- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു സര്‍ക്കാര്‍ ജീവനക്കാരന് 50 മണിക്കൂര്‍ ജയിലിലായാല്‍ ജോലി ഇല്ലാതാകും; ഒരു ഡ്രൈവറോ, ക്ലര്‍ക്കോ, പ്യൂണോ ആയാലും അങ്ങനെ തന്നെ; ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ കഴിഞ്ഞും ഭരണം നടത്താം; ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാര്‍'; ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് നരേന്ദ്ര മോദി
ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് നരേന്ദ്ര മോദി
പട്‌ന: അഴിമതിക്കാര്‍ക്കെതിരെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്നും ആരും ജയിലില്‍ കിടന്നു ഭരിക്കാമെന്ന് ആഗ്രഹിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിര്‍മാണം അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയില്‍ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും ബിഹാറിലെ ഗയയില്‍ മോദി പറഞ്ഞു.അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉന്നയിച്ച ബില്ലില്‍ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ അഭിപ്രായം പറയുന്നത്.
ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജോലി നഷ്ടപ്പെടുന്ന ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച മോദി, ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാന്‍ എന്തുകൊണ്ട് നിര്‍ബന്ധിച്ചുകൂടാ എന്നും ചോദിച്ചു.
''ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയിലില്‍ കഴിയുമ്പോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും? ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 50 മണിക്കൂര്‍ തടവിലാക്കിയാല്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാര്‍ക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ സാധിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരും'', അദ്ദേഹം പറഞ്ഞു.
2024 മാര്‍ച്ച് 21-ന് ഡല്‍ഹിയില്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടര്‍ന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അനുഭവം മോദി പരാമര്‍ശിച്ചു. ''ഒരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ കഴിഞ്ഞുകൊണ്ടു പോലും ഭരണം നടത്താം. ജയിലില്‍ നിന്നു ഫയലുകളില്‍ ഒപ്പിടുന്നതും ജയിലിനുള്ളില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ വരുന്നതും കുറച്ചു കാലം മുന്‍പ് നമ്മള്‍ കണ്ടതാണ്. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കില്‍ നമുക്കെങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും?'' മോദി ചോദിച്ചു.
വരാനിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് പ്രധാന വെല്ലുവിളിയുയര്‍ത്തുന്ന ആര്‍ജെഡിയെ പ്രസംഗത്തില്‍ മോദി വിമര്‍ശിച്ചു. ആര്‍ജെഡിയുടെ ഭരണകാലം ബിഹാറിനെ റാന്തല്‍ കാലത്തേക്ക് കൊണ്ടുപോയി. സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടു. ബിഹാറിന്റെ പിന്നാക്കാവസ്ഥയ്ക്കും നിയമവാഴ്ചയില്ലായ്മക്കും കാരണമായി. ബിഹാറിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അന്തസ്സും വികസനവുമെല്ലാം അവഗണിച്ച് വോട്ടുബാങ്കായി മാത്രമാണ് കണ്ടിരുന്നതെന്നും ആര്‍ജെഡിയെ ലക്ഷ്യമിട്ട് മോദി പറഞ്ഞു. ബിഹാറില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് മറുപടിയെന്നോണമാണ് എന്‍ഡിഎ മോദിയുടെ റാലി സംഘടിപ്പിച്ചത്. റാലിക്കിടെ സംസ്ഥാനത്ത് 13,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തറക്കല്ലിട്ടു.
അഞ്ചു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ഭരണഘടന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടനാ (130 ഭേദഗതി) ബില്‍, ഗവണ്‍മെന്റ് ഓഫ് യൂണിയന്‍ ടെറിട്ടറീസ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2025, ജമ്മു കശ്മീര്‍ പുനഃസംഘടനാ (ഭേദഗതി) ബില്‍ 2025 എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ബില്ലിന്മേല്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാര്‍ലമെന്റിന്റെ അടുത്തസമ്മേനളനത്തില്‍ ജെപിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.