- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍; നിങ്ങള്‍ ഇന്ത്യയെയും അമേരിക്കയേയും പരസ്പരം ബന്ധിപ്പിക്കുന്നു'; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി
രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താന്‍ വിളിക്കുന്നതെന്ന് മോദി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലുള്ള നസ്സൗ കൊളീസിയത്തില്‍ ഒത്തുകൂടിയ ഇന്ത്യന്‍ സമൂഹത്തെയായിരുന്നു മോദി നേരില്‍ കണ്ട് സംവദിച്ചത്. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും മോദി പറഞ്ഞു.രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താന്‍ വിളിക്കുന്നതെന്നും മോദി പറഞ്ഞു. ആയിരണക്കിന് പേരാണ് സ്റ്റേഡിയത്തില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹര്‍ഷാരവത്തോടെയാണ് മോദിയെ പ്രവാസികള്‍ സ്വീകരിച്ചത്.
ഇവിടെ തന്നെ തമിഴ് സംസാരിക്കുന്നവര്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മോദി പ്രസംഗം തുടങ്ങിയത്. തെലുങ്കു, മലയാളം, കന്നഡ, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിങ്ങനെ പല ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. ഭാഷകള്‍ പലതാണെങ്കിലും ഭാവം ഒന്നാണ്. ഇന്ത്യക്കാരാണെന്ന ഒറ്റ ഭാവമാണത്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയും അതാണ്. നമ്മുടെ രാജ്യത്തിന്റെ ഈ മൂല്യങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മള്‍ കൈവിടാറില്ല. ഡോക്ടര്‍മാരായും സാങ്കേതിക വിദഗ്ധരായും ശാസ്ത്രജ്ഞരായും പല രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ സേവനം ചെയ്യുന്നുണ്ട്. അപ്പോഴും ഇന്ത്യ എന്ന വികാരം നമ്മള്‍ മുറുകെ പിടിക്കണമെന്നും മോദി പറഞ്ഞു.
ഇപ്പോള്‍ നമ്മുടെ നമസ്‌തേ പോലും മള്‍ട്ടിനാഷണലായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പദം ആഗോളപദമായി മാറി. ഇതെല്ലാം ചെയ്തത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ സ്‌നേഹം തന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ കഴിവുകളെക്കുറിച്ച് എനിക്ക് നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. യാതൊരു വിധത്തിലുള്ള ഔദ്യോഗിക ചുമതലയും ഇല്ലാതിരുന്നപ്പോള്‍ പോലും അതെനിക്ക് മനസിലായിട്ടുണ്ട്. പണ്ട്, ഞാന്‍ നേതാവോ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാതിരുന്ന കാലത്ത് കൗതുകത്തോടെ ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. ഈ നാടിനെക്കുറിച്ച് പഠിക്കാന്‍. ഒരു പദവിയും ഇല്ലാതിരുന്നപ്പോള്‍ പോലും അമേരിക്കയുടെ 29 സ്റ്റേറ്റുകളില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായപ്പോള്‍ സാങ്കേതികവിദ്യയുടെ മാധ്യമത്തിലൂടെ നിങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചു. 2014 ല്‍ മാഡിസണ്‍ സ്‌ക്വയര്‍. 2019 ഹൂസ്റ്റണ്‍. ഇന്നിപ്പോള്‍ ന്യൂയോര്‍ക്കിലെത്തി. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെല്ലാവരും ഇന്ത്യയുടെ അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് നിങ്ങളെ രാഷ്ട്രദൂതരെന്ന് ഞാന്‍ വിളിക്കുന്നത്. കാരണം നിങ്ങളാണ് ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും ബന്ധിപ്പിച്ചത്. നിങ്ങള്‍ ഇന്ത്യയെയും അമേരിക്കയേയും പരസ്പരം ബന്ധിപ്പിക്കുന്നു. നിങ്ങളുടെ കഴിവിനും നൈപുണ്യത്തിനും ബുദ്ധിക്കും പകരംവയ്ക്കാന്‍ മറ്റൊന്നില്ല.
ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വിവിധ ഭാഷകളുണ്ട്. പഞ്ചാബി, ഗുജറാത്തി, മലയാളം എന്നിങ്ങനെ നിരവധി ഭാഷകള്‍. ഭാഷകള്‍ വ്യത്യാസമുണ്ടെങ്കിലും നമ്മുടെ ഭാവം ഒന്നുമാത്രമാണ്. അത് ഭാരതമാതാവിന്റെ ഭാവമാണ്. ഏതുരാജ്യത്ത് ജീവിച്ചാലും ഭാരതീയരെന്ന ഭാവം ഇല്ലാതാകുന്നില്ല.
നിങ്ങള്‍ ഏഴ് കടലുകള്‍ കടന്നു വന്നതായിരിക്കാം, എന്നാല്‍ ഒരു സമുദ്രത്തിനും നിങ്ങളെ ഇന്ത്യയില്‍ നിന്ന് അകറ്റാന്‍ കഴിയുന്നത്ര ആഴമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം എവിടെ പോയാലും, എല്ലാവരെയും ഒരു കുടുംബമായി അംഗീകരിക്കുകയും, വൈവിധ്യത്തെ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇന്ത്യ നമ്മെ പഠിപ്പിച്ചത്.- പ്രധാനമന്ത്രി പറഞ്ഞു.