കൊച്ചി: കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ സമ്മാനം. രാജ്യത്ത് അടുത്ത 25 വർഷം നടപ്പിലാക്കാൻ പോകുന്ന വികസനപദ്ധതികളുടെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം കേരളത്തിലുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകുന്നു. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനുള്ള ശിലാസ്ഥാപനവും റെയിൽവേയുടെ മറ്റ് 7 പദ്ധതികളുടെ ഉദ്ഘാടനവും അടക്കം 4500 കോടി രൂപയുടെ വികസന പദ്ധതികൾക്കു തുടക്കമിട്ട അദ്ദേഹം അവ കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പരോക്ഷമായി കെ റെയിൽ അവതരിപ്പിച്ചു. ഗതാഗത വികസനത്തിനായി കേരളം സമർപ്പിച്ചിട്ടുള്ള പുതിയ പദ്ധതികൾക്കു വേഗത്തിൽ അനുമതി നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ദേശീയപാത വികസനത്തിനുള്ള തുകയിൽ 25% കേരളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. കെ റെയിലിന്റെ പേരു പറയാതെയാണ് മുഖ്യമന്ത്രി പറയാനുള്ളത് പറഞ്ഞതെന്നതാണ് വസ്തുത. എന്നാൽ ഇത്തരം വിവാദങ്ങളിലേക്കൊന്നും പ്രധാനമന്ത്രി പ്രസംഗം കൊണ്ടു പോയില്ല.

ദേശീയപാത66 ആറുവരിപ്പാതയാക്കുന്നതിനു മാത്രം 55,000 കോടിയുടെ കേന്ദ്രസഹായം ലഭിക്കും. സംരംഭക വികസനത്തിനായി ഈട് നൽകാതെ തന്നെ 70,000 കോടി രൂപയുടെ മുദ്ര വായ്പ ഇതിനകം കേരളത്തിനു ലഭിച്ചു. ഇതിൽ വലിയ പങ്കും വിനോദസഞ്ചാര മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനമാണു നരേന്ദ്ര മോദി നിർവഹിച്ചത്. ഒന്നാം ഘട്ടത്തിലെ പേട്ട മുതൽ തൃപ്പൂണിത്തുറ എസ്എൻ ജംക്ഷൻ വരെയുള്ള സർവീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്റെയും നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, കുറുപ്പന്തറ - കോട്ടയം - ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം - പുനലൂർ പാത വൈദ്യുതീകരണവും നാടിനു സമർപ്പിച്ചു. കോട്ടയത്തുനിന്ന് എറണാകുളത്തേക്കും കൊല്ലത്തുനിന്ന് പുനലൂരിലേക്കുള്ള സ്‌പെഷൽ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്നലെ കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും ആദിശങ്കര കീർത്തി സ്തംഭ മണ്ഡപവും പ്രധാനമന്ത്രി സന്ദർശിച്ചു. നെടുമ്പാശേരിയിൽ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

ബിജെപി പരിപാടിയിൽ എല്ലാവർക്കും നമസ്‌കാരം പറഞ്ഞ് പ്രസംഗത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നമസ്‌കാരം ഇവിടെ എത്തിയ എല്ലാവരേയും കാണാൻ അതിയായ സന്തോഷമുണ്ട്. കേരളം സാസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കൊണ്ട് അനുഗ്രഹീതമാണെന്നും എല്ലാവർക്കും ഓണാശംസകളും നേർന്നു. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മലയാളികൾ ഓണം ആഘോഷിക്കുന്ന അവസരത്തിൽ കേരളത്തിലെ വികസന പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണെന്നും മോദി പറഞ്ഞു.

പ്രധാാനന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമ്മാണം നടത്തി വരികയാണ്. ഒരു ലക്ഷത്തോളം വീടുകൾ പൂർത്തിയായി കഴിഞ്ഞു. ആയുഷ്മാൻ പദ്ധതി വഴി കോടികളാണ് ജനങ്ങളുടെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്ന്ത്. കേരളത്തിലും ബിജെപി അധികാരത്തിലെത്തിയാൽ ഇരട്ട എഞ്ചിൻ സർക്കാരാകും, അത് സംസ്ഥാനത്തിന് കരുത്താകും. ആസാദി കാ അമൃത് മഹോത്സവിന്റെ അടിസ്ഥാനത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കി വരികയാണ്.

