ന്യൂഡൽഹി: ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ വീണ്ടും നീക്കം സജീവമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന വഴിയിൽ ഒരുമിച്ച് നിൽക്കാം. നവ ഭാരതത്തിനായി തോളോട് തോൾ ചേർന്ന് നിൽക്കാൻ ക്രൈസ്തവ നേതൃത്വത്തിലേക്ക് പ്രധാനമന്ത്രിയുടെ ദൂതുമായ് എത്തിയത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ്. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമാണ്. ബഫർസോണിൽ അടക്കം ക്രൈസ്തവ സമൂഹത്തിന്റെ താൽപ്പര്യം കേന്ദ്രം പരിഗണിക്കും.

ക്രിസ്ത്മസ് മാസത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് കൂടുതൽ അടുക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും. അതിന് പാലമാകുന്നത് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും. കഴിഞ്ഞ മാസം 23ന് കേരള സന്ദർശനത്തിനിടയിൽ തൃശ്ശൂരിൽ വച്ച് ബിഷപ്പ് മാർ ആൻഡ്ര്യൂസ് താഴത്തിലുമായ് രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായ് അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ച നടന്നത്. അഞ്ച് ട്രില്ല്യൺ ഡോളർ എക്കോണമി എന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്ക് ഭാരതം ചുവട് വയ്ക്കുമ്പോൾ ക്രൈസ്തവ യുവത്വം മാറി നിൽക്കരുതെന്നും, അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വികസനത്തിൽ ഒപ്പം നിൽക്കണം എന്ന് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ സന്ദർശനത്തിൽ പറഞ്ഞിരുന്നു.

ഡിസംബർ 30ന് താമരശ്ശേരി രൂപതയുടെ കീഴിൽ നടക്കുന്ന പരിപാടിയിലും രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകയ്യെടുത്ത് ഇത്തരം ഒരു നീക്കം നടത്തുന്നത് ആദ്യമായാണ്. സി.വി ആനന്ദബോസിനെ ഗവർണ്ണറാക്കിയതിന് പിന്നാലെ കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരു മലയാളിയെ കൂടി രാഷ്ട്രീയ നീക്കങ്ങൾക്ക് പ്രധാനമന്ത്രി ഉപയോഗിക്കുകയാണ്. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയുമാണ്. നേരത്തെ ഗോവാ ഗവർണ്ണറായിരുന്ന പി എസ് ശ്രീധരൻ പിള്ളയും ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ അത് കൃത്യമായ തീരുമാനങ്ങളിലേക്ക് എത്തിയിരുന്നില്ല.

സഭാ തർക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോവാ ഗവർണ്ണറുടെ ഇടപെടൽ. ക്രൈസ്തവ സഭകളിലേക്കുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കൂടിയാകുകയാണ് ഈ നീക്കം എന്നത് സഭാ മേലധ്യക്ഷന്മാർക്കും പുതുമയാണ്. പ്രധാനമന്ത്രിയുമായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ ചർച്ചകളിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളും ചർച്ചയാക്കി. ബഫർസോണിൽ അടക്കം സഭയുടെ ആശങ്കയും പങ്കുവച്ചു. എല്ലാം ഉചിതമായ നിലയിൽ പരിഹരിക്കാമെന്ന ഉറപ്പ് ബിഷപ്പിന് പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. ക്രൈസ്തവ സഭകളുയർത്തുന്ന പ്രശ്‌നങ്ങളിലേക്ക് കേന്ദ്രം അനുകൂല നിലപാടുകളും എടുക്കും.

കേരളത്തിൽ വോട്ടുറപ്പിക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ വേണമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി നേതാക്കളുടെ പിന്തുണയിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിയും രൂപീകരിക്കാനുള്ള ശ്രമമുണ്ട്. ബഫർസോണിൽ അടക്കം നിർണ്ണായക തീരുമാനങ്ങൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എടുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടിയും. ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ക്രൈസ്തവ സഭകൾ. ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സിറോ മലബാർ സഭ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ട്. കെസിബിസി നിലപാട് ദൗർഭാഗ്യകരമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. അതേസമയം ഉപഗ്രഹ സർവേക്കെതിരായ പരാതികൾ അറിയിക്കാനുള്ള തീയതി നീട്ടാൻ തത്വത്തിൽ ധാരണയായി.

സംസ്ഥാന സർക്കാരിനെതിരെ ബഫർ സോൺ നിർണയത്തിൽ വിമർശനവുമായി ക്രൈസ്തവ സഭകളും, കർഷക സംഘടനകളും രംഗത്തെത്തിയിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ഉന്നയിച്ചത്. പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോവുകയാണ് താമരശ്ശേരി അതിരൂപത. കക്കയത്തും, ചക്കിട്ടപ്പാറയിലും പദയാത്രകളും ജനജാഗ്രതാ സദസും സംഘടിപ്പിക്കും. തിങ്കളാഴ്ച നടക്കുന്ന സംഗമം താമരശ്ശേരി ബിഷപ്പ് ഉദ്ഘാടനം ചെയ്യും. സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി കുറ്റപ്പെടുത്തി. ഈ അവസരം പ്രയോജനപ്പെടുത്തി ക്രൈസ്തവരെ അടുപ്പിക്കാനാണ് ബിജെപി നീക്കം.