തിരുവനന്തപുരം: വിവിധാവശ്യങ്ങൾക്ക് തലസ്ഥാനത്തെത്തിയാൽ തലചായ്ക്കാനിടമില്ലാതെ സംസ്ഥാനത്തെ 19 എംഎൽഎമാർ.എംഎൽഎ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ചതോടെയാണ് എംഎൽഎമാർ പെരുവഴിയിലായത്.ഇതിന് പിന്നാലെ ഫ്‌ളാറ്റ് തേടി പരസ്യം നൽകിയെങ്കിലും താമസസൗകര്യം നൽകാൻ ഉടമകൾ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.എപ്പോഴും ആളും ബഹളവുമായിരിക്കുമെന്നും മറ്റ് താമസക്കാർക്ക് സ്വൈരമുണ്ടാകില്ലെന്നുമാണ് ഉടമസ്ഥർ പറയുന്നത്.ഇതോടെ 19 എംഎ‍ൽഎമാർക്ക് താമസ സൗകര്യം തേടി നെട്ടോട്ടമോടുകയാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ.

കഴിഞ്ഞ വർഷം മാർച്ചിലാണ് എംഎൽഎ ഹോസ്റ്റൽ സമുഛയത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമായ പമ്പ ബ്ലോക്ക് പൊളിച്ച് ഫ്‌ളാറ്റ് പണിയാൻ തീരുമാനമായത്.ഇതിന് പിന്നാലെ എംഎൽഎമാർക്ക് താമസസൗകര്യമൊരുക്കാൻ കരമന - മേലാറന്നൂർ റോഡിലെ സ്വകാര്യ ഫ്‌ളാറ്റിന് നിയമസഭാ സെക്രട്ടേറിയറ്റ് കരാർ ഒപ്പിട്ടിരുന്നു.എന്നാൽ അവിടെ താമസം ആരംഭിച്ചതിന് ശേഷമാണ് താമസസൗകര്യവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും മറച്ച് വച്ചാണ് കരാർ ഒപ്പിട്ടതെന്ന് മനസിലായത്.

റെയിൽവേ ഫ്‌ളൈഓവറിനായി പാർക്കിങ് ഏരിയ പൊളിച്ചതോടെയാണ് ആദ്യപണി തിരിച്ചറിഞ്ഞത്.അതോടെ എം.എ.എൽമാർക്ക് ഇറങ്ങേണ്ടിവന്നു.എംഎ‍ൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളിൽ ഷെഡ് ഒരുക്കിയെങ്കിലും സൗകര്യം തീരെ കുറവായതിനാൽ എംഎ‍ൽഎ മാർ പലരും അവിടേക്ക് പോകാറില്ല.സന്ദർശകരെ കാണാനുള്ള സൗകര്യവും ഇല്ല. എംഎ‍ൽഎമാർ പരാതിപ്പെട്ടതോടെയാണ് പുതിയ വാടക കെട്ടിടം തേടുന്നത്.ഇതിനെല്ലാം ഒടുവിലാണ് എം എൽ എമാർക്ക് ഫ്‌ളാറ്റ് തേടിയുള്ള പരസ്യം പ്രസിദ്ധീകരിച്ചത്.

നിയമസഭയിൽ നിന്ന് എട്ട് കിലോമീറ്ററിനുള്ളിൽ, നഗരപരിധയിലുള്ള 19 ഫ്‌ളാറ്റുകളുള്ള കെട്ടിടം വേണം.സൗകര്യങ്ങൾ വേണം.വാടക പരമാവധി കുറവായിരിക്കണം.എല്ലാ ഫ്‌ളാറ്റുകളും ഒരേ കെട്ടിടത്തിലോ അടുത്തടുത്ത കെട്ടിടങ്ങളിലോ ആയിരിക്കണം എന്നിങ്ങനെയാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഡിമാൻഡ്.ഫ്‌ളാറ്റുകളിൽ ഉണ്ടായിരിക്കേണ്ട സൗകര്യത്തെക്കുറിച്ചും ക്വട്ടേഷനിൽ പറയുന്നുണ്ട്.2 ബി.എച്ച്.കെ/3 ബി.എച്ച്.കെ എല്ലാ മുറികളും ഫർണിഷ് ചെയ്തിരിക്കണം,രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം,ഒരു മുറിയിൽ എ.സി പ്രത്യേക വൈദ്യുതി മീറ്ററും വാട്ടർ മീറ്ററും,എംഎ‍ൽഎമാർ അനുവദിക്കുന്ന സന്ദർശകർക്ക് പ്രവേശനം മാലിന്യ നിർമ്മാർജനം, പാർക്കിങ് എന്നിങ്ങനെ പോകുന്ന നിബന്ധനകൾ.