കേരളത്തിലെ ഗതഗാത സൗകര്യങ്ങൾക്കായി കേന്ദ്ര സർക്കാർ അഭുതപൂർവ്വമായ ശ്രദ്ധയാണ് നൽകുന്നത്. കേരളത്തിലെ ഹൈവേ നിർമ്മാണത്തിനായി 50000 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഗ്രാം സഡ്ക് യോജനയുടെ ഭാഗമായി 3000 കിലോമീറ്റർ റോഡിന്റെ നിർമ്മാണം നടന്നു വരികയാണ്. പിഎം കിസാൻ സമ്മാൻ നിധിയുടെ അടിസ്ഥാനത്തിൽ മൂന്നര ലക്ഷകുടുംബങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ഇത് ആദ്യമായി കൃഷിക്കാരുടേത് പോലെ മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. ജനങ്ങൾക്ക് വീണ്ടും ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കസവ് മുണ്ടും ജുബ്ബയുമണിഞ്ഞ് ഓണാഘോഷത്തിന് അനുയോജ്യമായ വേഷ വിധാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് ബിജെപിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളവും പരിസരവും കാവിയാൽ നിറഞ്ഞിരുന്നു. വാദ്യഘോഷങ്ങളും കൊട്ടും മേളവും കാവടിയും കലാരൂപങ്ങളുമായി ഉജ്ജ്വല സ്വീകരണമാണ് മോദിക്ക് നൽകിയത്. പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം റോഡ് മാർഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പ്രാധനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്.

കാലടി പ്രതീക്ഷയിൽ

ഓണക്കാലത്ത് കേരളത്തിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് നെടുമ്പാശ്ശേരിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞ പ്രധാനമന്ത്രി, ഋഷിപഞ്ചമിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് ആദിശങ്കരനും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയുമൊക്കെ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസനത്തിന്റെ ഡബിൾ എഞ്ചിൻ കേരളത്തിലും വരണമെന്ന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഭാരതത്തെ ആദ്ധ്യാത്മികതയുടെ ഐക്യസൂത്രംകൊണ്ട് കോർത്തിണക്കിയ ആദിശങ്കരന്റെ സംഭാവനകൾ മഹത്തരമാണെന്നും, ആചാര്യൻ ജനിച്ച മണ്ണ് സന്ദർശിക്കാൻ കഴിയുന്നത് സൗഭാഗ്യമായി കരുതുകയാണെന്നും പറഞ്ഞതിനുശേഷമാണ് പ്രധാനമന്ത്രി കാലടിയിലേക്ക് തിരിച്ചത്. അവിടെ ആചാര്യന്റെ അമ്മ ആര്യാംബ അന്ത്യവിശ്രമം കൊള്ളുന്ന ശൃംഗേരി മഠത്തിലും ആദിശങ്കര കീർത്തിസ്തംഭത്തിലും ഏറെനേരം ചെലവഴിച്ചു. കാലടിയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് നിർണായകമായ പ്രാധാന്യമുണ്ട്.

ഇതിനു മുന്നോടിയായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി കാലടിയിലെത്തി സാംസ്‌കാരിക തീർത്ഥാടന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തുകയുണ്ടായി. ഇതൊരു വലിയ തുടക്കമായാണ് ആദിശങ്കരനെയും അദ്വൈത ഭൂമിയെയും പവിത്രമായി കാണുന്നവർ കരുതുന്നത്. ദേശീയ സ്മാരക അഥോറിറ്റി ചെയർമാനും പ്രമുഖ പത്രപ്രവർത്തകനുമായ തരുൺ വിജയും കാലടിയിലെത്തി അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ദേശീയ തീർത്ഥാടന കേന്ദ്രമായി കാലടിയെ പ്രഖ്യാപിച്ച് അതിനനുസൃതമായ വികസന പദ്ധതികൾ കൊണ്ടുവരണമെന്നത് പതിറ്റാണ്ടുകളായി ഉയർന്നു കേൾക്കുന്ന ആവശ്യമാണ്.