- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധ്യാനത്തിൽ നിന്നും ഉണർന്ന് നരേന്ദ്ര മോദി
കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം.
കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനംനടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനെത്തിയത്. കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നിൽ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്. മൂന്ന് മണിയോടെ ബോട്ടിൽ തീരത്തേക്കെത്തിച്ചു. ഡൽഹിയിലേക്ക് മോദി മടങ്ങുന്നതോടെ ഇനി വീണ്ടും അധികാരത്തിന്റെ സോപാനത്തിലേക്കുള്ള വഴികളാണ് മോദിക്ക് മുന്നിൽ. വൈകുന്നേരത്തോടെ എക്‌സിറ്റ് പോളുകൾ വരുമ്പോൾ ബിജെപിക്ക് അധികാര തുടർച്ച ഉണ്ടാകുമോ എന്ന ചിത്രവും വ്യക്തമാകും.
മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിന്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ആയിരുന്നു കോൺഗ്രസിന്റെ ആവശ്യം. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു. മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂൺ ടിഎംസി നേതാവ് മഹുവ മൊയ്ത്ര പങ്കുവെച്ചിരുന്നു.