കൊച്ചി: നടന്‍ ശ്രീനിവാസനെ അനുമസ്രിച്ചു നടന്‍ മോഹന്‍ലാല്‍. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

സിനിമ ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതല്‍ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതല്‍ ബന്ധം. അവരുടെ കൂടെയാണ് കൂടുതല്‍ സമയം ശ്രീനി ചെലവഴിക്കാറുള്ളത്. അടുത്തകാലത്ത് അദ്ദേഹത്തെ കാണാന്‍ പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്നു. നടന്‍ എന്ന നിലയില്‍ അല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്.- മോഹന്‌ലാല്‍ പറഞ്ഞു.

സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസന്‍. 'ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്. ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാതത്തുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്.' മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാന്‍ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ ഇന്ന് രാവിലെ അമൃത ആശുപത്രിയിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.

48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു. മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്ന് നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു.

1977ല്‍ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.