ബെംഗളൂരു:കർണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കരികിലേക്ക് യുവാവ് എത്തിയതിൽ സുരക്ഷാ വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.പ്രധാനമന്ത്രിക്ക് മാലയിടാനായി യുവാവ് എത്തിയതിൽ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ അധികൃതർ തള്ളി. ഹുബ്ബള്ളിയിൽ വാഹന റാലിക്കിടെയാണ് ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ പൂമാലയുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്, പ്രധാനമന്ത്രിയുടെ തന്നെ അനുവാദത്തോടെയാണിതെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആൾക്കൂട്ടത്തിൽനിന്ന് അപ്രതീക്ഷിതമായി ഒരാൾ പൂമാലയുമായി ബാരിക്കേഡുകൾ ചാടിക്കടന്ന് സുരക്ഷാ സന്നാഹത്തിനിടയിലൂടെ പ്രധാനമന്ത്രിയുടെ അടുത്തെത്തിയത് സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്, പ്രധാനമന്ത്രിയുടെ അനുവാദത്തോടെയായ് ഇയാൾ അടുത്തെത്തിയതെന്ന വിശദീകരണം.ഹുബ്ബള്ളിയിൽ 29ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നിരുന്നു.

വാഹനത്തിന്റെ ഫുട്‌ബോർഡിൽ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയിൽ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുമ്പോഴാണ്, ബാരിക്കേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി യുവാവ് അദ്ദേഹത്തിന്റെ അരികിലേക്കെത്തിയത്.എന്നാൽ പൂമാല പ്രധാനമന്ത്രിയെ അണിയിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.ഇയാളുടെ കയ്യിൽനിന്ന് ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയ പൂമാല പിന്നീട് പ്രധാനമന്ത്രി കയ്യിൽവാങ്ങി വാഹനത്തിന്റെ ബോണറ്റിൽ വെക്കുകയും ചെയ്തു.

യുവാവ് പ്രധാനമന്ത്രിക്കരികിലേക്ക് എത്തുന്ന വീഡിയോ പഉറത്തുവന്നതോടെ സുരക്ഷാ വീഴ്‌ച്ചയെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നു യുവാവിന്റെ വരവെന്ന വിവരങ്ങൾ പുറത്തുവരുന്നത്.