കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂർ ധ്യാനവുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നലെ ഏഴരയോടെയാണ് ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തിൽ നിലത്താണ് പ്രധാനമന്ത്രി കിടന്നത്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്.

പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർത്ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡൽഹിക്കു മടങ്ങും. തീരത്തെ ഭഗവതി അമ്മൻ ക്ഷേത്ര സന്ദർശനത്തിനുശേഷമാണ് ഇന്നലെ 6 മണിക്ക് വിവേകാനന്ദ എന്ന ബോട്ടിൽ പ്രധാനമന്ത്രി വിവേകാനന്ദ സ്മാരകത്തിലേക്കു തിരിച്ചത്. കന്യാകുമാരിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസിൽ വസ്ത്രം മാറി വെള്ള മുണ്ടും മേൽമുണ്ടുമണിഞ്ഞാണു പുറത്തേക്കു വന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകി സ്വീകരിച്ചു. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

ബോട്ടിൽ നിന്നിറങ്ങി സ്മാരകത്തിന്റെ പടവുകൾ കയറി ധ്യാനമണ്ഡപത്തെ വലംവച്ച ശേഷം അൽപനേരം പ്രാർത്ഥനയിൽ മുഴുകിയ പ്രധാനമന്ത്രി 7ന് താൽക്കാലിക പാലത്തിലൂടെ നടന്ന് സമീപത്തെ തിരുവള്ളുവർ പ്രതിമയ്ക്കു മുന്നിലെത്തി പുഷ്പാർച്ചന നടത്തി. വിവേകാനന്ദ സ്മാരകത്തിലേക്കു തിരികെയെത്തി ഏഴരയോടെ ധ്യാനം തുടങ്ങി. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയിൽ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

കന്യാകുമാരിയിൽ അതീവ സുരക്ഷയാണുള്ളത്. കടലിലും കരയിലും എസ് പി ജിയുടെ പ്രത്യേക നിരീക്ഷണവുമുണ്ട്. അവസാനഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. ധ്യാനത്തിന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

സ്വാമി വിവേകാനന്ദൻ 131വർഷം മുമ്പ് അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ധ്യാനത്തിൽ ലയിച്ച ശ്രീപാദപാറയ്ക്ക് സമീപമുള്ള പാറയിലെ മണ്ഡപത്തിലാണ് മോദിയുടെ ധ്യാനം. അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം പൂർത്തിയാക്കി ഇന്നലെ വൈകിട്ട് 4.20ന് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മോദി 4.55ന് കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിലായിരുന്നു യാത്ര. 5.25ന് കന്യാകുമാരി സർക്കാർ ഗസ്റ്റ് ഹൗസിന് സമീപത്തെ ഹെലിപ്പാഡിൽ ഇറങ്ങി.

ഗസ്റ്റ് ഹൗസിൽ പോയി ധോത്തിയും ഷാളും അണിഞ്ഞ് ത്രിവേണി സംഗമത്തിനടുത്തുള്ള ഭഗവതി അമ്മൻ കോവിലിലെത്തി. പൂജാരി തളികയും ആരതിയുമായി സ്വീകരിച്ചു.പൂജയും അർച്ചനയും നടത്തിയ മോദിക്ക് ക്ഷേത്ര അധികൃതർ ദേവിയുടെ ചിത്രം സമ്മാനിച്ചു. പിന്നീട് സുരക്ഷാ ബോട്ടുകളിൽ വിവേകാനന്ദപാറയിലേക്ക്. സന്ധ്യാവന്ദനത്തിന് ശേഷം ധ്യാനം തുടങ്ങി. അവസാനവട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിന് വൈകിട്ട് മൂന്നേകാലോടെ ധ്യാനം സമാപിക്കും.