- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈല്‍ ഫോണിനോടും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളോടുമുള്ള അമിതാസക്തി കുട്ടകളില്‍ കൂടുന്നതായി റിപ്പോര്‍ട്ട്; മൂന്ന് വര്‍ഷത്തെ കണക്ക് പ്രകാരം ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തിയത് 1992 കുട്ടികള്‍; ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊല്ലത്ത്
മലപ്പുറം: മൊബൈല്‍ ഫോണിനോടും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളോടുമുള്ള അമിതാസക്തി സംസ്ഥാനത്ത് ഗുരുതര തലത്തിലേക്ക്. 2023 മാര്‍ച്ച് മുതല്‍ 2025 ജൂലൈ വരെ 1992 കുട്ടികള്‍ ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടിയതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ആറു ഡീ-ഡാഡ് കേന്ദ്രങ്ങളില്‍ ഏറ്റവുമധികം കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് കൊല്ലത്താണ്. ഇവിടെ 480 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് കോഴിക്കോട് 325, തൃശൂര്‍ 304, കൊച്ചി 300, തിരുവനന്തപുരം 299, കണ്ണൂര്‍ 284 കേസുകളാണ് ചികിത്സക്ക് എത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളും, സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവുമാണ് കൂടുതലായും കുട്ടികളെ ചികിത്സ തേടാന്‍ നിര്‍ബന്ധിതരാക്കിയത്.
1992 കേസുകളില്‍ 1164 എണ്ണം പൂര്‍ണമായും തീര്‍പ്പാക്കി. 571 കേസുകളില്‍ ചികിത്സ പുരോഗമിക്കുന്നു. 33 കേസുകള്‍ നടുക്കിടെ നിര്‍ത്തിയപ്പോള്‍ 224 എണ്ണം വിദഗ്ധ ചികിത്സയ്ക്കായി കൈമാറി. കൊല്ലം ജില്ലയില്‍ മാത്രം 380 കേസുകള്‍ വിജയകരമായി തീര്‍പ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം (231), കൊച്ചി (157), കോഴിക്കോട് (142), കണ്ണൂര്‍ (141), തൃശൂര്‍ (113) എന്നിവിടങ്ങളിലാണ് കേസുകള്‍ കൂടുതലായി തീര്‍പ്പാക്കപ്പെട്ടത്. ചില കേസുകള്‍ നടുവില്‍ ഉപേക്ഷിക്കപ്പെട്ടതായും കണ്ടെത്തി.
ഡിജിറ്റല്‍ ലഹരിയുടെ ആഘാതം പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. 2021 മുതല്‍ 2025 സെപ്റ്റംബര്‍ 9 വരെ മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം സംസ്ഥാനത്ത് 41 കുട്ടികള്‍ ആത്മഹത്യ ചെയ്തു. കുട്ടികളിലെ ഡിജിറ്റല്‍ ലഹരി തടയാന്‍ ആരോഗ്യം, വനിത-ശിശുവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പൊലീസ് നടത്തിവരുന്ന പദ്ധതികള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
2025-'26 അക്കാദമിക് വര്‍ഷത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ഡീ-ഡാഡ് കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് നീക്കം.