അമ്പത് വർഷത്തോളം പഴക്കമുള്ള 'പമ്പ' ബ്ലോക്ക് പൊളിച്ച് ഫ്‌ളാറ്റാണ് പണിയുക. 65-70 കോടി ചെലവിൽ പ്രതീക്ഷിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ആലോചന.കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് നദികളുടെ പേരിലാണ് എംഎൽഎ ഹോസ്റ്റലിലെ കെട്ടിടങ്ങൾ അറിയപ്പെടുന്നത്.പെരിയാർ,നിള, ചന്ദ്രഗിരി,പമ്പ എന്നിങ്ങനെയുള്ള പേരിലുള്ള കെട്ടിടങ്ങളിൽ പമ്പ ബ്ലോക്കിൽപ്പെട്ട മുറികളിലധികവും കാലപഴക്കം ചെന്നവയാണ്.

അരനൂറ്റാണ്ടോളം പഴക്കമുള്ള പമ്പ ബ്ലോക്കിൽ ഇടുങ്ങിയ 68 ഒറ്റമുറികളിലാണ് എംഎൽഎ മാരുടെ ഓഫീസും വാസസ്ഥലവും പ്രവർത്തിക്കുന്നത്. ഇതിൽ മിക്കവയും താമസയോഗ്യമല്ല. മാത്രമല്ല, പലതും മേൽക്കൂര അടർന്നു വീഴുന്നവയും ചോർന്നൊലിക്കുന്നവയുമാണ്. ഈ പശ്ചാത്തലത്തിലാണ് പമ്പ ബ്ലോക്കിലെ എംഎൽഎമാർക്കായുള്ള കെട്ടിടം പൂർണ്ണമായും മാറ്റി അവിടെ ഫ്‌ളാറ്റ് സമുച്ചയം സ്ഥാപിക്കാനൊരുങ്ങുന്നത്.ആധുനിക സജ്ജീകരണത്തോടെയുള്ള ഫ്‌ളാറ്റ് സമുച്ചയമായിരിക്കും പമ്പയിൽ നിർമ്മിക്കുന്നത്.

65-70 കോടി വരെയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.രണ്ടു കിടപ്പുമുറി,ഓഫീസ് സംവിധാനം,അടുക്കള,ബാൽക്കണി, ഹാൾ എന്നിവ ഉൾപ്പെടെ 64 ഫ്‌ളാറ്റുകളാണ് 11 നിലകളിലായി നിർമ്മിക്കുന്നത്.നഗരത്തിലെത്തുന്ന മുൻ എംഎൽഎമാർക്കും സംസ്ഥാനത്തിനു പുറത്ത് നിന്ന് എത്തുന്ന നിയമസഭ കമ്മിറ്റി അംഗങ്ങൾക്കും മറ്റ് വിഐപികൾക്കും താമസിക്കാൻ ഇവിടെ സൗകര്യം ഉണ്ടായിരിക്കും.മികച്ച സജ്ജീകരണങ്ങളാണ് ഫ്‌ളാറ്റുകളിൽ ഒരുക്കുക.ഇത്രയും പൂർത്തിയാകാൻ കാലതാമസം എടുക്കുമെന്നതിനാലാണ് ഇപ്പോൾ വേഗത്തിൽ താമസ സൗകര്യമൊരുക്കാൻ ജീവനക്കാർ പരക്കം പായുന്നത്.