- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ കയ്യടിയോടെ ആരിഫ് മുഹമ്മദ് ഖാനെ സദസ്സ് വേദിയിലേക്ക് എതിരേറ്റപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് ചിരിപടർന്നു; പ്രധാനമന്ത്രി വേദിയിലേക്കു വരും വരെ സംസ്ഥാന മന്ത്രിമാരുമായും ഗവർണറുടെ കുശല സംഭാഷണം; പിണക്കം ഇണക്കങ്ങൾക്ക് വഴിമാറി! മെട്രോ വേദിയിൽ മുണ്ടുടുത്ത് മൂന്ന് 'മോദി'മാർ
കൊച്ചി: മുണ്ടുടുത്ത് മൂന്ന് 'മോദി'മാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ ആറിഫ് മുഹമ്മദ് ഖാനും. ഓണത്തിന്റെ ആവേശവുമായി കേരളത്തിലേക്ക് മലയാളി വേഷത്തിൽ മോദി എത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ പുതുമയായി. സംസ്ഥാന സർക്കാർ നയങ്ങളിൽ തുറന്ന എതിർപ്പു പ്രകടിപ്പിച്ചു വാർത്തകളിൽ നിറയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുത്ത റെയിൽവേ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സൗഹൃദഭാവത്തോടെ പങ്കെടുത്തു.
വലിയ കയ്യടിയോടെ ആരിഫ് മുഹമ്മദ് ഖാനെ സദസ്സ് വേദിയിലേക്ക് എതിരേറ്റപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തും ചിരിപടർന്നു. പ്രധാനമന്ത്രി വേദിയിലേക്കു കടന്നുവരും വരെ സംസ്ഥാന മന്ത്രിമാരുമായും ഗവർണർ കുശല സംഭാഷണം നടത്തി. ഈ സൗഹൃദം വരും ദിവസങ്ങളിലും തുടരുമോ എന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തിലെ വേദികളിൽ രാഷ്ട്രീയ കടന്നാക്രമണം എതിരാളികൾക്കെതിരെ പ്രധാനമന്ത്രി നടത്തിയില്ല. വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മുഖത്ത് സൗഹൃദ ചിരിയായിരുന്നു. മോദിയുമായുള്ള ബന്ധം വ്യക്തമാക്കുന്നത് തന്നെയായിരുന്നു ഇത്. മോദിയും പിണറായിയോട് ഊഷ്മള ഇടപെടൽ തന്നെ നടത്തി. കൊച്ചി മെട്രോ വേദിയിലും ഈ ഊഷ്മളത നിറഞ്ഞു.
ആയിരങ്ങളാണു പ്രധാനമന്ത്രിയെക്കാത്തു കൊച്ചി രാജ്യാന്തര വിമാനത്താവള പരിസരത്തു ബിജെപി ഒരുക്കിയ ബിജെപി പൊതുസമ്മേളന സദസ്സിൽ നിറഞ്ഞത്. പലപ്പോഴും മഴപെയ്യുമെന്നു തോന്നിച്ചെങ്കിലും പൊതുസമ്മേളനം കഴിഞ്ഞ് ഏറെ നേരത്തിനുശേഷവും നെടുമ്പാശേരിയിൽ മഴ പെയ്തില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, എറണാകുളം ജില്ലയിലെ സംഘടനാച്ചുമതലയുള്ള സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് തുടങ്ങിയവർ ജനങ്ങളെ നിയന്ത്രിച്ചു. മോദി എത്തി പറയേണ്ടത് പറഞ്ഞു. രാഷ്ട്രീയം ഒഴിവാക്കി. പിന്നെ കാലടിയിലേക്ക്. കൊച്ചി മെട്രോയിലും താരമായത് മോദി തന്നെ.
