- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് വഹാബി സലഫി അജണ്ട പിന്തുടരുന്ന, പാൻ ഇസ്ലാമിക സംഘടന; തീവ്രവാദത്തിനെതിരെ നടപടി വരുമ്പോൾ എല്ലാവരും ക്ഷമയോടെ പെരുമാറണം; പിഎഫ്‌ഐ നിരോധനത്തെ സ്വാഗതം ചെയ്ത് പ്രമുഖ മുസ്ലിം സംഘടനകൾ; മോദിയും അമിത്ഷായും നിരോധന തീരുമാനം എടുത്തത് മുസ്ലിം സംഘടനകളെ വിശ്വാസത്തിൽ എടുത്ത ശേഷം
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിക്കാൻ തീരുമാനം എടുക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും പ്രമുഖ മുസ്ലിം മത സംഘടനകളുടെ ഉപദേശം തേടി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 17 ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് മുസ്ലിം സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എൻഐഎ, ഇഡി, പൊലീസ് റെയ്ഡുകൾ സെപ്റ്റംബർ 22 നാണ് നടന്നത്. ഇതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.
ദേശീയ സുരക്ഷ ഏജൻസിയും ഐബി ഉദ്യോഗസ്ഥരും ദിയോബന്ദി, ബറേൽവി, എന്നീ മതസംഘടനകളുടെയും സുഫി വിഭാഗത്തിന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു. പി.എഫ്.ഐ വഹാബി സലഫി അജണ്ട പിന്തുടരുന്ന പാൻ ഇസ്‌ലാമിക് സംഘടനയാണെന്നും, വർഗ്ഗീയത ചൂഷണം ചെയ്യുന്ന സംഘടനയെന്നും എല്ലാ മതസംഘടന നേതാക്കളും ഒരേ സ്വരത്തിൽ ശരിവച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സൂഫി, ബറേൽവി വിഭാഗത്തിലെ പണ്ഡിതർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ നടപടി വരുമ്പോൾ എല്ലാവരും ക്ഷമയോടെ വർത്തിക്കണമെന്ന് ആൾ ഇന്ത്യ സൂഫി സജ്ജദനാശിൻ കൗൺസിൽ ചെയർമാൻ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ഇല്ലാതാക്കാൻ സർക്കാരും അന്വേഷണ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.
നിരോധിച്ച നടപടി അജ്മീർ ദർഗ ആത്മീയ നേതാവ് സൈനുൽ ആബിദീൻ അലി ഖാനും സ്വാഗതം ചെയ്തു. തീവ്രവാദം തടയാൻ നിയമ നടപടികൾ സ്വീകരിക്കുന്നത് എല്ലാവരും സ്വാഗതം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 'രാജ്യം സുരക്ഷിതമായാൽ നമ്മളും സുരക്ഷിതരായിരിക്കും. ഏതൊരു സംഘടനയേക്കാളും ആശയത്തേക്കാളും വലുതാണ് രാഷ്ട്രം. രാജ്യത്തെ ഭിന്നിപ്പിക്കാനും ഐക്യത്തെയും പരമാധികാരത്തെയും തകർക്കാനും ജനങ്ങളുടെ സമാധാനം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഒരാൾ പ്രവർത്തിക്കുന്നതെങ്കിൽ അയാൾക്ക് ഇവിടെ ജീവിക്കാൻ ഒരു തരത്തിലും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധനത്തെ ശരിവെച്ച ആൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ശഹാബുദ്ദീൻ റസ്‌വി ബറേൽവി തീവ്രവാദം തടയാനുള്ള ശരിയായ നടപടിയാണിതെന്നും സൂചിപ്പിച്ചു.
അതേസമയം, ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്നുള്ള ഏകദേശ വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
ഒപ്പം ചില സംസ്ഥാനങ്ങൾ നിരോധന ആവശ്യം ഉന്നയിച്ചതും നിർണായകമായി. നിരോധിക്കാനുള്ള കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
അന്വേഷണത്തിൽ ഈ സംഘടനകൾക്ക് പോപ്പുലർ ഫ്രണ്ടുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഫണ്ടുകൾ ശേഖരിക്കുന്നത് പിഎഫ്‌ഐ അംഗങ്ങൾ വഴിയാണ്. ഒപ്പം മറ്റ് സംഘടനകളിൽ പിഎഫ്‌ഐ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്. നാഷണൽ വിമൻസ് ഫ്രണ്ടിനെ പിഎഫ്‌ഐ നേതാക്കളാണ് നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതെന്നും ഉത്തരവിൽ പറയുന്നു.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ രൂപീകരിച്ചത്. പോപ്പുലർ ഫ്രണ്ടും അതിൻന്റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കൽപ്പത്തെയും തകർക്കുന്ന തരത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