- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗ്രീസിൽ നിന്നും മോദി പറന്നിറങ്ങുന്നത് ബംഗ്ലൂരുവിലേക്ക്; ചന്ദ്രയാൻ മൂന്നിന്റെ വിജയശില്പികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ഇന്ന് നേരിട്ടെത്തും; ഇസ്ട്രാക് ക്യാമ്പസിൽ ചന്ദ്രയാൻ ലാൻഡിങ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ പ്രധാനമന്ത്രിക്ക് വിശദീകരിക്കും
ബംഗ്ലൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയശിൽപ്പികളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ഇന്ന് ബംഗളുരുവിലെത്തും. ബംഗളുരു പീന്യയിലുള്ള ഇസ്ട്രാക് ക്യാമ്പസിലാണ് മോദി എത്തുക. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരികെ എത്തുന്നത്. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ ഏഴ് മണിയോടെ, ഇസ്ട്രാക് ക്യാമ്പസിൽ എത്തുന്ന മോദി ചന്ദ്രയാൻ ലാൻഡിങ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളം മുതൽ പീനിയ വരെ ഉള്ള ഇടങ്ങളിൽ എല്ലാം ഗതാഗത നിയന്ത്രണം ഉണ്ടാവും.
നേരത്തെ ചന്ദ്രയാൻ വിജയത്തിന് സാക്ഷ്യം വഹിക്കാനും മോദി ഓൺലൈനിലൂടെ ചേർന്നിരുന്നു. ചന്ദ്രനിൽ ദുഷ്‌കരമായ പ്രദേശത്ത് എത്താൻ ഇന്ത്യയെ ശാസ്ത്രം സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച ലോകരാഷ്ട്രങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'എല്ലാവരും അഭിനന്ദന സന്ദേശമയച്ചു. ലോകമെമ്പാടുമുള്ള ഈ നേട്ടം ഒരു രാജ്യത്തിന്റെ മാത്രം വിജയമായിട്ടല്ല, മറിച്ച് മുഴുവൻ മനുഷ്യരാശിയുടെയും വിജയമായി കാണുന്നു' -ജൊഹാനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിയിൽ മോദി പറഞ്ഞു.
ചന്ദ്രയാൻ -3 യുടെ വിജയത്തിനു പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിക്‌സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബർഗിൽ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തിയത്. അവിടെ വെച്ച് പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന് തൽസമയം സാക്ഷ്യം വഹിക്കുകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ലാൻഡ് ചെയ്യിച്ച് ഇന്ത്യ ചരിത്രം കുറിച്ചത്.അതിസങ്കീർണമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാൻ ലാൻഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രയാൻ-3. സോഫ്റ്റ് ലാൻഡിങ് നടത്തിയത്.