മെട്രോയുടെ കുതിപ്പ് ഇനി തൃപ്പൂണിത്തുറയിൽ നിന്നാണ്. എസ്എൻ ജംക്ഷൻപേട്ട റൂട്ടിൽ ഇന്നലെ രാത്രി 7.05നു കൊച്ചി മെട്രോ ഉദ്ഘാടന സർവീസ് നടത്തി. വൈകിട്ട് സിയാൽ കൺവൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതോടെയാണ് എസ്എൻ ജംക്ഷൻ സ്റ്റേഷനിൽ നിന്നു മെട്രോ ഓടിത്തുടങ്ങിയത്. ചുവപ്പ്, വെള്ള ബലൂണുകൾ കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ചാണു 'യമുന' എന്ന മെട്രോ ട്രെയിൻ ഉദ്ഘാടനയാത്ര നടത്തിയത്. 3 മിനിറ്റിൽ വടക്കേക്കോട്ട സ്റ്റേഷനിൽ എത്തി. തുടർന്നു 7.10നു പേട്ട സ്റ്റേഷനിലും എത്തി. ശേഷം ട്രെയിൻ പതിവ് സർവീസിനായി ആലുവയിലേക്കു തിരിച്ചു. ലോക്കോ പൈലറ്റ് ടി.സി. അനീഷ, സപ്പോർട്ടിങ് സ്റ്റാഫ് ശ്രീജ വേണുഗോപാൽ നായർ എന്നിവരാണ് ഉദ്ഘാടന സർവീസ് നടത്തിയത്.
ആലുവ മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ വരെ ഇനി മെട്രോയിൽ എത്താം. എസ്എൻ ജംക്ഷന്റെ ഇരുഭാഗത്തുള്ള കവാടങ്ങളിലൂടെ മെട്രോയിലേക്കു യാത്രക്കാർക്കു കയറാം. വടക്കേക്കോട്ട സ്റ്റേഷനിൽ പേട്ട തൃപ്പൂണിത്തുറ ഭാഗത്തെ കവാടത്തിലൂടെയാണ് പ്രവേശനം. മറ്റു ഭാഗത്തെ നിർമ്മാണം പുരോഗമിക്കുകയാണ്. കെഎംആർഎൽ നേരിട്ടാണ് ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. മാനേജർമാരായ ജി. മനോജ് കുമാർ (സ്റ്റേഷൻ), എം.എ. അയൂബ് (ട്രെയിൻ ഓപറേഷൻ), കെ. അജയകുമാർ (മാനേജർ ഓപ്പറേഷൻസ്) എന്നിവരാണ് ഉദ്ഘാടന വേളയിൽ എസ്എൻ ജംക്ഷനിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്.
എസ്എൻ ജംക്ഷനിൽ നിന്നു വൈറ്റില വരെയായിരുന്നു യാത്ര. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്‌മെന്റിന്റെ (സിഇഎഫ്ഇഇ) നേതൃത്വത്തിൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്‌പെഷൽ, ബഡ്‌സ് സ്‌കൂളുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ 30 വിദ്യാർത്ഥികളായിരുന്നു സ്‌നേഹയാത്രയിൽ ആദ്യ യാത്രക്കാരായത്. രക്ഷിതാക്കളും, അദ്ധ്യാപകരും ഒപ്പമുണ്ടായി.
ആദ്യമായിട്ടല്ലെങ്കിലും മെട്രോയിൽ കയറിയ സന്തോഷം ഓരോ മുഖങ്ങളിലുമുണ്ടായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ കയ്യടിച്ചും ആർപ്പു വിളിച്ചും ഇവർ ആഹ്ലാദം പങ്കിട്ടു. എരൂർ ജെയ്‌നി സെന്റർ സ്‌പെഷൽ സ്‌കൂളിലെ ജോർജി ജോസഫാണ് മാവേലിയായി വേഷമിട്ട് ഉദ്ഘാടന യാത്രയിൽ പങ്കാളിയായത്.
മറുനാടന് മലയാളി ബ്യൂറോ