- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014 ഒക്ടോബർ 3ന് തുടങ്ങിയ എന്റെ പ്രിയദേശവാസികളേ... എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് മലയാളത്തിലാകുമ്പോവും മോദിയുടെ അതേ ഭാവവും രീതിയും; ചിലപ്പോഴെല്ലാം ഡബിൾ റോൾ; മൻ കി ബാത്ത് മലയാളത്തിലെത്തുമ്പോൾ താരം ചവറക്കാരൻ; മോദിയുടെ മലയാള ശബ്ദമായത് ശ്രീകുമാർ
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് സംഭാഷണത്തിലെ ബഹുഭൂരിഭാഗവും മലയാളത്തിലേക്ക് എത്തിച്ചത് ചവറക്കാരൻ. മോദിയുടെ സംവാദ പരിപാടി വിജയകരമായ നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ അതിൽ എൻപതോളും ലക്കങ്ങൾക്കും മോദിക്ക് ശബ്ദം നല്കി ദൂരദർശനിലൂടെ അവതരിപ്പിച്ചത് ശ്രീകുമാറാണ്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയിൽ ഭാസ്‌കരൻ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളിൽ ഇളയവനാണ് ബി. ശ്രീകുമാർ. പ്രധാനമന്ത്രിയുടെ ശബ്ദത്തിന് മലയാള പരിഭാഷ നല്കിയെങ്കിലും അദ്ദേഹത്തെ അടുത്തു കാണാൻ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നാണ് ശ്രീകുമാറിന്റെ സ്വപ്നം.
2014 ഒക്ടോബർ 3ന് തുടങ്ങിയ എന്റെ പ്രിയദേശവാസികളേ... എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ആദ്യ ഇരുപത്തി അഞ്ച് എപ്പിസോഡുവരെ ഔദ്യോഗികമായി പരിഭാഷ ചെയ്തു നല്കിയത് ശ്രീകുമാർ വായിക്കുകയായിരുന്നു. പിന്നീട് സ്റ്റുഡിയോയിലിരുന്നു തന്നെ സ്പോട്ട് റീഡിങ് ചെയ്ത് സംപ്രേഷണം ചെയ്യാൻ തുടങ്ങി. ദൂരദർശനും ആകാശവാണിയും രണ്ടും രണ്ടായാണ് പരിഭാഷ നടത്തി സംപ്രേഷണം ചെയ്തത്. പിന്നീടാണ് പൊതുവായിട്ട് ഒരു ശബ്ദം മതിയെന്ന് തീരുമാനിച്ചു
11 മണിക്ക് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് 11.30ന് കഴിയുമ്പോൾ ദൂരദർശൻ സ്റ്റുഡിയോയിൽ പ്രധാനമന്ത്രിയുടെ സന്ദേശം അതേ ഭാവത്തിൽ പരിഭാഷപ്പെടുത്തി സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി എപ്പോഴാണോ നിർത്തുന്നത് അപ്പോൾ നിർത്തും. ഡബ്ബിങ് പോലെയാണ് എല്ലാം. മൻ കി ബാത്തിനിടക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തരായവരുമായി പ്രധാനമന്ത്രി ഫോണിലൂടെ സംസാരിക്കും. അപ്പോൾ പ്രധാനമന്ത്രിയുടെ ഭാഷയിലും സംസാരിക്കണം, ഫോണിൽ പ്രധാനമന്ത്രിയോട് സംസാരിക്കുന്നവരുടെ ഭാഷയിലും സംസാരിക്കണം. അങ്ങനെ രണ്ടു റോൾ.
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാമത് എപിസോഡിന് രാജ്ഭവനിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ വിശിഷ്ടാതിഥിയായി ശ്രീകുമാർ പങ്കെടുത്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശിഷ്ട അതിഥിയായി രാജ്ഭവനിലേക്ക് പോകാൻ കഴിഞ്ഞതും വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാർ കരുതുന്നത്. പുതുക്കാട് എൽപിഎസ്‌സിൽ തുടങ്ങി കൊറ്റൻകുളങ്ങര എച്ച്.എസ്, കൊല്ലം ഫാത്തിമ കോളജ്, ശങ്കരമംഗലം ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം.
2009 ലാണ് ശ്രീകുമാർ ദൂരദർശനിൽ എം. പാനൽ വാർത്ത വായനക്കാരനായി എത്തുന്നത്. പിന്നീട് ന്യൂസ് റിപ്പോർട്ട് ചെയ്യാനും തുടങ്ങി. എസ്‌ബിഐ ജീവനക്കാരനാണ് ശ്രീകുമാർ. ബാങ്കിന്റെ പിന്തുണയും യാത്രയിൽ കരുത്താണ്്. പ്രസാർ ഭാരതി അവാർഡ്, പ്രസിഡന്റസ് ട്രോഫി ദൃശ്യമാധ്യമ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അദ്ധ്യാപിക അനു മോഹൻ ആണ് ഭാര്യ.
തിരുവനന്തപുരം ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി ഹൃദ്യാശ്രീകുമാറും കൊല്ലം ലേക്ക് ഫോർഡ് സ്‌ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ഋഷികേശും മക്കളാണ്.
മറുനാടന് മലയാളി ബ്യൂറോ