തിരുവനന്തപുരം: ദുരന്തനിവാരണ അഥോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെ, കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ മുങ്ങി മരിച്ചത്.

ആസൂത്രണത്തിലെ പിഴവെന്നാണ് കളക്ടർക്ക് ലഭിച്ച റിപ്പോർട്ടിലുള്ളത്. ചെളിനിറഞ്ഞ ഭാഗം മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് തിരുവല്ല സബ്കളക്ടർ ശ്വേത നാഗർകോട്ടി ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദുരന്ത നിവാരണ അഥോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ മുങ്ങികിടന്നതായി പരാതിയിൽ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിക്കാരൻ പറഞ്ഞു. കുറ്റക്കാരായ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണാവശ്യം. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികൾ സ്വീകരിക്കും.

യുവാവിനെ ബലി കൊടുത്തത് ജില്ലാ ഭരണകൂടം

ദേശീയ ദുരന്ത നിവാരണ അഥോറിറ്റി നേതൃത്വത്തിൽ പ്രളയ പ്രതികരണ മോക്ക് ഡ്രിൽ നടത്തിയത്. വെള്ളപ്പൊക്കമുണ്ടായാൽ എങ്ങനെ നേരിടാമെന്നതായിരുന്നു മോക്ഡ്രില്ലിൽ പരീക്ഷിച്ചത്. ഇതിനായി കൊണ്ടു വന്ന സാധനങ്ങൾ ഫയർഫോഴ്‌സിന്റെ ഡിങ്കികളും ഒരു മോട്ടോർ ബോട്ടുമായിരുന്നു. യമഹ എൻജിൻ ഉപയോഗിച്ച് നീങ്ങുന്ന ഡിങ്കികളും മോട്ടോർ ബോട്ടിന്റെയും എൻജിനുകൾ തകരാറിലായിരുന്നു. ആറ്റിലുണ്ടായിരുന്ന ഫയർഫോഴ്‌സ് ഡിങ്കിയുടെ മുന്നിലാണ് ബിനു ചെളിയിൽ മുങ്ങിത്താഴ്ന്നത്.

20 മിനുട്ടോളം സമയമെടുത്തു ചെളിയിൽ നിന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ. റബർ ഡിങ്കിയും ബോട്ടുമൊക്കെ ഈ സ്ഥലത്തേക്ക് നീങ്ങിയതും സാവധാനമായിരുന്നു. ചെളിയിൽ പുതഞ്ഞു പോയ ബിനുവിനെ പുറത്തെടുത്ത് അവിടെ വച്ച് തന്നെ ആറു തവണ സിപിആർ നൽകിയിരുന്നുവെന്ന് മോക്ഡ്രില്ലിനായി ഒപ്പം നദിയിലേക്ക് ചാടിയ നാട്ടുകാരനായ മോൻസി പറഞ്ഞു. ഇദ്ദേഹം നാവികസേനയിൽ പ്രവർത്തിച്ച് പരിചയമുള്ളയാളാണ്. സിപിആറും പ്രഥമ ശുശ്രൂഷയുമൊക്കെ നൽകാൻ ഇദ്ദേഹത്തിനും അറിയാം. പുറത്തെടുത്തപ്പോൾ തന്നെ ബിനു മരണപ്പെട്ടിരുന്നു. നദിയിൽ നിന്ന് മുങ്ങിയെടുത്ത ബിനുവിനെ കയറ്റിയ ഡിങ്കി വടം കെട്ടി വലിച്ചാണ് കരയിലേക്ക് അടുപ്പിച്ചത്. ഇതിൽ നിന്ന് തന്നെ അനാസ്ഥ എത്രമാത്രം ഭീകരമായിരുന്നുവെന്ന് വ്യക്തമാണ്.

ജനരോഷമൊഴിവാക്കാനുള്ള നാടകങ്ങളാണ് പിന്നീട് നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ബിനു മരിച്ചുവെന്ന വിവരം മറച്ചു വച്ച് പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. പിആർഡി മുഖേനെ ഇയാൾ ജീവിച്ചിരിക്കുന്നുവെന്ന് വാർത്താക്കുറിപ്പും നൽകി. മോക്ഡ്രില്ലിലെ പിഴവല്ല, വെള്ളത്തിൽ വച്ച് അസ്വസ്ഥത വന്നതു കാരണമാണ് ബിനു മുങ്ങിപ്പോയതെന്നുമുള്ള തരത്തിലായിരുന്നു വാർത്താക്കുറിപ്പ്.

അതിങ്ങനെ: പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബിനു വെള്ളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങൾ ഉടൻ തന്നെ രക്ഷപ്പെടുത്തുകയും, ഡോക്ടർ അടിയന്തിര സഹായം നല്കുകയും ചെയ്തു. ഉടൻ തന്നെ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവിൽ ഗുരുതരമാണ്. എം.ഐ.സി.യുവിൽ ചികിൽസയിലാണ്.