- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം അവസാന സാധ്യത മാത്രം; ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാന നിമിഷം വരെ യുദ്ധം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നു; ലോക സമാധാനത്തിന് അനുകൂലമാണ് ഞങ്ങൾ; വെല്ലുവിളിച്ചാൽ ശത്രുസേനയ്ക്ക് അവരുടെ ഭാഷയിൽ തക്കതായ മറുപടി നൽകാൻ ഇന്ത്യൻ സേനയ്ക്ക് അറിയാം; ഈ ദീപാവലി കാർഗിലിൽ; അമിത്തും മോദിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ
ന്യൂഡൽഹി: സൈനിക സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അമിത് എന്ന വിദ്യാർത്ഥിക്ക് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി അവാർഡ് സമ്മാനിച്ചിരുന്നു. ഇന്ന് ആ വിദ്യാർത്ഥി 'മേജർ അമിത്' ആണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാജ്യത്തെ സൈനികർക്കൊപ്പമാണ് ഇക്കുറിയും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം. എല്ലാവർഷവും സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാറുള്ളത്. ഇതിനിടെയാണ് അമിത്തിനെ കണ്ടതും. ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ ഇന്നലെ സംഘടിപ്പിച്ച ദീപോത്സവത്തിലും മോദി പങ്കെടുത്തിരുന്നു.
കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി മോദിയും മേജർ അമിത്തും 21- വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി. വികാരനിർഭരമായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തിലെ ജാംനഗർ ജില്ലയിലുള്ള സൈനിക സ്‌കൂളിലായിരുന്നു അമിത് അന്ന് പഠിച്ചിരുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്ന ഫോട്ടോയുമായാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയത്. 2014ൽ പ്രധാനമന്ത്രി പദത്തിലേറിയതിനു ശേഷം എല്ലാ ദീപാവലിക്കും മോദി സൈനികരെ തേടിയെത്തുന്നതും അവർക്കൊപ്പം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നതും പതിവാണ്.
2014ൽ സിയാച്ചിനിൽ തുടങ്ങിയ ഈ പ്രയാണം ഇന്ന് കാർഗിലിൽ എത്തിനിൽക്കുന്നു. കഴിഞ്ഞ വർഷം കശ്മീരിലെ നൗഷേരയിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. നിങ്ങളുടെ കൂടെയല്ലാതെ മികച്ച ഒരു ദീപാവലി ആഘോഷം ഉണ്ടാകില്ല എന്നാണ് കാർഗിലിലെ സൈനികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. കാർഗിലിലെ സുരക്ഷാസേനയ്‌ക്കൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. തൊപ്പിയും കൂളിങ് ഗ്ലാസും ജാക്കറ്റും ധരിച്ച് നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
'ഭീകരവാദത്തെ അമർച്ച ചെയ്യാൻ കാർഗിലിലെ നമ്മുടെ സൈനികർക്ക് സാധിച്ചു. അതിനു സാക്ഷിയാണ് ഞാൻ. ഇവിടെ എത്തിയപ്പോൾ യുദ്ധസമയത്ത് ഞാൻ സൈനികർക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചുതന്നു. അത് മനോഹരമായ ഓർമകളിലേക്ക് എന്നെ കൊണ്ടുപോയി. ദ്രാസും ബതാലികും ടൈഗർ ഹില്ലുമൊക്കെ നിങ്ങളുടെ ധൈര്യത്തിന്റെ സാക്ഷികളാണ്' സൈനികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
കാർഗിലിലെ ഒരു യുദ്ധത്തിലും പാക്കിസ്ഥാന് വിജയക്കൊടി പാറിക്കാനായിട്ടില്ല. ഭീകരതയ്‌ക്കെതിരായ വിജയത്തിന്റെ ഉത്സവമാണ് ദീപാവലി, കാർഗിൽ അതു സാധ്യമാക്കിയ ഇടമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരമില്ലാതെ സമാധാനം കൈവരിക്കുക അസാധ്യമാണ്. യുദ്ധം എന്നത് എപ്പോഴും നമ്മുടെ അവസാനത്തെ വഴിയാണ്. ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാനം വരെ യുദ്ധം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. ലോകസമാധാനത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സുരക്ഷിതമാകുന്നത് അതിന്റെ അതിർത്തികൾ സംരക്ഷിക്കപ്പെടുമ്പോഴും സമ്പത്തികരംഗം ശക്തിപ്പെടുമ്പോഴുമാണ്. കഴിഞ്ഞ ഏഴ് എട്ടു വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തികരംഗം പത്താം സ്ഥാനത്തുനിന്ന് അഞ്ചിലേക്ക് എത്തി. യുദ്ധം നാശം വിതച്ച യുക്രെയ്‌നിൽ കുടുങ്ങിയവർക്ക് ഇന്ത്യൻ പതാക ഒരു സുരക്ഷാകവചമായി മാറിയെന്നും അദ്ദേഹം ഓർമിപ്പിച്ചു. സൈന്യത്തിലേക്ക് കൂടുതൽ വനിതാ കേഡറ്റുകൾ വരുന്നതിനെയും മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ പെൺമക്കളുടെ വരവോടെ സൈന്യ കൂടുതൽ വളരുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെ രാജ്യത്തെ ജനങ്ങൾക്കും പ്രധാനമന്ത്രി ദീപാവലി ആശംസകൾ നേർന്നു.
മറുനാടന് മലയാളി ബ്യൂറോ