കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടം ആഘോഷിച്ചു മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് പുരസ്‌ക്കരം മോഹന്‍ലാല്‍ ആഘോഷിച്ചത്. തന്റെ പുരസ്‌ക്കാര നേട്ടം മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും പ്രേക്ഷകരും ചേര്‍ന്നാണ് മോഹന്‍ലാല്‍ ഉണ്ടായത്. അവര്‍ക്കെല്ലാം നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

'പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ചാണ് അവാര്‍ഡ് വിവരം അറിയിച്ചത്. സ്വപ്നത്തില്‍പോലും ഇല്ലാത്ത കാര്യമായിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കുള്ള അവാര്‍ഡാണിത്. ഈശ്വരനോട് നന്ദി പറയുന്നു. ഈ അവാര്‍ഡ് വളരെ പ്രത്യേകതയുള്ളതാണ്. ഏത് ജോലിയിലും സത്യസന്ധത കാണിക്കണം, കൃത്യമായി ചെയ്യണം. അതിനായി സഹായിച്ച പല ആളുകളുണ്ട്. അവരുമായി ഞാന്‍ ഈ അവാര്‍ഡ് പങ്കുവയ്ക്കുന്നു. പ്രത്യേക റോളിനായി ആഗ്രഹങ്ങളില്ല. നല്ല സിനിമകള്‍ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. നല്ല റോളുകള്‍ കിട്ടുന്നത് ഭാഗ്യമാണ്. എന്നെ സംബന്ധിച്ച് അത്തരം ഭാഗ്യമുണ്ട്. വലിയ നടന്‍മാരുമായി അഭിനയിക്കാന്‍ കഴിഞ്ഞു. അവരുടെയെല്ലാം അനുഗ്രഹം ഈ അവാര്‍ഡിനു പിന്നിലുണ്ട്. അമ്മയുടെ അടുത്തു പോയി കണ്ടു. അവാര്‍ഡ് ലഭിച്ചതു കാണാന്‍ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ മനസ്സിലാക്കി അനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹവും അവാര്‍ഡിനു പിന്നിലുണ്ട്'.

സിനിമാ രംഗത്തെ വലിയ അവാര്‍ഡാണിത്. എന്റെ 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിക്കുന്ന വലിയ അവാര്‍ഡ്. ജൂറിക്കും കേന്ദ്രസര്‍ക്കാരിനും എന്നെ ഞാനാക്കിയ മലയാള സിനിമയ്ക്കും നന്ദി. മഹാരഥന്‍മാര്‍ സഞ്ചരിച്ച വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത്. മഹാരഥന്‍മാര്‍ക്കാണ് മുന്‍പ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഈ അവാര്‍ഡ് മലയാള സിനിമയ്ക്ക് സമര്‍പിക്കുന്നു. 48 വര്‍ഷമായി സിനിമയില്‍ എന്നോട് സഹകരിച്ച പലരും ഇന്നില്ല. സിനിമാ മേഖലയിലെ എല്ലാ ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്നാണ് മോഹന്‍ലാല്‍ ഉണ്ടായത്. അവര്‍ക്കെല്ലാം നന്ദി പറയുന്നു.

വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ്. സ്വപ്നം കണ്ടിട്ട് കിട്ടിയില്ലെങ്കില്‍ വിഷമമാകും. എനിക്കു കിട്ടുന്ന ജോലി നന്നായി ചെയ്യാന്‍ ശ്രമിക്കും. ഈ ജോലിയല്ലാതെ എനിക്കു മറ്റൊരു ജോലി അറിയില്ല. നല്ല സിനിമകള്‍ ഉണ്ടാകണം. അതിനായുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാകാന്‍ തയാറാണ്. അതാണ് സ്വപ്നം. മുകളിലേക്ക് കയറുമ്പോള്‍ കൂടെനില്‍ക്കുന്നവരെ നോക്കുക. കാര്യം, താഴേയ്ക്ക് ഇറങ്ങുമ്പോഴും അവരുണ്ടാകും, പിന്തുണയ്ക്കാന്‍. അവരെ നോക്കാതെ പോയാല്‍ താഴേക്ക് വരുമ്പോള്‍ ആരും നോക്കില്ല.മോഹന്‍ലാല്‍ പറഞ്ഞു. ദൃശ്യം 3 ചിത്രീകരണം നാളെ തുടഭങ്ങുമമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് മോഹന്‍ലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിനര്‍ഹനായിരുന്നു.

1969 ല്‍ ആരംഭിച്ച ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹന്‍ലാല്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ രാജ്യത്തെ സിനിമാരംഗത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു 2023 ലെ ഫാല്‍ക്കെ പുരസ്‌കാരം. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിനു മുന്‍പു ഫാല്‍ക്കെ പുരസ്‌കാരത്തിന് (2004) അര്‍ഹനായ മലയാളി. 23നു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം സമ്മാനിക്കും.

1978 ല്‍ തിരനോട്ടം എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ മോഹന്‍ലാല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 5 തവണ ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ പത്മശ്രീയും 2019 ല്‍ പത്മഭൂഷനും ലഭിച്ചു. കഴിഞ്ഞ തവണത്തെ ഫാല്‍ക്കെ പുരസ്‌കാര ജേതാവ് മിഥുന്‍ ചക്രവര്‍ത്തി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, സംവിധായകന്‍ അശുതോഷ് ഗവാരിക്കര്‍ എന്നിവരുടെ സമിതിയാണ് ഇക്കുറി പുരസ്‌കാരം നിര്‍ണയിച്ചത്. 10 ലക്ഷം രൂപ, സുവര്‍ണ കമലം എന്നിവ ഉള്‍പ്പെടുന്ന അംഗീകാരം 2023 ലെ ദേശീയ സിനിമാ അവാര്‍ഡിനൊപ്പമാണു സമ്മാനിക്കുന്നത്.