കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കായുള്ള സ്റ്റേജ് നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ഉമ തോമസ് എം.എല്‍.എ. നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎല്‍എ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമര്‍ശനവും എംഎല്‍എ ഉന്നയിച്ചു.

ജി.സി.ഡി.എക്കും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയത് തെറ്റായ നടപടിയാണ്. കുഴപ്പം സംഘാടകരുടെ മാത്രമാക്കാനാണ് ശ്രമം. കരാര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. താന്‍ വീണതു കൊണ്ട് അപാകത പുറംലോകം അറിഞ്ഞു. വേദിയിലെത്തിയ വി.ഐ.പികള്‍ക്ക് പൂവ് നല്‍കാനെത്തിയ കുട്ടികള്‍ക്കായിരുന്നു അപകടം സംഭവിച്ചതെങ്കിലോ എന്നും ഉമ ചോദിച്ചു.

സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ തനിക്ക് വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാന്‍ ആ പരിപാടിയില്‍ തുടര്‍ന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു. പരിപാടിക്കിടെ അപകടമുണ്ടായപ്പോള്‍ അതാത് സീറ്റില്‍ ഇരുന്ന് ഉദ്ഘാടനം ചെയ്തത് ശരിയായില്ല. അപകടം സീരിയസില്ലെന്ന് പലരും കരുതിക്കാണും. എന്ത് സംഭവിച്ചുവെന്ന് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്വേഷിച്ച് പോലുമില്ല.

'അഴയിലിട്ട തുണി വീണ ലാഘവത്തോടെയാണ് വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളില്‍ പോയിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. എന്തു സംഭവിച്ചെന്ന് അന്വേഷിക്കാന്‍ മന്ത്രിയുള്‍പ്പെടെ ഉള്ളവര്‍ തയാറായില്ല. മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നു സ്റ്റേജ് നിര്‍മാണം. ബാരിക്കേഡിന് മുകളിലായാണ് സ്റ്റേജ് നിര്‍മിച്ചത്. ജിസിഡിഎയ്ക്കും പൊലീസിനും ക്ലീന്‍ചിറ്റ് നല്‍കി അപകടം സംഘാടകരുടെ മാത്രം കുഴപ്പമാക്കി മാറ്റുകയാണ്. കരാറടക്കം പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണം.' ഉമ തോമസ് അഭിമുഖത്തില്‍ പറഞ്ഞു.

അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ല. വേണ്ട സമയത്ത് വിളിക്കാന്‍ പോലും അവര്‍ തയാറായില്ല. അവരില്‍നിന്ന് ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നു. മഞ്ജുവാര്യരോട് ഇക്കാര്യം പറഞ്ഞതിന് ശേഷമാണ് ദിവ്യ വിളിച്ചത്. ദിവ്യ ഉണ്ണിയെ പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് പറഞ്ഞു.

ഒരു വിഷയത്തെ ചൂണ്ടിക്കാട്ടാനാണ് താന്‍ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ സന്ദര്‍ശനത്തെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. വീണ ഒരാളെ സന്ദര്‍ശിക്കുക എന്നത് നാടിന്റെ നേതാവിന്റെ ഐഡന്റിറ്റിയാണെന്നും ഉമ തോമസ് വ്യക്തമാക്കി.

ഡിസംബര്‍ 29നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം പരിപാടിക്കിടെ ഉമ തോമസിന് സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരുക്കേറ്റത്. പതിനഞ്ചടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീഴുകയായിരുന്നു. നാല്‍പതിലേറെ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് ഉമ തോമസ് ആരോഗ്യം വീണ്ടെടുത്തത്.

പത്തടിയിലധികം ഉയരമുള്ള വേദിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല അടക്കം ശരീരഭാഗങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ എം.എല്‍.എയെ പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് വിദഗ്ധ ചികിത്സ നല്‍കിയത്.

46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 13നാണ് ഉമ തോമസ് വീട്ടിലേക്ക് മടങ്ങിയത്. പി.ടി. തോമസ് ദൈവത്തോടൊപ്പം ചേര്‍ന്നു നിന്ന് തന്നെ കൈവെള്ളയിലെടുത്ത് കാത്തതായിരിക്കും, അതുകൊണ്ടാവാം അത്രയും വലിയ ഉയരത്തില്‍ നിന്ന് വീണിട്ടും പരിക്കുകളോടെ താന്‍ ബാക്കിയായതെന്നാണ് ഉമ തോമസ് അപകടത്തെ കുറിച്ച് പറഞ്ഞത്.