ന്യൂഡൽഹി: കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തുമ്പോൾ സാക്ഷാത്കരിക്കുന്നത് 13 വർഷത്തെ പ്രയത്‌നം. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള 'പ്രോജക്ട് ചീറ്റ' ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചീറ്റകൾ വീണ്ടും എത്തുന്നു. അങ്ങനെ പ്രധാനമന്ത്രി പദത്തിലെ മറ്റൊരു പിറന്നാളും വ്യത്യസ്ത വഴിയിൽ ആഘോഷിക്കുകയാണ് മോദി.

പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ഓരോ ജന്മദിനവും ചർച്ചയായിരുന്നു. 2014ലെ 64-ാം പിറന്നാളിന് അഹമ്മദാബാദിൽ അമ്മയ്‌ക്കൊപ്പമായിരുന്നു ആഘോഷം. അമ്മയുടെ കാൽകഴുകി പാദ പൂജ ചെയ്ത മകൻ. പിറന്നാൾ സമ്മാനമായി അമ്മ മകന് 5001 രൂപയും നൽകി. അഹമ്മദാബാദിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് അത്താഴ വിരുന്നും നൽകി മോദി. അങ്ങനെ ആദ്യ പിറന്നാൾ പ്രധാനമന്ത്രി കസേരയിൽ മോദി ഗംഭീരമാക്കി.

അറുപതിയഞ്ചാം ജന്മദിനത്തിൽ 1965ലെ യുദ്ധവിജയത്തിന്റെ ആഘോഷത്തിലായിരുന്നു പ്രധാനമന്ത്രി. 365 കിലോ ലഡ്ഡുവായിരുന്നു അന്ന് ആഘോഷത്തിന് മാറ്റു കൂട്ടാൻ തയ്യാറാക്കിയത്. 2016ൽ പിറന്നാൾ ദിനം വീണ്ടും അമ്മയുടെ അടുത്തെത്തി. അടുത്ത വർഷം സർദ്ദാർ സരോവർ ഡാം നാടിന് സമർപ്പിച്ചു. ഇന്ത്യൻ എയർഫോഴ്‌സ് മാർഷലായ അർജൻ സിംഗിന്റെ വീട്ടിലും പോയി. വാരണാസിയിൽ ആയിരുന്നു 2018ലെ പിറന്നാൾ ആഘോഷം. സ്‌കൂൾ കുട്ടികൾക്കൊപ്പമായിരുന്നു അന്ന് ആഘോഷങ്ങൾ നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൂജകളും നടത്തി. അറുപത്തിയൊമ്പതാം ജന്മദിനവും അമ്മയക്കൊപ്പം കൂടി. അതിനൊപ്പം സർദ്ദാർ സരോവർ ഡാമിലെ ചിത്രശലഭ പാർക്കും രാജ്യത്തിന് സമർപ്പിച്ചു.

2020ലും 2021ലും കോവിഡ് പ്രതിസന്ധിക്കിടെയായിരുന്നു മോദിയുടെ പിറന്നാൾ. 2020ൽ സേവാ ശപഥ് എടുത്തു. അടുത്ത തവണ ഷാങ്ഹായ് ഉച്ചകോടിയും. അന്ന് ഓൺലൈനിലായിരുന്നു ഉച്ചകോടി നടന്നത്. ഇത്തവണ ചീറ്റകൾക്കൊപ്പവും. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ കടുവയുടെ ചിത്രം പതിപ്പിച്ച മുൻഭാഗമുള്ള ബോയിങ് 747 കാർഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളിൽ 8 ചീറ്റകളെ നമീബിയയിലെ വിൻഡ്ഹോക് വിമാനത്താവളത്തിൽ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയർ വിമാനത്താവളത്തിലിറക്കുന്നത്. തുടർന്ന് സംസ്ഥാനത്തു തന്നെയുള്ള കുനോ ദേശീയോദ്യാനത്തിലേക്ക് ഇവയെ ഹെലികോപ്റ്ററുകളിലെത്തിക്കും.

തന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ ജഖോഡ പുൽമേടുകളിലുള്ള ക്വാറന്റൈൻ അറകളിലേക്ക് തുറന്നു വിടും. തുടർന്ന് 6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ദ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു. 5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാൻ 'പ്രോജക്ട് ചീറ്റ' ലക്ഷ്യമിടുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയാകുമ്പോഴാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. മോദി അതിന് പുതിയ വേഗം നൽകുകയായിരുന്നു.

കൊണ്ടുവരുന്ന ചീറ്റകളിൽ 5 പെണ്ണും 3 ആണുമുണ്ട്. പെൺ ചീറ്റകൾക്ക് 25 വയസ്സും ആൺ ചീറ്റകൾക്ക് 4.5 5.5 വയസ്സുമാണ് പ്രായം. ആൺ ചീറ്റകളിൽ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തിൽ ജനിച്ചതാണ് മൂന്നാമത്തെ ആൺചീറ്റ. ഗോബാബീസ് മേഖലയിൽ നിന്നുള്ള ഒരു പെൺചീറ്റയുടെ അമ്മ കാട്ടുതീയിൽപ്പെട്ട് ചത്തിരുന്നു. സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകൾ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങൾക്കായിരിക്കും.