ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു കർശന സുരക്ഷ. തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയാകും മോദി കന്യാകുമാരിയിലേക്ക് പോവുക. കന്യാകുമാരിയിലേക്കുള്ള യാത്രയും ഡൽഹിയിലേക്കുള്ള മടക്കവും തിരുവനന്തപുരം വഴിയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവള പരിസരത്ത് സുരക്ഷ കർശനമാക്കി. എസ് പി ജി നിരീക്ഷണത്തിലാണ് ഈ മേഖല.

മെയ്‌ 30-ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ 48 മണിക്കൂറോളം ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്‌നനാവുക. ധ്യാനമണ്ഡപത്തിലെ ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തിരിച്ച് ഡൽഹിയിലേക്ക് പോകും. വലിയ സുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. തെക്കേ ഇന്ത്യ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മോദി ഇത്തവണ ധ്യാനത്തിന് കന്യാകുമാരി തിരഞ്ഞെടുത്തത്.

കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ. ഇതിനടുത്തായി തിരുവള്ളുവർ പ്രതിമയുമുണ്ട്. 2019-ലെ തിരഞ്ഞെടുപ്പ് ഫലത്തിനുമുമ്പും മോദി സമാനരീതിയിൽ ധ്യാനത്തിന് പോയിരുന്നു. ഉത്തരാഘണ്ഡിലെ കേദാർനാഥിലെ ഗുഹയിലാണ് അദ്ദേഹം ധ്യാനത്തിനെത്തിയത്. ഹിമാലയത്തിൽ 11,700 അടി മുകളിലുള്ള ഇന്ന് രുദ്ര ധ്യാനഗുഹ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു അന്ന് അദ്ദേഹം ഒരുദിവസം ചെലവഴിച്ചത്. 2014-ൽ പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ ശിവാജി മഹാരാജാവിന്റെ പ്രതാപ്ഗഡിലായിരുന്നു സന്ദർശനം നടത്തിയത്.

പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദൻ കന്യാകുമാരിയിൽ കടൽ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബർ 25 മുതൽ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായി. 1970-ലാണ് ഇവിടെ സ്വാമി വിവേകാനന്ദന് സ്മാരകം നിർമ്മിച്ചത്.