ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ 45 മണിക്കൂർ ധ്യാനത്തിലിരിക്കുമ്പോൾ, 33 വർഷം മുമ്പുള്ള മോദിയുടെ സന്ദർശന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. നരേന്ദ്ര മോദിയുടെ ഫാൻ പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

1991, ഡിസംബർ 11 ന് ഏകതാ യാത്രയിൽ പങ്കെടുക്കവേയാണ് മോദി വിവേകാനന്ദ പാറയിൽ എത്തിയത്. വിവേകാനന്ദ സ്മാരകത്തിൽ നിന്ന് ആരംഭിച്ച് കശ്മീരിൽ സമാപിച്ച യാത്രയായിരുന്നു ഏകതാ യാത്ര.

ഏകതാ യാത്രയിൽ പങ്കെടുത്ത യാത്രികരയെല്ലാം ചിത്രത്തിൽ കാണാം. നരേന്ദ്ര മോദി, ഡോ. മുരളി ജോഷി എന്നീ പ്രമുഖ നേതാക്കൾ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പ്രണാമം അർപ്പിക്കുന്നത് കാണാം. 1991 ഡിസംബറിൽ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഏകതാ യാത്ര 1992 ജനുവരി 26 ന് ശ്രീനഗറിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് പൂർത്തിയായത്.

മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. അന്ന് ബിജെപി പ്രവർത്തകനായിരുന്ന മോദി യാത്രയിൽ സുപ്രധാന പങ്കു വഹിച്ചു. തീവ്രവാദ-മൗലികവാദ ശക്തികൾക്ക് എതിരെ ഇന്ത്യ ഒറ്റക്കെട്ടായി പൊരുതുമെന്ന ശക്തമായ സന്ദേശമാണ് ഏകതായാത്രയിലൂടെ അന്താരാഷ്ട്ര സമൂഹത്തിന് നൽകിയത്. രാജ്യത്തെ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന യാത്ര 14 സംസ്ഥാനങ്ങളിലൂടെയും കടന്നുപോയി.

അതേസമയം, വിവേകാനന്ദപ്പാറയിൽ കാവിയുടുത്ത് ധ്യാനനിരതനായി തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ധ്യാനം തുടങ്ങിയത്. സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം 45 മണിക്കൂർ ധ്യാനം ആരംഭിച്ചത്. ചൂട് വെള്ളം മാത്രമാണ് രാത്രി പ്രധാനമന്ത്രി കുടിച്ചത്.

ധ്യാനമണ്ഡപത്തിൽ നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.

പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർത്ഥനയിലേക്ക് കടന്നു. ധ്യാനം കഴിഞ്ഞ് ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക് തിരിക്കും.