കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടന്‍ ബാബുരാജ്. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന 'അമ്മ' തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബുരാജ്. അമ്മയുടെ ഭരണ സമിതി വോട്ടെടുപ്പില്‍ 298 പേരാണ് വോട്ട് ചെയ്തത്. 506 പേരാണ് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നത്. മോഹന്‍ലാല്‍ വോട്ട് ചെയ്തു. മമ്മൂട്ടി ആരോഗ്യ പ്രശ്‌നം കാരണം എത്തിയില്ല. എന്നാല്‍ പ്രമുഖ യുവനടന്മാര്‍ പലരും വിട്ടു നിന്നു.

ഇതിനിടെയാണ് ബാബുരാജ് നിലപാട് പ്രഖ്യാപിച്ച് എത്തിയത്. ശ്വേത മേനോന്‍ എന്റെ അടുത്ത സുഹൃത്താണ്. സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണം. ആരാണ് അത്തരമൊരു പരാതിക്ക് പിന്നിലെന്ന് കണ്ടെത്തണം. പരാതിക്ക് പിന്നില്‍ തനിക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ താന്‍ അഭിനയം നിര്‍ത്തുമെന്നും ബാബുരാജ് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് പത്രിക പിന്‍വലിച്ചത്. 'അമ്മ' സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ വരണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

സംഘടനക്ക് അകത്തുള്ള പ്രശ്നങ്ങളെക്കുറിച്ച് സംഘടനയ്ക്ക് അകത്താണ് പറയേണ്ടത്. പറയേണ്ട കാര്യങ്ങള്‍ 'അമ്മ' ജനറല്‍ബോഡിയില്‍ പറയും. തനിക്കെതിരായ ആരോപണങ്ങളില്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്. 'അമ്മ'യ്ക്കൊപ്പം എപ്പോഴും ഉണ്ടാകും. 'അമ്മ' തുടങ്ങിവച്ച നല്ല പ്രവര്‍ത്തികള്‍ ഇനിയും തുടരുമെന്നും നടന്‍ പറഞ്ഞു. 'ആരു ജയിച്ചാലും അവര്‍ക്കൊപ്പം ആണ്. അഡ്ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടു പോയപ്പോള്‍ ഒരു ആരോപണവും ഉണ്ടായിരുന്നില്ല. ഇതിനുശേഷമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. തിരഞ്ഞെടുപ്പിലൂടെ 'അമ്മ'യില്‍ ജനാധിപത്യം കൂടുതലായി എന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. അമ്മ ഒറ്റക്കെട്ടായി മുമ്പോട്ട് പോകുമെന്ന് മോഹന്‍ലാലും പ്രതികരിച്ചു.

ഉച്ചയ്ക്ക് 1ന് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 506 പേരില്‍ 298 പേര്‍ വോട്ട് ചെയ്തു. 58.89 ശതമാനം പോളിങ്. രണ്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നാലുമണിക്കാകും ഔദ്യോഗിക ഫലപ്രഖ്യാപനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലില്‍ രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. സൂപ്പര്‍ താരങ്ങളില്‍ മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയില്ല. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ട് ചെയ്തു. ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അന്‍സിബ ഹസന്‍ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറര്‍ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറല്‍ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മത്സരിക്കുന്നു. രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചതോടെയാണ് അമ്മയില്‍ ചേരിതിരിവ് രൂക്ഷമായത്. ബാബുരാജ് പത്രിക പിന്‍വലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസും ഉയര്‍ന്നുവന്നു.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ശ്വേതയ്ക്ക് പിന്തുണയുമായി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ എത്തി. ബാബുരാജിനെ പിന്തുണയ്ക്കുന്ന എല്ലാവരും വോട്ട് ചെയ്തു. എന്നാല്‍ ശ്വേതയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് വിലയിരുത്തുന്ന യുവനിരയിലെ പ്രമുഖര്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നതാണ് വസ്തുത.