- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'മുഹമ്മദ് ദീപക്കി'ന്റെ ജിമ്മിൽ അംഗത്വമെടുത്ത് ജോൺ ബ്രിട്ടാസ്; കൂടെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആദ്യ 100 പേർക്ക് സൗജന്യ മെമ്പർഷിപ്പ് വാഗ്ദാനം നൽകി സാമൂഹിക പ്രവർത്തകൻ; പിന്തുണച്ച് നടി സ്വര ഭാസ്കർ; ബജ്റംഗ് ദൾ പ്രവർത്തകരിൽ നിന്നും വ്യാപാരിയെ രക്ഷിച്ചതിന് പിന്നാലെ വേട്ടയാടൽ; ആ 'ഹീറോ'ക്ക് രാജ്യമെങ്ങും കൈയടി

കോട്ട്ദ്വാർ: ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ നിന്ന് ഉയർന്നുവന്ന സാഹോദര്യത്തിന്റെ ശബ്ദം ഇന്ന് ഇന്ത്യയൊട്ടാകെ അലയടിക്കുകയാണ്. 71 വയസ്സുകാരനായ മുസ്ലിം വസ്ത്രവ്യാപാരിയെ ബജ്റംഗ് ദൾ പ്രവർത്തകർ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുകയും, തന്റെ പേര് 'മുഹമ്മദ് ദീപക്' എന്ന് പ്രഖ്യാപിക്കുകയും ചെയ്ത ദീപക് കുമാർ എന്ന ജിം ഉടമയ്ക്ക് ഇപ്പോൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് പിന്തുണ പ്രവഹിക്കുകയാണ്. വിദ്വേഷം പടർത്തുന്നവർക്കെതിരെ സധൈര്യം നിലകൊണ്ടതിന് വലിയ വില നൽകേണ്ടി വന്നെങ്കിലും, മതനിരപേക്ഷ ഇന്ത്യ അദ്ദേഹത്തിന് കരുത്തായി കൂടെയുണ്ട്.
പ്രതികാര നടപടികളും പ്രതിസന്ധികളും
ഈ ധീരമായ നിലപാടിന് പിന്നാലെ ദീപക്കിന് നേരിടേണ്ടി വന്നത് വലിയ പ്രത്യാഘാതങ്ങളാണ്. പോലീസ് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനുപുറമെ, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 'ഹൾക്ക്' (Hulk) ജിമ്മിന് നേരെ സാമ്പത്തിക ബഹിഷ്കരണമുണ്ടായി. 150-ഓളം അംഗങ്ങളുണ്ടായിരുന്ന ജിമ്മിൽ ഇപ്പോൾ വെറും 15-20 പേർ മാത്രമാണുള്ളതെന്ന് ട്രെയിനറായ ദീപക് സിംഗ് പറയുന്നു. തുടർച്ചയായ പോലീസ് കാവലും പുറത്തുനിന്നുള്ള ഭീഷണികളും കാരണം അംഗങ്ങൾ വരാൻ ഭയപ്പെടുകയാണ്. ഇതിനിടെ ദീപക്കിന്റെ തലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും പ്രചരിച്ചു.
പ്രവഹിക്കുന്ന പിന്തുണ
ദീപക്കിന്റെ അവസ്ഥ വാർത്തയായതോടെ നിരവധി പ്രമുഖർ അദ്ദേഹത്തിന് പിന്തുണയുമായെത്തി. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് നേരിട്ട് കോട്ട്ദ്വാറിലെത്തി ദീപക്കിനെയും വ്യാപാരി വകീൽ അഹമ്മദിനെയും സന്ദർശിച്ചു. ദീപക്കിന്റെ ജിമ്മിൽ ഒരു വർഷത്തെ അംഗത്വമെടുത്ത അദ്ദേഹം, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിലെ 'പ്രകാശകിരണമാണ്' ദീപക് എന്ന് വിശേഷിപ്പിച്ചു.
സോഷ്യൽ മീഡിയ വഴിയും വലിയ രീതിയിലുള്ള സഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. കുമാറിന് സാമ്പത്തിക സഹായം നൽകുന്നതിനായി അദ്ദേഹത്തിന്റെ ജിമ്മിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് എക്സ് (X), ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്തിയിരിക്കുന്നത്.
ദീപക്കിനെ 'ഇന്ത്യയുടെ ഹീറോ' എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ദീപക് ഭരണഘടനയുടെയും മാനവികതയുടെയും സംരക്ഷകനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "സഹോദരാ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഭയപ്പെടേണ്ട" എന്നും പറഞ്ഞിരുന്നു. നടി സ്വര ഭാസ്കർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജയ്പൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ അവി ദാണ്ടിയ, ജിമ്മിൽ ചേരുന്ന ആദ്യ 100 പേർക്ക് ഒരു മാസത്തെ മെമ്പർഷിപ്പ് സ്പോൺസർ ചെയ്യുമെന്ന് അറിയിച്ചു.
