങിയതെന്ന് കമ്പനി ജീവനക്കാരൻ മുഹമ്മദ് ബിലാലുദീൻ പറഞ്ഞു.

പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിന് 73. 19 കോടി രൂപയാണ് ചെലവ് വരിക. പമ്പയിൽ താമസിച്ചിരുന്ന എംഎൽഎമാർ മുൻ എംഎൽഎമാർക്ക് താമസിക്കാനായി നിർമ്മിച്ച ഒറ്റ മുറികളുള്ള 'നിള'യിലേയ്ക്ക് മാറി. സിപിഎമ്മിലെ എം.എസ്.അരുൺകുമാർ, പി.വി.ശ്രീനിജൻ, എ.രാജ, പി.പി.സുമോദ്, ജി.സ്റ്റീഫൻ, ഡോ.സുജിത് വിജയൻ പിള്ള, സിപിഐയിലെ സി.സി.മുകുന്ദൻ, കോൺഗ്രസിലെ സജീവ് ജോസഫ്, ടി.സിദ്ദീഖ്, സി.ആർ.മഹേഷ്, സനീഷ് കുമാർ ജോസഫ്, മുസ്ലിംലീഗിലെ യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എം.കെ.എം.അഷ്‌റഫ്, എൻസിപിയിലെ തോമസ് കെ.തോമസ് എന്നിവരായിരുന്നു പമ്പ ബ്ലോക്കിൽ താമസിച്ചിരുന്നത്.

അന്തേവാസികളായ നിയമ സഭാ സാമാജികർക്ക് വേണ്ടി സ്വകാര്യ ഹോട്ടലുകളും ഫ്‌ളാറ്റുകളും നൽകാമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. വാടകയിനത്തിൽ വർഷം 48 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. അരക്കോടിയോളം രൂപ വാടകയ്ക്കായി ചെലവഴിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി എംഎൽഎമാർ നിളയിലേക്ക് മാറാൻ സ്വയം തീരുമാനിക്കുകയായിരുന്നു.

പമ്പയ്ക്ക് പകരം 60 ഫ്‌ളാറ്റുകളുള്ള പുതിയ ബ്ലോക്കാണ് നിർമ്മിക്കുക. ഫ്‌ളാറ്റൊന്നിന് ഏകദേശം ഒരു കോടി 22 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്ക് . ശോഷിച്ച ഖജനാവിനെക്കുറിച്ചും കടം വാങ്ങാനുള്ള തത്രപ്പാടിനെക്കുറിച്ചും വയറു മുറിക്കെട്ടണമെന്ന ആഹ്വാനവും പ്രകമ്പനം കൊള്ളുന്ന സംസ്ഥാന അന്തരീക്ഷത്തിൽ അത്യാഡംബര ഫ്‌ളാറ്റ് നിർമ്മാണം ഉയർത്തുന്ന ചോദ്യം പ്രസ്‌കവുമാണ്. പമ്പ ഓർമയാകുമ്പോൾ കൂടെ മണ്ണടിയുന്നത് എത്രയെത്ര രാഷ്ട്രീയ തന്ത്രങ്ങൾക്ക് വേദിയായിരുന്ന കെട്ടിട സമുച്ചയമാണെന്ന കാര്യവും വിസ്മരിക്കാൻ ആകില്ല.