- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കുമുള്ള ബിജെപി നേതാക്കളുടെ സ്നേഹയാത്ര; ക്രിസ്മസിന് സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലും മോദി പങ്കെടുക്കും; ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി ബിജെപി
ക്രിസ്മസിന് സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തില്‍ മോദി പങ്കെടുക്കും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും ക്രൈസ്തവ സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്ത്രി ജോര്‍ജ് കുര്യന്റെ ഔദ്യോഗിക വസതിയിലെ ക്രിസ്മസ് ആഘോഷത്തില്‍ മോദി പങ്കുചേര്‍ന്നതിന് പുറമേയാണിത്.
ഡിസംബര്‍ 23ന് ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം ആറര മണിക്കാണ് പരിപാടികള്‍. ഇക്കാര്യം സിബിസിഇ സ്ഥിരീകരിച്ചു.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിരുന്നു. ആദ്യമായാണ് സിബിസിഐ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കുചേരുന്നത്.
കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിലെ ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രിക്ക് ഒപ്പം കേരളത്തില്‍ നിന്നുള്ള വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതന്മാര്‍ പങ്കെടുത്തിരുന്നു. ജോര്‍ജ് കുര്യനും കുടുംബവും ചേര്‍ന്നാണ് പ്രധാനമന്ത്രിയെയും മറ്റ് വിശിഷ്ട അതിഥികളെയും സ്വീകരിച്ചത്.
കേരളത്തില്‍ നിന്നുള്‍പ്പെടെയുളള ക്രൈസ്തവ പുരോഹിതരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. ഉണ്ണിയേശുവിന്റെയും പുല്‍ക്കൂടിന്റെയും രൂപത്തിന് മുന്‍പില്‍ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. കരോള്‍ സംഘത്തിന്റെ ഗാനവിരുന്നും ഒരുക്കിയിരുന്നു. ശ്രദ്ധയോടെ പരിപാടി വീക്ഷിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
ഉണ്ണിയേശുവിന്റെ രൂപമാണ് പ്രധാനമന്ത്രിക്ക് ജോര്‍ജ്ജ് കുര്യനും പത്‌നിയും ചേര്‍ന്ന് സമ്മാനിച്ചത്. സീറോ മലബാര്‍സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്ക് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉപഹാരവും നല്‍കി. പരിപാടിയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സിലും പങ്കുവെച്ചു.
കേന്ദ്രമന്ത്രിസഭയില്‍ ഏക ക്രൈസ്തവ പ്രതിനിധിയാണ് ജോര്‍ജ് കുര്യന്‍. കേന്ദ്ര സര്‍ക്കാരും ക്രിസ്ത്യന്‍ സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിന്റെ വേദിയായി ക്രിസ്മസ് ആഘോഷ ചടങ്ങ് മാറി. രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായും മോദി സംവദിച്ചു.
കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കും ബിജെപി നേതാക്കള്‍ സ്നേഹയാത്ര നടത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുക എന്ന ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡല്‍ഹിയില്‍ നടന്ന ക്രിസ്മസ് ആഘോഷവും.