പ്രതീക്ഷ കൈവിടാതെ ദീപക്
താൻ പടുത്തുയർത്തിയ സ്വപ്നങ്ങൾ വിദ്വേഷത്തിന് മുന്നിൽ തകരില്ലെന്ന വിശ്വാസത്തിലാണ് ദീപക്. അംഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും എല്ലാ ദിവസവും സൂര്യോദയത്തിന് മുമ്പ് അദ്ദേഹം ജിമ്മിലെത്തുന്നു. ഉപകരണങ്ങൾ തുടച്ചു വൃത്തിയാക്കി അദ്ദേഹം കാത്തിരിക്കുന്നത് തന്റെ ജിമ്മിലേക്ക് പഴയതുപോലെ ആളുകൾ തിരിച്ചെത്തുന്ന ദിവസത്തിനായാണ്. "എന്റെ രാജ്യം സ്നേഹമാണ് ആഗ്രഹിക്കുന്നത്, വിദ്വേഷമല്ല," എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് ആയിരങ്ങൾക്ക് പ്രചോദനമാണ്.
സംഭവങ്ങളുടെ തുടക്കം
ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് വിവാദങ്ങൾക്ക് ആധാരമായ സംഭവമുണ്ടായത്. കോട്ട്ദ്വാറിൽ വകീൽ അഹമ്മദ് എന്ന 71-കാരൻ നാല് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന 'ബാബ സ്കൂൾ ഡ്രസ്സ് ആൻഡ് മാച്ചിംഗ് സെന്റർ' എന്ന സ്ഥാപനത്തിന് നേരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായെത്തി. 'ബാബ' എന്നത് ഹിന്ദു ദൈവങ്ങളെ സൂചിപ്പിക്കുന്നതാണെന്നും മുസ്ലിം വ്യാപാരി ഈ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു ഇവരുടെ ആവശ്യം.
സ്ഥിതിഗതികൾ സംഘർഷഭരിതമായപ്പോൾ സമീപത്ത് ജിം നടത്തുന്ന ദീപക് കുമാർ ഇടപെട്ടു. വ്യാപാരിയെ മതം പറഞ്ഞ് അധിക്ഷേപിച്ചവരോട് തന്റെ പേര് 'മുഹമ്മദ് ദീപക്' ആണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. "നമ്മളെല്ലാം ഒന്നാണെന്നും വിഭജിക്കാൻ കഴിയില്ലെന്നും അവർക്ക് കാണിച്ചുകൊടുക്കാനാണ് ഞാൻ അങ്ങനെ പറഞ്ഞത്," എന്ന് ദീപക് പിന്നീട് വ്യക്തമാക്കി. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അദ്ദേഹം ദേശീയ ശ്രദ്ധാകേന്ദ്രമായി.
ബജ്‌റംഗ് ദൾ പ്രവർത്തകരെ ധീരമായി നേരിട്ട ദീപക് കുമാർ വധഭീഷണികളും പോലീസ് നടപടികളും നേരിടുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പ്രശംസിക്കുകയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഹീറോ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ദീപകിന്റെ വീടിനും അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനും മുന്നിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ കൊലവിളിയുമായി എത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിന് പിന്നാലെയാണ് പോലീസ് ദീപക്കിനെതിരെ കേസെടുത്തത്.
വിവിധ ഹിന്ദുത്വ പേജുകളിലൂടെ ഇയാൾക്കെതിരെ കൊലവിളിയും ആയുധമെടുക്കാനുള്ള ആഹ്വാനവും ഉയർന്നിരുന്നു. ഡെറാഡൂൺ, ഹരിദ്വാർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്നും സംഘടിച്ചെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ ദീപകിന്റെ വീടിനും അദ്ദേഹം നടത്തുന്ന ജിംനേഷ്യത്തിനും മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബജ്റങ്ദൾ, വി.എച്ച്.പി പ്രവർത്തകരുടെ പരാതിയിൽ ദീപക് കുമാറിനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിയെരും പൊലീസ് കേസെടുത്തിരുന്നു. പ്രവർത്തകരെ ആക്രമിച്ചു, കാലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
എന്നാൽ, പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധവുമുയർന്നു. കാലപം നടത്താൻ ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വ സംഘങ്ങളെ തടഞ്ഞ് മാതൃകയായി രണ്ടു യുവാക്കളെ അഭിനന്ദിക്കുന്നതിനു പകരം കേസ് ചുമത്തി കുറ്റവാളികാളാക്കുന്നത് അന്യായമാണെന്നും, വെറുപ്പിനെതിരെ പോരാടുന്നവരുടെ പ്രതീകമാണ് ഇരുവരുമെന്നും കോൺഗ്രസ് നേതാവ് രുചിറ ചുതുർവേദി രംഗത്തെത്തിയിരുന്നു.


