മൂന്നാർ: ഹൈക്കോടതിക്ക് പുല്ലുവില. കോടതി ഉത്തരവിനേയും മറികടന്ന് നിർമ്മാണം. റവന്യൂവകുപ്പ് നിരാക്ഷേപ പത്രം (എൻഒസി.) നിഷേധിച്ച പഴയ മൂന്നാർ പുഴയോരത്തെ അമ്യൂസ്മെന്റ് പാർക്കിന്റെ ഉദ്ഘാടനം നടത്തി സിപിഎം. നേതൃത്വം നൽകുന്ന മൂന്നാർ സഹകരണബാങ്ക് നിയമം ലംഘനം പരസ്യമായി നടത്തുകയാണ്. പാർക്കിനുള്ളിലെ റൈഡുകളും പ്രവർത്തിപ്പിച്ചു. ബാക്കിയുള്ള നിർമ്മാണവും പുനരാരംഭിച്ചു.

നിരാക്ഷേപപത്രമില്ലാതെ, വൈദ്യുതവകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത പഴയ മൂന്നാർ ഹൈഡൽ പാർക്കിലെ നാലേക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുന്നെന്ന പരാതി ഹൈക്കോടതിയിലെത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് റവന്യൂവകുപ്പ് പാർക്കിന് എൻഒസി. നിരസിച്ചത്. ഇതിനെതിരേ ബാങ്ക് അധികൃതർ, ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയിരുന്നു. ഇതിൽ തീരുമാനമാകും മുമ്പാണ് ഇപ്പോൾ നിർമ്മാണം പുനരാംഭിച്ചിട്ടുള്ളത്. നിർമ്മാണം റവന്യൂവകുപ്പും നിരോധിച്ചിട്ടുണ്ട്. മുൻ മന്ത്രി എംഎം മണിയാണ് മുമ്പിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ തടയാൻ ആർക്കും കഴിയുന്നില്ല.

പ്രദേശത്ത് നിർമ്മാണനിരോധനം നിലനിൽക്കുന്നതിനാൽ അമ്യൂസ്മെന്റ് പാർക്കിന് നിരാക്ഷേപത്രം (എൻഒസി.) നൽകാനാകില്ലെന്ന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. പാർക്കിന്റെ നിർമ്മാണം പുഴയിൽനിന്ന് വേണ്ടത്ര അകലത്തിലല്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പിന്നീട് സബ് കളക്ടറും നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി. ഇവിടെയാണ് സിപിഎം നേതൃത്വം വെല്ലുവിളിയുമായി നിർമ്മാണത്തിന് എത്തുന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഉദ്ഘാടനം.

പാർക്ക് വരുന്നത് തടയാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് രാവിലെ മൂന്നാറിൽ, ബാങ്കിന്റെ നേതൃത്വത്തിൽ അമ്യൂസ്മെന്റ് പാർക്ക് സംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. തുടർന്ന് പ്രകടനമായി ഹൈഡൽ പാർക്കിലെത്തിയാണ് ഉദ്ഘാടനംചെയ്തത്. എ.രാജ എംഎ‍ൽഎ. ബാങ്ക് പ്രസിഡന്റ് കെ.വി. ശശിക്ക് ആദ്യ ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇതിന് മുമ്പ് തന്നെ ചില പ്രഖ്യാപനങ്ങൾ എംഎൽഎ കൂടിയായ എംഎം മണി നടത്തിയിരുന്നു.

സൂര്യനുതാഴെ ആരെതിർത്താലും പഴയമൂന്നാറിലെ അമ്യൂസ്മെന്റ് പാർക്കിന്റെ പണികളുമായി മുമ്പോട്ടുപോകുമെന്ന് എം.എം. മണി സംരക്ഷണസമിതി രൂപവത്കരണയോഗത്തിൽ പറഞ്ഞിരുന്നു. തോട്ടംതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇതിന്റെ പണികൾ പൂർത്തിയാക്കണം. കളക്ടറോ, സർക്കാരോ ആര് എതിർത്താലും പണികളുമായി മുന്നോട്ടുപോകും. മൂന്നാറിന്റെ സമഗ്ര വികസനത്തിന് പാർക്ക് അനിവാര്യമാണെന്നും എം.എം. മണി പറഞ്ഞു. ഏത് പുല്ലൻ വന്നാലും ഇത് തടയാൻ പറ്റില്ല എന്നും ആര് തടയാൻ വന്നാലും നമ്മൾ പാർക്ക് നിർമ്മാണം പുനരാരംഭിക്കും എന്നുമാണ് എം എം മണി പ്രസംഗത്തിൽ പറയുന്നത്.

സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് ആണ് ഹൈഡൽ പാർക്ക് നിർമ്മിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ ആയിരുന്നു നിർമ്മാണം . മുതിരപ്പുഴയാറിന്റെ തീരത്തുള്ള 17 ഏക്കറിൽ ബാങ്കിനു വിട്ടു നൽകിയ സ്ഥലത്ത് പത്ത് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. എന്നാൽ പാർക്കിന് അനുമതി നൽകില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് അറിയിച്ചതോടെയാണ് മൂന്നാറിൽ സിപിഎം നേതാക്കൾ ഇടഞ്ഞത്.

പദ്ധതി നടപ്പാക്കരുത് എന്നാണ് റവന്യൂ വകുപ്പിന്റെ ഉദ്ദേശ്യമെന്ന് മൂന്നാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും സിപിഎം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ കെ വി ശശി ആരോപിച്ചിരുന്നു. റവന്യൂ വകുപ്പിനെതിരെ കോടതിയെ സമീപിക്കാനാണ് ബാങ്കിന്റെ തീരുമാനം. അനുമതിയില്ലാതെ മൂന്നാറിൽ പല നിർമ്മാണങ്ങളും നടക്കവെ സിപിഎം നേതൃത്വം നൽകുന്ന ബാങ്കിന്റെ പദ്ധതിക്കെതിരെയുള്ള റവന്യൂ വകുപ്പിന്റെ നിലപാടാണ് നേതാക്കളെ ചൊടിപ്പിക്കുന്നത്.