- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലാക്കോട്ട് വ്യോമാക്രമണം ലോകത്തെ അറിയിക്കും മുൻപ് താൻ പാക്കിസ്ഥാനെ അറിയിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നൽകിയ സംഭവമായിരുന്നു 2019ലെ ബാലാക്കോട്ട് വ്യോമാക്രമണം. ഈ സംഭവവും തെരഞ്ഞെടുപ്പു പ്രചരണ വിഷയമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുൻപ് താൻ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാക്കിസ്ഥാന് ശക്തമായ സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും മോദി പറഞ്ഞു. ഇതു പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. കർണാടകയിലെ ബഗൽകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"പിന്നിൽനിന്ന് ആക്രമിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മുഖത്തോടു മുഖം പോരാടുകയാണ് ചെയ്യുന്നത്. ആക്രമണ വിവരം മാധ്യമങ്ങളെ അറിയിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് അതിനു മുൻപ് പാക്കിസ്ഥാനെ ടെലിഫോണിൽ അറിയിക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവരെ ഫോണിൽ കിട്ടിയില്ല.
തുടർന്ന് സൈന്യത്തോടു കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് ബാലക്കോട്ട് ആക്രമണദിവസം രാത്രി എന്താണു സംഭവിച്ചതെന്നു ലോകത്തോടു പറഞ്ഞത്. ഞാൻ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല. ഇതു പുതിയ ഭാരതമാണ്. നിരപരാധികളെ കൊല്ലാൻ ശ്രമിക്കുന്നവരെ അവരുടെ മടയിൽ കയറി കൊല്ലും" -മോദി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി 2019 ഫെബ്രുവരി 26നാണ് ഇന്ത്യൻ പോർവിമാനങ്ങൾ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. നിരവധി ഭീകരരും പരിശീലകരും മുതിർന്ന ജയ്ഷെ കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ഇന്ത്യ അറിയിച്ചിരുന്നു.
വ്യോമാക്രമണത്തിൽ മുന്നൂറ് ഭീകരവാദികൾ കൊല്ലപ്പെട്ടതായി പാക് നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ മുൻ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലി ഒരു ഉറുദു ടെലിവിഷൻ പരിപാടിക്കിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ബാലാക്കോട്ട് ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന പാക് നിലപാടിന് വിരുദ്ധമാണ് എന്നതും ശ്രദ്ധേയമാണ്.
ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പുകൾക്കു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ അവിടെ ഭീകരവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് അംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല.